ദാരിദ്ര്യദുഃഖവും ആധിവ്യാധിയും ശമിപ്പിക്കും, ആയൂരാരോഗ്യം തരും യോഗിനി ഏകാദശി
ദേവൻ
മിഥുനമാസത്തിൽ കറുത്തപക്ഷത്തിലാണ് യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യദുഃഖവും തീരാവ്യാധികളും അകറ്റി കഷ്ടപ്പാടുകൾക്ക് ശമനം നൽകുന്ന ഈ വ്രതത്തോടൊപ്പം അന്നദാനം നടത്തുന്നത് ശ്രേയസ്‌കരമാണ്. കുടുംബത്തിൻ്റെ ഐശ്വര്യത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന,
ദശമി, ഏകാദശി, ദ്വാദശി തിഥികളിലായി നീണ്ടു കിടക്കുന്ന ഈ വ്രതം ഇഹലോകത്ത് എല്ലാവിധ ലൗകിക സുഖങ്ങളും പരലോകത്ത് മോക്ഷവും സമ്മാനിക്കും. 2024 ജൂലായ് 2 ചൊവ്വാഴ്ച യോഗിനിഏകാദശിയാണ്. ഒരിക്കലോടെ തലേദിവസം വ്രതം തുടങ്ങണം.
ഏകാദശി ഒരിക്കൽ
2024 ജൂലായ് 1 തിങ്കൾ
ഏകാദശി വ്രതം
2024 ജൂലായ് 2 ചൊവ്വ
ഹരിവാസര സമയം
2024 ജൂലായ് 2 ചൊവ്വാഴ്ച പുലർച്ചെ 3:10 മണി
മുതൽ പകൽ 2:21 മണി വരെ
പാരണസമയം (വ്രതം വീടുന്ന സമയം)
2024 ജൂലായ് 3 ബുധനാഴ്ച രാവിലെ
05:49 മുതൽ 07:10 വരെ
ഏകാദശി തിഥി ആരംഭം
2024 ജൂലായ് 1 തിങ്കൾ രാവിലെ 10:26 മുതൽ
ഏകാദശി തിഥി അവസാനം
2024 ജൂലായ് 2 ചൊവ്വ രാവിലെ 08:42 വരെ
വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു. അന്ന് അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. ചിലർ അരിക്ക് പകരം ഗോതമ്പ് കഞ്ഞി, പായസം, പഴം, പുഴുക്ക് അങ്ങനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല.
മലയാളികളുടെ മുഖ്യ ഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരമെന്ന നിഷ്കർഷത തന്നെ വച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. അന്ന് എണ്ണതേച്ചുള്ള കുളിക്കരുത്. ബ്രഹ്മചര്യം പാലിക്കണം. ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവ്രതം ആചരിക്കുന്നത് നല്ലതാണ്.
ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ ഉപവാസം കഴിയാത്തവർക്ക് ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം.
ഹരിവാസരവേള
ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യ 15 നാഴികയും കൂടിയ 30 നാഴിക,12 മണിക്കൂർ സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശി വ്രതത്തിലെ പ്രധാന ഭാഗമാണ് ഹരിവാസര സമയം. അപ്പോൾ ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്.
ഏകാദശി ദിവസം പ്രഭാത സ്നാനത്തിനു ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കണം. മൂലമന്ത്രമായ ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ വിഷ്ണുഗായത്രി, സുദർശന മാലാമന്ത്രം തുടങ്ങിയവ ജപിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു / അവതാര മൂർത്തികളുടെ ക്ഷേത്രദർശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ കഴിപ്പിക്കുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ വിഷ്ണു ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കണം. വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം അവതാര മൂർത്തികളായ ശ്രീകൃഷ്ണൻ,
ശ്രീരാമൻ, വരാഹമൂർത്തി അഷ്ടോത്തരം, ഭഗവത് ഗീത, നാരായണീയം ഇവ ചൊല്ലുന്നത് / കേൾക്കുന്നത് ഉത്തമം.
തീർത്ഥം സേവിച്ച് പാരണ
ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക. ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് ഉത്തമം. കഴിയാത്തവർക്ക് പതിവ് ഭക്ഷണം കഴിക്കാം. ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരില്ല. വിഷ്ണു പ്രീതിക്കും അതിലൂടെ മോക്ഷത്തിനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കൂ. ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്. ഇവർ സുദർശന മാലാമന്ത്രം 108 തവണ ജപിക്കുന്നത് വളരെ നല്ലതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സുദർശന മാലാമന്ത്രം കേൾക്കാം:
തുളസിപ്രദക്ഷിണം
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും
തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക:
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്ഭുതേ
തുളസീ ത്വം നമാമ്യഹം
ഐതിഹ്യം
ധനേശ്വരനായ കുബേരന്റെ ആസ്ഥാന മന്ദിരമാണ് അളകാപുരി. ഹേമന്‍ എന്നയാളായിരുന്നു അവിടുത്തെ തോട്ടക്കാരന്‍. അയാള്‍ ദിവസവും മാനസസരസില്‍ നിന്നും ശിവപൂജക്ക് പുഷ്പങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഒരു നാൾ ഭാര്യയുടെ കൂടെയായിരുന്നതിനാല്‍ പൂജയ്ക്ക് പുഷ്പങ്ങള്‍ എത്തിക്കാന്‍ താമസിച്ചു. അതിനാല്‍ കുബേരന്റെ ശാപത്താൽ കുഷ്ഠരോഗിയായി. ഹേമന്‍ മാര്‍ക്കണ്ഡേയ മഹര്‍ഷിയോട് തന്റെ സങ്കടം പറഞ്ഞു.
അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് ഹേമന്‍ യോഗിനി ഏകാദശി അനുഷ്ഠിച്ചു തുടങ്ങി. കുറച്ചു കാലങ്ങള്‍ക്ക് ശേഷം രോഗത്തില്‍ നിന്നും മുക്തി നേടാൻ കഴിഞ്ഞു.
Story Summary: Significance of Yogini Ekadashi on month of Edavam/ Midhunam
Copyright 2024 Neramonline.com. All rights reserved