ദീപാവലിക്ക് പ്രധാനം എണ്ണതേച്ചു കുളി; ദാരിദ്യം മാറാൻ 241 ദീപം തെളിക്കണം
ജ്യോതിഷരത്‌നം വേണു മഹാദേവ്
മധുര പലഹാരങ്ങൾ നൽകിയും ദീപങ്ങൾ തെളിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും വർണ്ണപ്പകിട്ടോടെ ലോകം നരകാസുര നിഗ്രഹത്തിന്റെ ഓർമ്മ പുതുക്കുന്ന പുണ്യ ദിനമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഇതൊരു വ്രതാനുഷ്ഠാനത്തെക്കാൾ ജനകീയ ഉത്സവം ആണ്. കേരളത്തിലെ ഓണം പോലെയാണ് തമിഴകത്ത് ദീപാവലി കൊണ്ടാടുന്നത്. തിന്മയെ വധിച്ച് ധർമ്മം പുന:സ്ഥാപിച്ച ഈ പുണ്യ ദിവസം വ്രതം നോറ്റ് ദീപങ്ങൾ തെളിച്ച് ആചരിക്കുന്നത് എല്ലാ വിധത്തിലുള്ള ഐശ്വര്യത്തിനും ക്ഷേമത്തിനും നല്ലതാണ്. മറ്റ് വ്രതങ്ങൾക്കെല്ലാം എണ്ണതേച്ചു കുളി നിഷിദ്ധമാണെങ്കിൽ ദീപാവലിക്ക് ഇത് നിർബ്ബന്ധമാണ്. ഈ ദിവസം അതി രാവിലെ തന്നെ ഏവരും എണ്ണ തേച്ച് കുളിച്ചിരിക്കണം. ദീപാവലി സ്നാനം എല്ലാ ഐശ്വര്യവും സമ്മാനിക്കും എന്നാണ് വിശ്വാസം.
ദീപാവലിയുടെ ആരംഭത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ടെങ്കിലും ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ആഘോഷമാണ് എന്ന ഐതിഹ്യത്തിനാണ് ഏറ്റവും പ്രചാരം, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ. വടക്കേയിന്ത്യയിൽ ലക്ഷ്മി പ്രധാനമാണ് ദീപാവലി ആഘോഷം. അവിടെ അഞ്ചു ദിവത്തെ പൂജയിലെ ഏറ്റവും പ്രധാന ദിവസമാണ് ലക്ഷ്മീ പൂജ നടക്കുന്ന ദീപാവലി ദിനം. എന്തായാലും ദീപാവലി ആചരിച്ചാൽ ശ്രീകൃഷ്ണന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ലഭിക്കും. തികച്ചും ശാന്തമൂർത്തിയായ ശ്രീകൃഷ്ണനെ ശത്രുസംഹാരഭാവത്തിൽ സങ്കല്പിക്കുന്ന ദിവസവുമാണ് ദീപാലങ്കാരങ്ങളുടെ ഈ ഉത്സവ ദിവസം.
കഴിയുന്നത്ര ദീപങ്ങൾ തെളിച്ചും പടക്കം പൊട്ടിച്ചും ആണ് ദക്ഷിണേന്ത്യ ദീപാവലി ആഘോഷിക്കുന്നത്. ഇതിൽ ദീപാവലി നാളിലെ ദീപം തെളിക്കൽ അലങ്കാരം മാത്രമല്ല അനുഷ്ഠാനം എന്ന രീതിയിലും വളരെ പ്രധാനമാണ്. നിലവിളക്കിലും മൺചിരാതിലും ദീപം തെളിയിക്കാം. ഏറ്റവും കുറഞ്ഞത് ഒരു ദീപമെങ്കിലും കൊളുത്തണം. ഓരോ അഭീഷ്ടസിദ്ധി നേടുന്നതിനും കൊളുത്തേണ്ട ദീപങ്ങളുടെ എണ്ണത്തിന് കണക്കുണ്ട്. ഒരു തിരി കൊളുത്തുന്നതാണ് ഒരു ദീപമായി കണക്കാക്കുന്നത്. ഒരു നിലവിളക്കിൽ 5 ദിക്കിൽ തിരിയിട്ട് കത്തിച്ചാൽ അഞ്ച് ദീപമാകും.
വീടിന് മുന്നിലും പൂജാമുറിയിലും ദീപം തെളിയിക്കുന്ന സ്ഥലം ശുദ്ധമാക്കണം. അതിനു ശേഷമേ ദീപം തെളിക്കാവൂ. ഉദയത്തിന് മുമ്പും അസ്തമയം കഴിഞ്ഞും ആണ് ദീപം തെളിക്കേണ്ടത്. ഓരോ ദീപവും കത്തിക്കുമ്പോൾ ഓം നമോ നാരായണായ ജപിക്കണം. ഇഷ്ടകാര്യസിദ്ധിക്ക് 336 ദീപം, ഐശ്വര്യസിദ്ധിക്ക് 501 ദീപം, ദാരിദ്യം മാറാൻ 241 ദീപം, തൊഴിൽപരമായ ഉന്നതിക്കും വിജയത്തിനും 244 ദീപം, രോഗങ്ങൾ മാറാൻ 78 ദീപം, ദാമ്പത്യകലഹം മാറാൻ 288 ദീപം, പ്രേമസാഫല്യത്തിന് 304 ദീപം, സന്താന ഭാഗ്യത്തിന് 307 ദീപം, വിദ്യാവിജയത്തിന് 64 ദീപം, കലഹങ്ങൾ മാറാൻ 88 ദീപം, വിവാഹതടസം നീങ്ങാൻ 144 ദീപം എന്നിങ്ങനെ ആണ് കണക്ക്. 1008 ദീപം കുടുംബ ഐശ്വര്യത്തിന് നല്ലതാണ്.
ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 9847475559
Story Summary: Significance and Rituals Of Deepawali