Sunday, 6 Oct 2024
AstroG.in

ദിവസം ഇങ്ങനെ ലക്ഷ്മി, സരസ്വതി, വിഷ്ണു സ്മരണയോടെ തുടങ്ങിയാൽ ഐശ്വര്യം

ജോതിഷി പ്രഭാ സീന സി.പി

മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവും ആയിരിക്കുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. പുലർച്ചെ മൂന്നരയാണ് ശരിയായ ബ്രാഹ്മമുഹൂർത്തം. സൂര്യോദയത്തിന് 48 മിനിട്ട് മുമ്പു വരെ ബ്രാഹ്മമുഹൂർത്തം ഉണ്ട്. നിത്യവും ഈ സമയത്ത് ഉണരുന്നത് ഐശ്വര്യദായകമാണ്. ഉറക്കം ഉണർന്നാൽ വലതുവശം തിരിഞ്ഞ് എഴുന്നേല്ക്കണം. കിടക്കയിൽ ഒരു നിമിഷം ഇരുന്ന് കൂപ്പു കൈകളോടെ അച്ഛൻ, അമ്മ, ഗുരുനാഥൻ എന്നിവരെ സ്മരിക്കണം. അതിനു ശേഷം ഇരുകൈകളും നിവർത്തി അതിലേക്ക് നോക്കി അഗ്രഭാഗത്തിൽ ലക്ഷ്മി ദേവിയെയും മധ്യത്ത് സരസ്വതിദേവിയെയും അടിയിൽ മഹാവിഷ്ണുവിനെയും സങ്കല്പിച്ച് താഴെ പറയുന്ന സ്തുതി ജപിക്കണം:

കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേതു ഗോവിന്ദാ
പ്രഭാതേ കരദർശനം

ശേഷം കാലുകൾ നിലത്ത് വച്ച് ഇരുകൈകളും തറയിൽ തൊട്ട് സ്വന്തം ശിരസ്സിൽ വയ്ക്കുക, എന്നിട്ട് ജപിക്കുക:

സമുദ്രവസനേ ദേവീ
പർവ്വതസ്തന മണ്ഡലേ
വിഷ്ണുപത്നി നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വമേ

സമുദ്രത്തെ വസ്ത്രമാക്കിയവളും പർവതങ്ങളെ സ്തനങ്ങളാക്കിയവളും മഹാവിഷ്ണുവിന്റെ പത്നിയുമായ അമ്മേ … ഭൂമിദേവി, എന്റെ പാദങ്ങൾ കൊണ്ടുള്ള സ്പർശം ക്ഷമിക്കണമേ എന്നർത്ഥം.

ഭൂമിദേവി അമ്മയ്ക്ക് തുല്യയാണ്. മനുഷ്യന്റെ എല്ലാ തെറ്റുകളും പൊറുക്കുകയും നന്മയിലേക്ക് നയിക്കുകയും നല്ല വഴി കാണിച്ചു തരികയും ചെയ്യുന്നത് അമ്മയാണ്. ആ അമ്മയ്ക്ക് തുല്യമാണ് ഭൂമിദേവി. നമ്മുടെ പാദസ്പർശം അമ്മയുടെ പുറത്തായതിനാൽ അതു മഹാപാപമാണ്. ആ പാപത്തിന് പരിഹാരമായി അമ്മയോട് നമ്മൾ ക്ഷമ ചോദിക്കുകയാണ് ഇതിലൂടെ.

അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു വന്ന് വിളക്കു കൊളുത്തി ഭഗവാനെ തൊഴുത്, മുറ്റത്തിറങ്ങി സൂര്യനെയും തൊഴുതശേഷം നിത്യകർമ്മങ്ങൾ തുടങ്ങാം.

അടുപ്പ് കത്തിക്കും മുമ്പ് മഹാലക്ഷ്മിയെ മനസിൽ ധ്യാനിക്കണം. അതിലൂടെ ജീവിതത്തിലെന്നും അടുപ്പ് കത്തിയ്ക്കാനും ആഹാരം ഉണ്ടാക്കാനും ഭാഗ്യം സിദ്ധിക്കും. പ്രഭാതത്തിലെ അനുഷ്ഠാനങ്ങൾ പോലെ പ്രധാനമാണ് സന്ധ്യാവന്ദനവും, അതും മുടക്കരുത്. സന്ധ്യാസമയത്ത് ഗൃഹത്തിൽ നിലവിളക്ക് കത്തിക്കണം. മുന്നിലേക്കും പിന്നിലേക്കും മഹാവിഷ്ണു, മഹാലക്ഷ്മി സങ്കല്പത്തിൽ രണ്ട് തിരിയിട്ട് കത്തിച്ച് നാമം ജപിക്കണം. അഞ്ചു തിരിയും ശുഭകരമാണ്. കിടക്കും മുൻപ് കൈയും കാലും കഴുകണം. കിടക്കയിൽ വന്ന് ഇരുന്ന് ജപിക്കണം :

കരചരണം കൃതം
കർമ്മജം വാ
ശ്രവണ നയനജം വാ
മാനസം വാപരാധം
വിഹിതമവിഹിതം
വാ സർവമേതത്
ക്ഷമസ്വ ശിവ ശിവ
കരുണാബ്‌ധേ
ശ്രീ മഹാദേവ ശംഭോ

ഇത് ക്ഷമാപണ സ്തോത്രമാണ്. കൈ കൊണ്ടോ കാൽ കൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ, മനസ്സുകൊണ്ടോ അറിഞ്ഞോ അറിയാതെയോ ഈ ദിവസം വരെ ചെയ്ത എല്ലാ അപരാധവും ക്ഷമിക്കണമേ ശ്രീ പരമേശ്വരാ എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.

ജോതിഷി പ്രഭാ സീന സി.പി
+91 9961442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ, Email ID: prabhaseenacp@gmail.com)

Story Summary: Simple rituals of Hinduism for daily practice.

error: Content is protected !!