Saturday, 23 Nov 2024
AstroG.in

ദാരിദ്ര്യശമനത്തിന് നെല്ല്; ബിസിനസ്‌ ഉയർച്ചയ്ക്ക് നാണയം വച്ച് തുലാഭാരം

തരവത്ത് ശങ്കരനുണ്ണി

കാര്യസിദ്ധി എളുപ്പം ലഭ്യമാക്കാനുള്ള വഴിപാടുകളിൽ ഒന്നാണ് തുലാഭാരം. ഓരോ ആഗ്രഹസാദ്ധ്യങ്ങൾക്കും വേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ട ദ്രവ്യങ്ങൾ കൊണ്ടാണ് തുലാഭാരം നടത്തേണ്ടത്. അവ ഓരോന്നിനെപ്പറ്റിയും അതിന്റെ ഫലങ്ങളെക്കുറിച്ചും പറയുന്നതിന് മുൻപ് ഈ വഴിപാടിന്റെ ആരംഭത്തെക്കുറിച്ച് മനസിലാക്കാം.

ഭാഗവത പുരാണത്തിലാണ് തുലാഭാരം വഴിപാടിന്റെ ഉൽഭവത്തെപ്പറ്റി പരാമർശമുള്ളത്. ശ്രീകൃഷ്ണ ഭഗവാനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാൻ പത്‌നി രുഗ്മിണീദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയത്. ഭഗവാനിലുളള തന്റെ അവകാശം സ്ഥാപിക്കാൻ മറ്റൊരു പത്നിയായ സത്യമാഭ തുലാഭാര തട്ടിൽ വച്ച രത്‌നങ്ങൾക്കും സ്വർണ്ണത്തിനുമൊന്നും ശ്രീകൃഷ്ണൻ ഇരുന്ന തട്ടിനെ ഉയർത്താനായില്ല. ഭഗവാനും നാരദനുമൊത്ത് കളിച്ച ഒരു കൗശലം ആയിരുന്നു അത്. അതിൽ വീണു പോയാണ് സത്യഭാമ ഇങ്ങനെ ചെയ്തത്. ഒടുവിൽ കുഴപ്പം മനസിലാക്കിയ രുഗ്മിണി ദേവി ഭക്തിയും സമർപ്പണവും മനസ്സിൽ നിറച്ച് ഒരു തുളസി ദളം ഇറുത്ത് തട്ടിൽ വച്ചതും ഭഗവാൻ ഇരുന്ന തട്ട് ഉയർന്നു. ഭക്തിയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ സത്യഭാമയുടെ ഗർവ് ശമിച്ചു. തുലാഭാരത്തിനായി സമർപ്പിക്കുന്ന ദ്രവ്യങ്ങളിലല്ല മനോഭാവത്തിനാണ് ഭഗവാൻ അനുഗ്രഹം ചൊരിയുന്നതെന്ന വലിയ പാഠവും ഈ വഴിപാട് പകർന്നു നൽകി. അതേ തുടർന്ന് ഭഗവത് പ്രീതി നേടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടിൽ ഒന്നായിത്തീർന്നു തുലാഭാരം. ഗുരുവായൂർ ക്ഷേത്രമാണ് തുലാഭാരം വഴിപാടിന് ഏറ്റവും പ്രസിദ്ധം. എല്ലാ ക്ഷേത്രങ്ങളിലും തുലാഭാരം വഴിപാട് നടത്താറുണ്ട്. ഒരോ ദ്രവ്യം കൊണ്ടും നടത്തുന്ന തുലാഭാരത്തിന് ഓരോ ഫലമാണ് :

കർമ്മലാഭം, ആയുസ്‌, ആത്മബലം എന്നിവ നേടാൻ താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തണം.

ദാരിദ്ര്യശമനത്തിന് അവൽ, നെല്ല് ഉത്തമം

ദീർഘായുസിനും മാനസികസമ്മർദ്ദം കുറയ്ക്കാനും മഞ്ചാടിക്കുരുവാണ് വേണ്ടത്

പ്രമേഹരോഗശമനത്തിന് പഞ്ചസാര തുലാഭാരം നല്ലത്.

രോഗ ദുരിതങ്ങൾ മാറാൻ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തണം.

നീർക്കെട്ട് മാറാൻ ഇളനീർ, വെള്ളവും ഉത്തമം.

ഉദരരോഗശമനത്തിന് ശർക്കര, തേൻ എന്നിവ നല്ലത്

വാതരോഗശമനത്തിന് പൂവൻപഴം വേണം

ചിക്കൻപോക്‌സ് ശമനത്തിന് കുരുമുളക് ഉത്തമം

ത്വക്‌രോഗശമനത്തിന് ചേനയാണ് വേണ്ടത്

ബിസിനസ്‌ ഉയർച്ചയ്ക്ക് നാണയങ്ങൾ വച്ച് തുലാഭാരം നടത്തുക.

ഐശ്വര്യ സമൃദ്ധമായ ജീവിതത്തിന് ഉപ്പ് കൊണ്ട് തുലാഭാരം നടത്തുക.

മാനസിക രോഗമുക്തിക്ക് നെല്ലിക്കയും വാളൻപുളിയും വച്ച് തുലാഭാരം നടത്തണം

തരവത്ത് ശങ്കരനുണ്ണി, +91-984 711 8340

Story Summary: Significance and Benefits of Thulabharam Vazhipad

error: Content is protected !!