Saturday, 23 Nov 2024
AstroG.in

ദാമ്പത്യ ക്ലേശപരിഹാരത്തിനും അതിവേഗം
വിവാഹം നടക്കാനും 12 സോമവാരവ്രതം

മംഗള ഗൗരി
ദീർഘ ദാമ്പത്യം, മംഗല്യസിദ്ധി, ദാമ്പത്യ ക്ലേശപരിഹാരം , പ്രണയ സാഫല്യം, വൈധവ്യദോഷ പരിഹാരം, ചന്ദ്രഗ്രഹ ദോഷമുക്തി എന്നിവയ്ക്കെല്ലാമുള്ള ഉത്തമമായ പരിഹാരമാണ് ഉമാമഹേശ്വര പ്രീതികരമായ തിങ്കളാഴ്ച വ്രതം. വിവാഹതടസങ്ങൾ മാറി അതിവേഗം ഉത്തമ വിവാഹം നടക്കാനും ദാമ്പത്യ കലഹം പരിഹരിക്കാനും ജാതകദോഷങ്ങൾ മാറുന്നതിനും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഉമാമഹേശ്വര ക്ഷേത്ര ദർശനം നടത്തി സ്വയംവരാർച്ചന കഴിപ്പിച്ച് പ്രാർത്ഥിക്കണം. ഒപ്പം സ്വയംവര പാർവ്വതി ധ്യാനവും മന്ത്രവും വ്രത ദിവസം ജപിക്കുകയും വേണം. ദോഷകാഠിന്യമനുസരിച്ച് 12,18, 41 തിങ്കളാഴ്ച ദിവസങ്ങളിൽ തുടർച്ചയായി ഈ വ്രതമനുഷ്ഠിക്കാം. എല്ലാത്തരത്തിലുമുള്ള വൈവാഹിക, ദാമ്പത്യ പ്രശ്നങ്ങൾക്ക് അത്ഭുതകരമായ പരിഹാരം ലഭിക്കുന്ന അത്യുത്തുമായ അനുഷ്ഠാനമാണ് ഇത്.
സതീദേവിയുടെ ദേഹത്യാഗം മൂലം തപസ്സിലേക്ക് ഉൾവലിഞ്ഞ ശ്രീ പരമേശ്വരനെ ഭർത്താവായി കിട്ടാൻ പാർവ്വതി നടത്തിയ വ്രതത്തെ ഓർമ്മിപ്പിക്കുന്നതാണ് തിങ്കളാഴ്ചവ്രതം. സീമന്തിനിയുടെ വൈധവ്യം മാറിയത് ഈ വ്രതാനുഷ്ഠാനത്താലാണ് എന്നും വിശ്വസിക്കുന്നു.

തിങ്കളാഴ്ച നാൾ സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിയരുത്. ശിവക്ഷേത്രദർശനവും പ്രദക്ഷിണവും നിവേദ്യവും നടത്തണം. പഞ്ചാക്ഷര മന്ത്രജപവും പകൽ മുഴുവൻ ഉപവാസവും വ്രതനിഷ്ഠയിൽ അത്യാവശ്യമാണ്. പകൽ ഉറങ്ങാതെ ശിവകഥകൾ വായിച്ച് കഴിയണം. സന്ധ്യക്ക് വീണ്ടും ശിവക്ഷേത്രദർശനവും പ്രദക്ഷിണവും വഴിപാടുകളും നടത്തണം. ഇതാണ് വ്രതവിധി.

ജാതകത്തിൽ ചന്ദ്രന് പക്ഷബലമുള്ളവർ, ചന്ദ്രദശയിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാൽ ദുർഗ്ഗാക്ഷേത്രദർശനം നടത്തണം. ദേവീമാഹാത്മ്യം പാരായണം ചെയ്യണം. വെളുത്ത പൂക്കൾക്കൊണ്ട് ദുർഗ്ഗാദേവിക്ക് അർച്ചന നടത്തണം. ജാതകത്തിൽ ചന്ദ്രന് പക്ഷബലമില്ലാത്തവർ ചന്ദ്രദശയിൽ ഭദ്രകാളി ദർശനം നടത്തേണ്ടതാണ്.

