ദാമ്പത്യ ഭദ്രത, സന്താന സൗഖ്യം, ജനവശ്യത;
തിരുവാതിര നോറ്റാൽ സർവാനുഗ്രഹം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദാമ്പത്യജീവിത ഭദ്രതയ്ക്കും, ഭർത്തൃക്ഷേമത്തിനും പ്രണയസാഫല്യത്തിനും മനപ്പൊരുത്തം, ഇഷ്ട ജനവശ്യത എന്നിവയ്ക്കും ധനു മാസത്തിലെ തിരുവാതിര വ്രതം
ഉത്തമമാണ്. ഉമയെയും മഹേശ്വരനെയും ഒരേ പോലെ പ്രീതിപ്പെടുത്താൻ കഴിയും എന്നതാണ് ഈ വ്രതത്തിന്റെ മാഹാത്മ്യം. തിരുവാതിരപ്പാട്ടും കൈകൊട്ടിക്കളിയും
ഈ വ്രതത്തിന്റെ ഭാഗമാണ്. തിരുവാതിര നാളിൽ അരിയാഹാരം പാടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ആദ്യമായി ഈ വ്രതം അനുഷ്ഠിച്ചത് ശ്രീപാർവതിയാണ് – ശ്രീ പരമേശ്വരൻ്റ ആയുരാരോഗ്യ സൗഖ്യത്തിനായി. ഭഗവാൻ്റെ ജന്മനക്ഷത്രമാണ് ധനുവിലെ തിരുവാതിര. ശ്രീപരമേശ്വരനും പാർവതി ദേവിയും തമ്മിലുള്ള വിവാഹം നടന്നതും തിരുവാതിര നാളിലാണേത്രേ. ശിവശക്തി സംഗമം നടന്ന ഈ ദിവസം വ്രതമെടുത്താൽ അതിവിശിഷ്ടമായ ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. അതിനാൽ വിവാഹിതകൾ ഭർത്താവിന്റെ ക്ഷേമത്തിനും യശസ്സിനും ദീർഘമാംഗല്യത്തിനും വേണ്ടി ഈ വ്രതം നോൽക്കുന്നു. കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാനും ഉത്തമ ദാമ്പത്യത്തിനും ഇത് അനുഷ്ഠിക്കുന്നു. മകയിരം നാളിലെ വ്രതാനുഷ്ഠാനം സന്താനങ്ങളുടെ ക്ഷേമത്തിനും തിരുവാതിരവ്രതം ദാമ്പത്യ ജീവിതത്തിലെ വിജയത്തിനുമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ദാമ്പത്യബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത അനുദിനം വർദ്ധിക്കുന്ന ഇക്കാലത്ത് തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തിരുവാതിര വ്രതം നോൽക്കുന്നത് സന്തോഷകരമായ കുടുംബ ജീവിതത്തിന് സഹായിക്കും. ധനുവിലെ മാത്രമല്ല എല്ലാ തിരുവാതിരയും വിശേഷമാണ്. ശിവപാർവ്വതി ഭജനമാണ് തിരുവാതിര ആചരണത്തിൽ പ്രധാനം. ലോകനാഥനായ മഹാദേവനെയും ശ്രീപാർവ്വതിയേയും വ്രതത്തോടെ പ്രാർത്ഥിക്കുകയാണ് വേണ്ടത്. ജനുവരി 6-ാം തീയതിയാണ് ഈ വർഷത്തെ തിരുവാതിര ആചരണം. ഉറക്കമൊഴിയുന്നതും പാതിരപ്പൂ ചൂടുന്നതും ഈ ദിവസമാണ്. കന്യകമാരും സുമംഗലികളും ജനുവരി 5 മുതൽ വ്രതം പാലിക്കണം. ജനുവരി 5, 6, 7 തീയതികളിൽ മത്സ്യമാംസാഭക്ഷണം ഉപേക്ഷിച്ച് വ്രതം പാലിക്കുക. ബ്രഹ്മചര്യം പാലിക്കുക, എല്ലാ ദിവസവും ശിവപാർവ്വതിക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. യഥാശക്തി പഞ്ചാക്ഷരിമന്ത്രം ചൊല്ലുക എന്നിവയാണ് വ്രതനിഷ്ഠകൾ. ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരിമന്ത്രം ജപിക്കുന്നതും നല്ലതാണ്. ജനുവരി 6 ന് രാത്രിയാണ് തിരുവാതിര കളിക്കേണ്ടത്. ദേവിദേവന്മാരുടെ കീർത്തനങ്ങൾ പാടി തിരുവാതിര കളിക്കുന്നത് ശിവപാർവ്വതി പ്രീതിക്ക് നല്ലതാണ്.
ജലപാനം പോലും ഒഴിവാക്കിയുള്ള ചിട്ടകളാണ് ഏറ്റവും ഉത്തമം. തിരുവാതിരയുടെ തലേന്നും പിറ്റേ ദിവസവും ഒരിക്കലൂണ് ആകാം. രാവിലെയും വൈകിട്ടും പഴങ്ങൾ, ലഘുഭക്ഷണം ആകാം. തിരുവാതിര ദിവസം ഉപവാസം സാധിക്കാത്തവർക്ക് ഒരിക്കലൂണായി ആചരിക്കാം. പഞ്ചക്ഷരമന്ത്രമാണ് തിരുവാതിരയ്ക്ക് ജപിക്കേണ്ട ഏറ്റവും പ്രധാനമന്ത്രം. അഹോരാത്രം ഓം നമഃ ശിവായ ജപിച്ചു കൊണ്ടിരിക്കുക. 2023 ജനുവരി 5 വ്യാഴാഴ്ച ആരംഭിച്ചാൽ തിരുവാതിരയുടെ പിറ്റേന്ന് ജനുവരി 7 ന് വ്രതം പൂർത്തിയാക്കും വരെ നിരന്തരം മന്ത്രജപം വേണം. ശിവസഹസ്രനാമം, ശിവഅഷ്ടോത്തരം ജപം, ശിവപുരാണ പാരായണം എന്നിവ യഥാശക്തി ചെയ്യാം. ഹാലാസ്യമാഹാത്മ്യം പാരായണം ചെയ്യുന്നതും നല്ലതാണ്. 3 ദിവസം വ്രതം പാലിക്കുന്നത് ഏറ്റവും ഉത്തമം.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655
Story Summary: Significance and Rituals of Thiruvathira Vritham