Friday, 22 Nov 2024
AstroG.in

ദീപാവലി ഇങ്ങനെ ആചരിച്ചാൽ ഗൃഹത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ശ്രീകൃഷ്ണ ഭഗവാന്റെയും ശ്രീരാമ ദേവന്റെയും ലക്ഷ്മീ ദേവിയുടെയും ഭൂമിദേവിയുടെയും അനുഗ്രഹം ലഭിക്കുന്ന സുദിനമാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയിൽ ആഘോഷിക്കുന്ന ദീപാവലിയെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതിൽ കേരളത്തിൽ പ്രധാനം ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷം എന്ന സങ്കല്പത്തിനാണ്. ഉത്തരേന്ത്യയിൽ ചിലർക്ക് ശ്രീരാമൻ രാവണ നിഗ്രഹം കഴിഞ്ഞ് അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിനമാണ് ദീപാവലി.

ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി ഭക്തരുടെ ഗൃഹങ്ങളിലെത്തി അനുഗ്രഹം ചെരിയുന്ന ദിവസമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദീപാവലി കൊണ്ടാടുന്നത്. നരകാസുര നിഗ്രഹത്തിന് ശ്രീകൃഷ്ണ ഭഗവാനെ അനുഗമിച്ച ഭൂമിദേവിയുടെ അംശമായ പത്നി സത്യഭാമ അളവറ്റ അനുഗ്രഹം വർഷിക്കുന്ന ദിവസമായും ദീപാലിയെ കണക്കാക്കുന്നു.

പാലാഴി മഥനവേളയിൽ ലക്ഷ്മി ദേവി അവതരിച്ച ദിനമായി സങ്കല്പിച്ച് ദീപാവലിക്ക് ലക്ഷ്മിപൂജ നടത്തുന്നവരും ധാരാളമാണ്. ഈ സങ്കല്പ പ്രകാരം ദീപാവലിയുടെ തലേ ദിവസം ധന്വന്തരി പൂജയ്ക്ക് വളരെ വിശേഷമാണ്. എന്നാൽ തൃക്കാർത്തിക നാളിലാണ് ലക്ഷ്മീ ദേവി സമുദ്ര സമുദ്ഭവയായത് എന്ന ഐതിഹ്യത്തിനാണ് കേരളത്തിൽ ഏറെ പ്രചാരം.

സൗമ്യ ദേവനായ ശ്രീകൃഷ്ണനെ ശത്രു സംഹാര ഭാവത്തിലാണ് ദീപാവലി ദിവസം ആരാധിക്കുന്നത്. ശത്രുസംഹാരഭാവത്തിലുള്ള ശ്രീകൃഷ്ണമൂർത്തിയുടെ മന്ത്രജപങ്ങളാലാണ് ഇവിടെ ദീപാവലി ദിവസത്തെ പവിത്രമാകുന്നത്. ഈ വർഷത്തെ ദീപാവലി 2022 ഒക്ടോബർ 24, 1198 തുലാം 7 തിങ്കളാഴ്ചയാണ്. ദീപാവലി വ്രതമെടുക്കുന്നത് ഏറ്റവും പുണ്യകരവും ഇഷ്ട കാര്യസിദ്ധിക്ക് ഉത്തമവുമാണ്. തലേദിവസം അസ്തമയശേഷം വ്രതം തുടങ്ങുക. മത്സ്യമാംസാദികൾ പൂർണ്ണമായും ഉപേക്ഷിക്കുക. അരിയാഹാരം പാടില്ല. ലഘുഭക്ഷണം ആകാം. ആരോഗ്യമുള്ളവർ ദീപാവലി ദിവസം പൂർണ്ണമായും ഉപവസിച്ച് വ്രതമെടുക്കുക. മറ്റുള്ളവർക്ക് ഇളനീർ, പഴങ്ങൾ മുതലായവ കഴിക്കാം. ദീപാവലിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. മൂന്നു ദിവസവും വിഷ്ണുക്ഷേത്രദർശനം നല്ലത്.

ദീപാവലി ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ എണ്ണതേച്ചു കുളിക്കണം. ജലത്തിൽ ഗംഗാദേവിയുടെയും എണ്ണയിൽ ലക്ഷ്മീദേവിയുടെയും ചൈതന്യമുണ്ട് എന്നാണ് സങ്കല്പം. കാര്യതടസം, രോഗം, ദാമ്പത്യക്ലേശം, അകാലമൃത്യുഭയം, ശത്രുദോഷം ഇവ അകറ്റി ദീപാവലി സ്‌നാനം ആഗ്രഹ സിദ്ധിയും ഐശ്വര്യവും നൽകും. ദീപാവലി സ്നാനം കഴിഞ്ഞ് പുതുവസ്ത്രം ധരിക്കണം. ഈ ദിവസം കഴിയുന്നത്ര തവണ ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരമന്ത്രം ജപിക്കണം. ജപം കഴിഞ്ഞ് വിഷ്ണുക്ഷേത്രദർശനം നടത്തണം. ശിരസിൽ തുളസി ധരിക്കണം. മദ്ധ്യാഹ്‌നത്തിൽ ഓം വിഷ്ണവേ നമ: എന്ന മന്ത്രം 3008 പ്രാവശ്യം ജപിക്കണം. സന്ധ്യയ്ക്ക് ഓം നമോ ഭഗവതേ നാരായണായ മധുസൂദനായ നിത്യാത്മനേ ശ്രീം നമ: എന്ന മന്ത്രവും 3008 പ്രാവശ്യം ജപിക്കണം. സന്ധ്യയ്ക്ക് ഗൃഹത്തിൽ പരമാവധി ദീപങ്ങൾ തെളിച്ച് പ്രാർത്ഥിക്കുക. വിഷ്ണുഭഗവാന് അഷ്‌ടോത്തരശതം, സഹസ്രനാമം, സ്‌തോത്രങ്ങൾ എന്നിവ യഥാശക്തി ജപിക്കണം. മധുരം വിതരണം ചെയ്തും ദീപം തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്ന ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക വ്യത്യാസം കൂടുതലുണ്ട്. അത് എന്തായാലും രാജ്യമെമ്പാടും ഒരുപോലെ കൊണ്ടാടുന്ന മഹോത്സവമാണിത്. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ച് ദിവസം വരെ ആചരിക്കാറുണ്ട്. ദക്ഷിണേന്ത്യയിൽ ദീപാവലി ആചരിക്കുന്നത് ഒരു ദിവസമാണ്. നരകചതുർദ്ദശി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ശ്രീകൃഷ്ണൻ പരമ ദ്രോഹിയായ നരകാസുരനെ വധിച്ച് 16000 കന്യകമാരെ കാരാഗ്രഹത്തിൽ നിന്നും മോചിപ്പിച്ച പുണ്യദിനത്തിന്റെ ഓർമ്മ ഉണർത്തുന്ന ദീപോത്സവമായ ദീപാവലി, മനുഷ്യരിൽ കുടികൊള്ളുന്ന തിന്മ എന്ന അന്ധകാരത്തെ നിഗ്രഹിച്ച് നന്മയുടെ പ്രകാശത്തിലേക്ക് നയിക്കുക എന്ന സന്ദേശവും നൽകുന്നു.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Deepawali Significance And Rituals

error: Content is protected !!