പൗർണ്ണമിയും തിങ്കളാഴ്ചയും ഒന്നിക്കുന്ന ദിവസം ദുർഗ്ഗാക്ഷേത്രദർശനവും അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേർന്നു വരുന്ന ദിവസം ഭദ്രകാളി ക്ഷേത്രദർശനവും നടത്തുന്നത് ചന്ദ്രദോഷശാന്തിക്ക് ഉത്തമമാണ്. രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസം ചന്ദ്രദോഷശാന്തി കർമ്മങ്ങളും സ്വയംവരപൂജയും നടത്തുന്നത് കൂടുതൽ ഫലപ്രാപ്തി നൽകും.

തിങ്കളാഴ്ചയും കറുത്തവാവും ഒത്തുവരുന്ന ദിവസം തിങ്കളാഴ്ച വ്രതമെടുക്കുന്നത് വളരെ നല്ലതാണ്. ഈ കൊല്ലവർഷത്തിൽ രണ്ടു തവണ തിങ്കളാഴ്ചയും കറുത്തവാവും ഒത്തുവരുന്നുണ്ട്. 2023 ഫെബ്രുവരി 20 ന് , 1198 കുംഭം 8, 2023 ജൂലൈ 17 ന് , 1198 കർക്കടകം 1 എന്നീ തീയതികളാണ് ഇപ്രകാരം വിശേഷപ്പെട്ട ദിവസങ്ങൾ. രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഈ കൊല്ലവർഷത്തിൽ രണ്ടു തവണ ഒത്തുവരുന്നുണ്ട്. 2023 ഫെബ്രുവരി 27, 1198 കുംഭം 15, 2023 മാർച്ച് 27, മീനം 13 തീയതികളിലാണ് രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിക്കുന്നത്. 2023 ഫെബ്രുവരി 5, 1198 കുംഭം 22, 2023 മാർച്ച് 27, മീനം 13, 2023 ജൂലൈ 3, 1198 മിഥുനം 18 തീയതികളിലാണ് ഇനി പൗർണ്ണമിയും തിങ്കളാഴ്ചയും ഒന്നിക്കുന്നത്. തിങ്കളാഴ്ചയും കറുത്തവാവും ഒന്നിക്കുന്ന ദിവസത്തിന് അമാസോമവാരം എന്നു പറയുന്നു. നല്ല ഭർത്താവിനെ കിട്ടാനും ഭർത്താവിന്റെ ക്ഷേമത്തിനും ചന്ദ്രദോഷം മാറാനും ഈ ദിവസം തിങ്കളാഴ്ചവ്രതം നോൽക്കുന്നത് വളരെ നല്ലതാണ്.

സ്വയംവര പാർവതി ധ്യാന ശ്ലോകം
ശംഭും ജഗന്മോഹനരൂപ പൂർണ്ണം
വിലോക്യ ലജ്ജ കലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം
സംബിഭ്രതീം അദ്രി സുതാം ഭജേയം
(ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന ഭംഗിയോടെ, പുഞ്ചിരി പൊഴിക്കുന്ന മുഖത്തോടെ, ശിവനെ നോക്കി ലജ്ജയോടെ വിവാഹമാല്യവുമായി നില്‍ക്കുന്ന പാര്‍വ്വതി ദേവിയെ സങ്കല്പിപ്പിച്ചു ഈ ധ്യാന ശ്ലോകം നിത്യവും രാവിലെ കുളിച്ചു ശുദ്ധമായി 3 പ്രാവശ്യം ജപിക്കുക. പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും. കൂടാതെ അളവറ്റ ഐശ്വര്യവും വശ്യശക്തിയും ലഭിക്കും. )

സ്വയംവര പാർവതി മന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ
മുഖഹൃദയം മമ വശം
ആകർഷയഃ ആകർഷയഃ സ്വാഹ

(അത്ഭുത ശക്തിയുള്ള സ്വയംവര പാർവതി മന്ത്രം എന്നും രാവിലെ വെളുത്ത വസ്ത്രം ധരിച്ചു 36 പ്രാവശ്യം വീതം നിലവിളക്ക് കൊളുത്തി വച്ച് ജപിക്കണം. 41 ദിവസം
തുടർച്ചയായി രാവിലെ ജപിക്കുക. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിന് ഇതിലും മികച്ച മറ്റൊരു മന്ത്രമില്ല. ഈ മന്ത്രജപത്താൽ ആഗ്രഹ സാഫല്യം ഉറപ്പാണ്.)

Story Summary: Significance and Benifits of Somavara Vritham

error: Content is protected !!