Friday, 20 Sep 2024
AstroG.in

ദീപാവലി നാൾ വ്രതം നോറ്റ് ലക്ഷ്മിയെ
പൂജിച്ചാൽ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കും

മംഗള ഗൗരി
ദീപങ്ങളുടെ ഉത്സവമായ ദീപാവലി തുലാമാസത്തിലെ ചതുർദ്ദശി ദിവസമാണ് രാജ്യം കൊണ്ടാടുന്നത്. തമിഴ് നാട്ടിലും ഉത്തരരേന്ത്യയിലും അത്യാഘോഷപൂർവം ആചരിക്കുന്ന ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ആഘോഷം എന്ന കഥയാണ് അതിൽ പ്രധാനം.

ശ്രീകൃഷ്ണൻ നരകാസുരന്റെ തടവിൽ കഴിഞ്ഞിരുന്ന 16,000 സ്‌ത്രീകളെയും മോചിപ്പിച്ചു സംരക്ഷണം നൽകിയ ദിവസമായതിനാൽ നരകചതുർദശിയായി ദീപാവലി ദിവസം ആചരിക്കുന്നു എന്നാണ് കരുതുന്നത്. അതിനാലാണ് ഈ ദിവസം ശ്രീകൃഷ്ണ ആരാധനയ്ക്ക് പ്രാധാന്യം കൈവന്നത്. ദീപാവലി ദിവസത്തെ ശ്രീകൃഷ്ണ ആരാധന വളരെ ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം.

വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്നതാണ് മറ്റൊരു ഐതിഹ്യം. അതുകൊണ്ട് ശ്രീരാമക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്.

ഉത്തര ഭാരതത്തിൽ ലക്ഷ്മീപൂജയ്ക്ക് വിശേഷപ്പെട്ട ദിവസമായി ദീപാവലി സങ്കല്പിക്കപ്പെടുന്നു. പാൽക്കടൽ കടഞ്ഞപ്പോൾ അതിൽ നിന്നും മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണ് ദീപാവലി എന്ന വിശ്വാസത്തിലാണ് ഈ ആഘോഷം. അതുകൊണ്ട് തന്നെ ഈ ദിവസം മഹാലക്ഷ്മീ വ്രതമെടുത്ത് ലക്ഷ്മീപൂജ നടത്തുന്നതിന് പറ്റിയ ദിവസമാണ്. വടക്കേ ഇന്ത്യയിൽ വ്യാപാരികൾ ഈ ദിവസം ഐശ്വര്യ സമൃദ്ധിക്കായി ലക്ഷ്മീപൂജയും വഴിപാടുകളും നടത്തുന്നു. പുതിയ പാത്രങ്ങൾ വാങ്ങുക, അയൽക്കാർക്കും വിരുന്നുകാർക്കും മധുര പലഹാരം നൽകുക എന്നിവ ദീപാവലി ആഘോഷ ഭാഗമാണ്.

ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല വ്രതം നോറ്റ് ഐശ്വര്യം നേടാൻ കൂടിയുള്ളതാണ്. ദീപവലി ദിവസം തുടങ്ങി 21 വെള്ളിയാഴ്ച മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് വ്രതം നോറ്റ് ലക്ഷ്മിയെ പൂജിച്ചാൽ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കും. ഒക്ടോബർ 24 തിങ്കളാഴ്ചയാണ് ഇത്തവണ ദീപാവലി.

പാലാഴിമഥനത്തില്‍ നിന്ന് ഉത്ഭവിച്ച മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയായ ലക്ഷ്മി ഐശ്വര്യം, ധനം എന്നിവയുടെ അധിദേവതയാണ്. കാമദേവന്റെ മാതാവായും ക്ഷീരസാഗരസമുത്ഭവയായ ദേവിയെ അറിയപ്പെടുന്നു. ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ചകളിലും പലരും മഹാലക്ഷ്മീ വ്രതമെടുത്ത് ആഗ്രഹസാഫല്യം നേടാറുണ്ട്. വ്രതവിധി ഇങ്ങനെ:

ദീപാവലി ദിവസം രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. തുടർന്ന് മഹാലക്ഷ്മിയുടെ ചിത്രം മുല്ല, പിച്ചി, തുടങ്ങിയ വെളുത്ത പൂക്കളാലുള്ള മാലകൊണ്ട് അലങ്കരിക്കണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കർപ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവയും നാണയങ്ങളും സമര്‍പ്പിച്ച് മഹാലക്ഷ്മി സ്ത്രോത്രം ജപിച്ച് മൂന്നു പ്രാവശ്യം ദേവിയെ വണങ്ങണം. കേരളത്തിലും തമിഴ് നാട്ടിലും ദീപാവലി നാളിലെ തേച്ചു കുളി വളരെ പ്രധാനമാണ്.

