Tuesday, 26 Nov 2024
AstroG.in

ദാമ്പത്യ ഭദ്രതയ്ക്കും മംഗല്യഭാഗ്യത്തിനും സൗഖ്യത്തിനും ഇതാണ് ഉത്തമ പരിഹാരം

മംഗള ഗൗരി
ശ്രീപരമേശ്വരനെയും ശ്രീ പാര്‍വ്വതിയേയും പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ഠിക്കുന്നത്. ദാമ്പത്യ ഭദ്രതയ്ക്കും മംഗല്യഭാഗ്യം ലഭിക്കുന്നതിനുമാണ് പ്രധാനമായും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ജീവിത പങ്കാളി, പുത്രപൗത്രദികൾ കാരണം സന്തോഷവും സൗഖ്യവും ലഭിക്കുന്നതിനാണ് പലരും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്.

ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം പരിഹാരമാണ്. വ്രതം എടുക്കുന്നവർ രാവിലെ കുളിച്ച് ശുദ്ധമായി ശിവ ക്ഷേത്ര ദർശനം നടത്തണം. അന്ന് ഒരിക്കൽ ആചരിക്കണം. സന്ധ്യയ്ക്ക് കുളിച്ച് ശിവ ക്ഷേത്ര ദർശനം, വഴിപാടുകൾ എന്നിവ ഈ ദിവസം നടത്തണം. ശിവസ്തുതികൾ, മന്ത്രങ്ങൾ ഇവ ജപിക്കാൻ മറക്കരുത്. സോമവാര വ്രതം എന്നും ഇത് അറിയപ്പെടുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ, ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

സ+ ഉമ = ഉമയോട് കൂടിയവൻ = സോമൻ = ശിവനെ ഭജിക്കുക എന്നാണ് അർത്ഥം. സോമൻ എന്നാൽ ചന്ദ്രൻ എന്നും അർത്ഥമുണ്ട്. ശിവൻ തിങ്കൾ കലാധരനുമാണ്. പാർവതി ചന്ദ്രക്കലാധരനെ നേടിയത് സോമവാരം നോറ്റാണ് എന്നും പറയുന്നു. കറുത്തവാവും തിങ്കളാഴ്ചയും ഒന്നിക്കുന്ന ദിവസം അമാ സോമവാരം എന്ന പേരിൽ ഉമാ മഹേശ്വരന്മാർക്ക് വളരെയധികം വിശേഷമാണ്.

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂഡന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ചു കിട്ടി. തിങ്കളാഴ്ചകളിൽ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗല ഭാഗ്യത്തിനും ഉത്തമമായി കരുതുന്നു.

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു. നമഃ ശിവായ ശിവായ നമഃ എന്ന മൂലമന്ത്രത്തെ 108 പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണ്.

Story Summary: Significance Soma Vara Vritham

error: Content is protected !!