Sunday, 24 Nov 2024
AstroG.in

ദീപാവലി നാളിലെ ലക്ഷ്മീപൂജ ധനവും ഭാഗ്യവും 21 പൂജ ചെയ്യുന്ന ഫലവും തരും

ജോതിഷരത്നം വേണുമഹാദേവ്

ധനം, അഭിവൃദ്ധി, ഐശ്വര്യം, ഭാഗ്യം എന്നിവയുടെ ദേവതയായ മഹാലക്ഷ്മിയെ ആരാധിക്കാൻ ഏറ്റവും നല്ല ദിവസമാണ് ദീപാവലി. കാർത്തികമാസത്തിലെ അമാവാസി ദിവസം ലക്ഷ്മീ വ്രതമെടുത്ത് ലക്ഷ്മീപൂജ നടത്തുന്ന ഭക്തരുടെ ഗൃഹത്തിൽ സമ്പൽ സമൃദ്ധിയുടെ അനുഗ്രഹ വർഷവുമായി ദേവി നേരിട്ട് എത്തുന്നു എന്നാണ് വിശ്വാസം. ഉത്തരേന്ത്യയിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി മഹോത്സവത്തിന്റെ മൂന്നാം ദിവസമായ കാർത്തിക അമാവാസി നാളിലാണ് ലക്ഷ്മീ പൂജ നടക്കുന്നത്. ഈ ദിവസം വ്രതമെടുക്കുന്നതിന് പുറമെ വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും ദീപങ്ങൾ തെളിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഭക്തർ ഐശ്വര്യ ദേവതയെ വരവേൽക്കുന്നു. ഈ ഗൃഹ സന്ദർശനവേളയിൽ ലക്ഷ്മീദേവി എത്രയധികം തൃപ്തയാകുന്നുവോ അത്രയധികം അനുഗ്രഹം ലഭിക്കും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്.

വൃത്തിയും ശുദ്ധിയും ഉള്ള സ്ഥലങ്ങളിൽ മാത്രം നിൽക്കുന്ന ദേവിയാണ് ലക്ഷ്മി. അതിനാൽ ഏറ്റവും ശുദ്ധമായും ഭംഗിയായും സൂക്ഷിക്കുന്ന വീട്ടിൽ ദേവി ആദ്യമെത്തി അനുഗ്രഹം ചെരിയുമത്രേ. ദീപാവലി നാളിലെ ലക്ഷ്മീപൂജയിൽ ദേവതകളെ ഉപാസിക്കുന്നു. എല്ലാ വിനകളും വിഘ്നങ്ങളും അകറ്റുന്ന ഗണപതിയെയും മഹാലക്ഷ്മിയെയും സരസ്വതിയെയും കാളിയെയും സമ്പത്തിന്റെ അധിപനായ കുബേരനെയും ആണ് ആരാധിക്കുന്നത്. ലക്ഷ്മീപൂജയിലെ ഏറ്റവും പ്രധാന സമയം അമാവാസി സന്ധ്യയാണ്. ഈ പൂജ കഴിഞ്ഞാൽ ഉത്തരേന്ത്യയിൽ ആളുകൾ വീടിന് പുറത്തിറങ്ങി ആഘോഷത്തിമിർപ്പിൽ മുഴുകും. ദീപാവലി ദിവസം വ്രതമെടുത്താൽ മറ്റ് വ്രതങ്ങൾ 21 തവണ അനുഷ്ഠിക്കുന്നതിന്റെ അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. ദൗർഭാഗ്യങ്ങൾ അകറ്റി ധനവും ഐശ്വര്യവും സന്തോഷവും അഭിവൃദ്ധിയും തരും ലക്ഷ്മീപൂജ. രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. തുടർന്ന് മഹാലക്ഷ്മിയുടെ ചിത്രം മുല്ല, പിച്ചി തുടങ്ങിയ വെളുത്ത പൂക്കളുടെ മാലകൾ കൊണ്ട് അലങ്കരിക്കണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കർപ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവയും നാണയങ്ങളും സമര്‍പ്പിച്ച് മഹാലക്ഷ്മി സ്ത്രോത്രം ജപിച്ച് മൂന്നു പ്രാവശ്യം ദേവിയെ വണങ്ങണം. ദീപാവലി ദിവസം തുടങ്ങി 21 വെള്ളിയാഴ്ച മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് വ്രതം നോറ്റ് മഹാലക്ഷ്മിദേവിയെ വണങ്ങിയാല്‍ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും.

2021 നവംബർ 4 വ്യാഴാഴ്ചയാണ് ഇത്തവണ ദീപാവലി. ഈ ദിവസവും ഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ചകളിലും പലരും മഹാലക്ഷ്മീ വ്രതമെടുത്ത് ആഗ്രഹസാഫല്യം നേടാറുണ്ട്. പാലാഴിമഥനത്തില്‍ നിന്ന് അവതരിച്ച, ക്ഷീരസാഗരസമുത്ഭവയായ, വിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മി ഐശ്വര്യം, ധനം എന്നിവയുടെ ദേവത മാത്രമല്ല, കാമദേവന്റെ മാതാവുമാണ്. ദേവിയെ എട്ടുവിധത്തില്‍ ഭാവകല്‍പന നല്‍കി ആരാധിക്കുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം.

ക്രിയാശക്തിയുടെ പ്രതീകമാണ് ലക്ഷ്മി. സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്ന് ദേവീഭാഗവതത്തില്‍ വിവരിക്കുന്നു. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്. പാലാഴി മഥനത്തിൽ ദേവി അവതരിച്ചു എന്ന് മറ്റൊരു ഐതിഹ്യം. വരദാഭയ മുദ്രകളും പത്മങ്ങളും ധരിച്ച് പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്ന രൂപസങ്കല്‍പങ്ങളാണ് ദേവിക്ക് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്ര ദിവസം കേരളത്തിൽ ഐശ്വര്യലക്ഷ്മിയെ പ്രത്യേകം പൂജിച്ചുവരുന്നു. ചിങ്ങത്തിലെ കൃഷ്ണാഷ്ടമി ദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലിക്ക് ലക്ഷ്മീപ്രീതി നേടാൻ മഹാലക്ഷ്മ്യഷ്ടകം ഒൻപതു തവണ ജപിക്കണം. ഈ ജപം നിത്യേന ഒരു തവണ പതിവാക്കുന്നത് നല്ലതാണ്, ഐശ്വര്യം എപ്പോഴും കൂടെയുണ്ടാകും.

മഹാലക്ഷ്മി അഷ്ടകം

ധനലക്ഷ്മി
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ

ധാന്യലക്ഷ്മി
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

ശൗര്യലക്ഷ്മി
സിദ്ധിബുദ്ധി പ്രദേ ദേവി
ഭക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ മഹാദേവി
മഹാലക്ഷ്മീ നമോ സ്തുതേ

വിദ്യാലക്ഷ്മി
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മീ നമോ സ്തുതേ

കീർത്തിലക്ഷ്മി
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മീ നമോ സ്തുതേ

ധൈര്യലക്ഷ്മി
സർവ്വജ്‌ഞേസർവവരദേ
സർവദുഷ്ട ഭയങ്കരി
സർവദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

വിജയലക്ഷ്മി
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാത
മഹാലക്ഷ്മി നമോസ്തുതേ

രാജലക്ഷ്മി
ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗൽ സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

ജോതിഷരത്നം വേണുമഹാദേവ്

+91 9847475559

Story Summary: Significance Of Maha Lakshmi Puja On Deepavali and Maha Lakshmi Ashtakam Lyrics


error: Content is protected !!