ദാരിദ്ര്യം മാറാൻ വ്രതം വേണ്ടാത്ത മന്ത്രം
ധനത്തിന്റെ അധിപനാണ് കുബേരൻ. സമ്പദ് സമൃദ്ധിയുടെ ഈശ്വരഭാവം. ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തി. ശിവനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാണ് കുബേരന് സമൃദ്ധി ലഭിച്ചതെന്ന് ഐതിഹ്യം. അതിനാൽ കുബേരനെ പ്രാർത്ഥിക്കുന്നവർ ശിവനെയും തീർച്ചയായും പ്രീതിപ്പെടുത്തണം. അതിനു വേണ്ടി എത്കുബേരമന്ത്രവും ജപിക്കുന്നതിന് മുമ്പ് ഓം നമ:ശിവായ എന്ന പഞ്ചാക്ഷരമന്ത്രം 108 പ്രാവശ്യം ജപിക്കണം. ശിവ ഭഗവാനെ അവഗണിക്കുന്നവർക്ക് കുബേരമന്ത്രങ്ങൾ ഫലിക്കില്ല.
ശുദ്ധിയുള്ള, വൃത്തിയുള്ള, വെളുത്ത വസ്ത്രം ധരിച്ചേ കുബേരമന്ത്രം ജപിക്കാൻ പാടുള്ളൂ. വളരെ വൃത്തിയുള്ള സ്ഥലത്ത് വടക്കുദിക്കിലേക്ക് തിരിഞ്ഞിരുന്നാണ് ജപിക്കേണ്ടത്. പൗർണ്ണമി, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി, ദിവസങ്ങൾ കുബേര പൂജയ്ക്ക് പ്രാധാനമാണ്. ഈ ദിവസങ്ങൾ കുബേര മന്ത്രജപാരംഭത്തിനും ഉത്തമമാണ്.
താഴെ ചേർത്തിരിക്കുന്നതാണ് കുബേരമൂർത്തിയുടെ ധ്യാനശേ്‌ളാകം. എന്നും രാവിലെ കുളിച്ച് പൂജാമുറിയിലിരുന്ന് മനോഹരവും ദിവ്യവുമായ, സ്വർണ്ണരത്ന വിമാനത്തിൽ ഇരിക്കുന്ന കുബേരമൂർത്തി രൂപം നന്നായി മനസിൽ ചിന്തിച്ചുറപ്പിക്കുക. ശേഷം ധ്യാന ശ്ളോകം മൂന്നു പ്രാവശ്യം ജപിക്കുക. കുബേരമൂർത്തിയെ ഇങ്ങനെ ഭക്തിപൂർവ്വം സ്മരിക്കുന്നവർക്ക് അളവറ്റ ധനസമൃദ്ധിയുണ്ടാകും. കടബാധ്യതകൾ, ദാരിദ്ര്യം ഇവ അകലും.
ധ്യാനശേ്‌ളാകം
മനുജവാഹ്യവിമാനവരസ്ഥിതം
ഗരുഡരത്‌നനിഭം നിധിനായകം
ശിവസഖം മകുടാദി വിഭൂഷിതം
വരഗദെ ദധതം ഭജതുന്ദിലം
ദാരിദ്ര്യം മാറാൻവൈശ്രവണ മഹാമന്ത്രം
ദാരിദ്ര്യം മാറുന്നതിന് പ്രത്യേക കുബേര മന്ത്രമുണ്ട്. വൈശ്രവണ മഹാമന്ത്രം എന്നാണ് ഇതിന്റെ പേര്. താഴെ ചേർത്തിരിക്കുന്ന ഈ മന്ത്രം എന്നും 64 പ്രാവശ്യം ജപിക്കണം. ഈ നിഷ്ഠ പിൻതുടരുന്നവരെ ദാരിദ്ര്യം ബാധിക്കില്ല. എത്ര മോശം സാമ്പത്തികാവസ്ഥയിൽ നിൽക്കുന്നവർക്കും ഇതിലൂടെ ധന സമൃദ്ധി നേടി രക്ഷപ്പെടാം. മന്ത്രോപദേശം, വ്രതനിഷ്ഠ എന്നിവ നിർബന്ധമില്ല. നെയ്‌വിളക്ക് കൊളുത്തി വച്ച് പ്രാർത്ഥിക്കണം.
ഓം യക്ഷായ കുബേരായ
വൈശ്രവണായ
ധനധാന്യാധിപതയേ
ധനധാന്യരത്‌നസമൃദ്ധിം മേ
ദേഹി ദദാപയ സ്വാഹാ
ഭാഗ്യലബ്ധിക്ക് കുബേര ഭാഗ്യമന്ത്രം
ഭാഗ്യലബ്ധിക്കുള്ളതാണ് കുബേര ഭാഗ്യമന്ത്രം. ഈ മന്ത്രം 28 പ്രാവശ്യം വീതം നിത്യേന പ്രഭാതത്തിലും വൈകിട്ടും ജപിച്ചാൽ ഭാഗ്യലബ്ധിയുണ്ടാകും. തികഞ്ഞ ഭക്തിയോടും വിശ്വാസത്തോടും നിഷ്ഠയോടും ജപിച്ചാൽ ധന ഭാഗ്യമുണ്ടാകും.
ഓം നമോ ഭഗവതേ
വൈശ്രവണായ
ധനാധിപതയേ ശ്രീം
ശിവഭക്തായ ഐശ്വര്യദായകായ ധനാർജ്ജവ
സ്വരൂപിണേ
ധനദായ ശ്രീം
വിശ്വമോഹായ മോദായ പരമാത്മനേ കുബേരായ നമ:
– പുതുമന മഹേശ്വരൻ നമ്പൂതിരി മൊബൈൽ: +91 094-470-20655