ക്രിയാശക്തിയുടെ പ്രതീകമാണ് ശ്രീ മഹാലക്ഷ്മീദേവി. സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടത് ഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ വിവരിക്കുന്നത്. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്. ലക്ഷ്മീദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ് തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള ബ്രഹ്മപുരം ശ്രീ മഹാലക്ഷ്മി ക്ഷേത്രം. പ്രത്യുംഗിരാ ദേവിയാണ് ഇവിടുത്തെ മറ്റൊരു പ്രധാന പ്രതിഷ്ഠ.

മഹാലക്ഷ്മിയെ എട്ടു സങ്കല്പങ്ങളിൽ ആരാധിക്കുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം.

വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് ലക്ഷ്മി ദേവിക്ക് പൊതുവെയുള്ളത്. കന്നിയിലെ മകം നക്ഷത്ര ദിവസം ഐശ്വര്യദേവതയെ വിശേഷാൽ പൂജിച്ചു വരുന്നു. ചിങ്ങമാസത്തിലെ കൃഷ്ണാഷ്ടമി ദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലി ദിവസം ലക്ഷ്മീപ്രീതി നേടാൻ മഹാലക്ഷ്മ്യഷ്ടകം കുറഞ്ഞത് ഒൻപതു തവണ ജപിക്കണം. ഈ ജപം നിത്യേന ഒരു തവണയെങ്കിലും പതിവാക്കുന്നത് വളരെ നല്ലതാണ്, ഐശ്വര്യം കൂടെയുണ്ടാകും.

ശ്രീ മഹാലക്ഷ്മി സ്തോത്രം

ദേവിയ്ക്ക് ഏറെ പ്രിയങ്കരമായ സ്തോത്രമാണിത്. ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ഈ സ്തോത്രം ജപിക്കുക. ദിവസവും ഒരു പ്രാവശ്യമെങ്കിലും ഇത് ജപിക്കുന്നവർക്ക് സാമ്പത്തിക ക്ലേശമുണ്ടാകില്ല.

1
നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ

(മഹാമായയായ മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യർ മാത്രമല്ല ദേവന്‍മാരും വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ നമിക്കുന്നു.)

2
നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സര്‍വ്വ പാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

(ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ, നമിക്കുന്നു . കോലാസുരനെ വധിച്ച ദേവിയെ, ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.)

3
സര്‍വജ്ഞേ സര്‍വ്വ വരദേ
സര്‍വ്വ ദുഷ്ട ഭയങ്കരി
സര്‍വ്വ ദുഖ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

(സര്‍വശക്തയായ ദേവിയെ, അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിയെ, എല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു.)

4
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായിനി
മന്ത്ര മൂര്‍ത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ

(ഭക്തര്‍ക്ക് സിദ്ധിയും ബുദ്ധിയും നല്‍കുന്നത് ദേവിയാണ്. എല്ലാ പുണ്യവും മുക്തിയും നൽകുന്ന മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു)

5
ആദ്യന്ത രഹിതേ ദേവി
ആദിശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ
( ആദിയും അന്തവുമില്ലാത്തതാണ് ദേവി. ഈ പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തിയാണ് ദേവി. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട ദേവി അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെെയുള്ള മഹാലക്ഷ്മി ദേവിയെ എപ്പോഴും നമിക്കുന്നു.)

6
സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

(ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്ന ദേവി, മഹാശക്തിയും എല്ലാ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണക്കാരിയും ദേവിയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എപ്പോഴും നമിക്കുന്നു.)

7
പത്മാസന-സ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ

(താമരപൂവില്‍ ഇരിക്കുന്ന ദേവി പരബ്രഹ്മത്തിന്റെ അവതാരമാണ്. ദേവി മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. അങ്ങനെയുള്ള മഹാലക്ഷ്മിയെ
എപ്പോഴും നമിക്കുന്നു.)

8
ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ

( ശുഭ്ര വസ്ത്രം ധരിച്ച് രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയായ ദേവി ലോകമെങ്ങും വ്യാപിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ സദാ നമിക്കുന്നു.)

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
യഃ പഠദ് ഭക്തിമാന്‍ നരഃ
സര്‍വ്വസിദ്ധി മവാപ്നോതി
രജ്യം പ്രാപ്നോതിസര്‍വ്വദാ

(ശ്രീ മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന ആർക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് കരഗതമാകും )

Story Summary: Significance and Myths behind Deepavali and Benefits of Lakshmi Pooja


error: Content is protected !!