Sunday, 6 Oct 2024
AstroG.in

ദീപാവലി, ശബരിമല തീർത്ഥാടന ആരംഭം, സക്ന്ദഷഷ്ഠി ; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

(2023 നവംബർ 12 – 18 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

2023 നവംബർ 12 ന് ചോതിനക്ഷത്രത്തിൽ ചതുർദ്ദശി തിഥിയിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ ദീപാവലി, ശബരിമല തീർത്ഥാടന ആരംഭം, സക്ന്ദഷഷ്ഠി, വൃശ്ചിക സൂര്യസംക്രമം, ഓച്ചിറ പന്ത്രണ്ട് വിളക്കാരംഭം എന്നിവയാണ്. രാജ്യമെങ്ങും ആഘോഷിക്കുന്ന ദീപാവലി ഞായറാഴ്ചയാണ്. ശ്രീകൃഷ്ണനെയും മഹാലക്ഷ്മിയെയും ശ്രീരാമനെയും ഭൂമിദേവിയെയും ഒരോരോ കൂട്ടർ ആരാധിക്കുന്ന ആഘോഷത്തിനും ആരാധനയ്ക്കും ഒരേ പ്രാധാന്യമുള്ള ദീപാവലി നരകാസുരവധവുമായി ബന്ധപ്പെട്ട് നരക ചതുർദ്ദശി എന്ന പേരിലും അറിയപ്പെടുന്നു. പിതൃപ്രീതിക്ക് ഉത്തമമായ തുലാവാവ് തിങ്കളാഴ്ചയാണ്. അന്ന് മുതൽ തന്നെ 6 ദിവസത്തെ സ്കന്ദ ഷഷ്ഠി വ്രതം ആരംഭിക്കാം. 2023 നവംബർ 17 വെള്ളിയാഴ്ച തുടങ്ങുന്ന രാത്രി 1:21 മണിക്ക് ധനുക്കൂറിൽ മൂലം നക്ഷത്രം നാലാം പാദത്തിൽ വൃശ്ചിക സൂര്യസംക്രമം നടക്കും. നവംബർ 16 ന് വൈകിട്ട് ശബരിമല നട തുറക്കുന്നതിനെ തുടർന്ന് അടുത്ത ദിവസം, വൃശ്ചികപ്പുലരിയിൽ മണ്ഡലകാല മഹോത്സവം ആരംഭിക്കും. ശനി ദോഷം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിന് ഏറ്റവും ഉത്തമമാണ് മണ്ഡലകാലത്തെ അയ്യപ്പ ഉപാസന. നവംബർ 18 ശനിയാഴ്ചയാണ് സക്ന്ദഷഷ്ഠി. ഈ വ്രതമെടുക്കുന്നവർ നവംബർ 13 മുതൽ ഷഷ്ഠി വരെ വ്രതം ആരംഭിക്കുന്നത് ഏറ്റവും നല്ലതാണ്. അതിന് കഴിയാത്തവർക്ക് പഞ്ചമി, ഷഷ്ഠി ദിനങ്ങളിൽ വ്രതമെടുത്ത് അഭീഷ്ടസിദ്ധി നേടാം. പൂർണ്ണ ഉപവാസത്തിന് കഴിയാത്തവർക്ക് അരി ഭക്ഷണം, മത്സ്യമാംസാദികൾ ഇവ ഒഴിവാക്കി ബ്രഹ്മചര്യം പാലിച്ച് വ്രതം നോൽക്കാം. സുബ്രഹ്മണ്യ ക്ഷേത്രദർശനം,
സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രജപം, സ്തോത്ര പാരായണം എന്നിവ ഒഴിവാക്കരുത്. അന്ന് മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താൻ കഴിയും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാൻ സാധിക്കും. ഭാഗ്യമുണ്ടാക്കും. പതിവിലും കൂടുതൽ പണം സമ്പാദിക്കും. പക്ഷേ കൈയിൽ നിന്ന് വഴുതിപ്പോകാതെ നോക്കണം. നല്ല ചികിത്സയിലൂടെ കുടുംബാംഗത്തിന്റെ ആരോഗ്യം മെച്ചപ്പെടും. വിനോദയാത്രയ്ക്ക് പോകും. ദാമ്പത്യം, പ്രണയം എന്നിവ കൂടുതൽ ശക്തമാകും. പ്രണയവിവാഹം നടക്കാനും സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. ഭൂമി ക്രയവിക്രയത്തിൽ ലാഭം നേടും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
ഊർജ്ജസ്വലതയും ഊഷ്മളതയും ചുറ്റുമുള്ളവർക്ക് സന്തോഷമേകും. കുടുംബത്തിൽ ചില പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. ചെറിയ കാര്യത്തിന് പോലും ജീവിത പങ്കാളിയെ കളിയാക്കുന്നത് ഒഴിവാക്കണം. രോഗങ്ങളിൽ നിന്നും മുക്തി നേടും. ബിസിനസുകാർക്ക് സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യതയുണ്ട്. മുമ്പ് ചതിച്ചവരെ വിശ്വസിക്കരുത്. പണമിടപാടുകളിൽ നിങ്ങൾ ജാഗ്രത പാലിക്കുക. കലാ – സാഹിത്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. ജോലിയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. നിത്യവും
ഓം ശ്രീം നമഃ 108 തവണ വീതം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)
ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആഗ്രഹങ്ങൾ സാധിക്കും. മക്കൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയും. സുപ്രധാന ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറാകും. പ്രായമായവരും ഗർഭിണികളും ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിക്ഷേപങ്ങൾക്ക് സമയം പതിവിലും അനുയോജ്യമാണ്. ഈശ്വരാനുഗ്രഹത്താൽ കുടുംബ ജീവിതത്തിൽ നിന്ന് നിരവധി പ്രശ്‌നങ്ങൾ ഇല്ലാതാക്കും. ദാമ്പത്യത്തിൽ സമയം വളരെ നല്ലതായിരിക്കും. പ്രണയ ജീവിതത്തിൽ സന്തോഷമുണ്ടാകും. വീട്ടിൽ നിന്ന് അകന്ന് കഴിയുന്നവർക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം ലഭിക്കും. 108 ഉരു ഓം നമോ നാരായണായ ജപിക്കുക.

കര്‍ക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ അടുത്ത ബന്ധുക്കൾ സഹായിക്കും. കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയും. ഒരു ബന്ധുവിന്റെ ഗൃഹത്തിലെ മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഒരു അകന്ന ബന്ധുവിൽ നിന്നും അപ്രതീക്ഷിതമായി നല്ല വാർത്ത കേൾക്കും. കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ സംജാതമാകാൻ സാധ്യതയുണ്ട്. വേണ്ടത്ര പരിചയമില്ലാത്തവരുമായുള്ള ചങ്ങാത്തം ജീവിതത്തിൽ സ്വന്തം ഇച്ഛയ്ക്ക് വിരുദ്ധമായ ചില വലിയ മാറ്റങ്ങൾക്ക് കാരണമാകും. അഭിപ്രായങ്ങൾക്കും പദ്ധതികൾക്കും ജോലിസ്ഥലത്ത് പ്രാധാന്യം ലഭിക്കില്ല. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആർഭാടങ്ങൾ ഒഴിവാക്കണം. പണത്തിന്റെ പ്രാധാന്യം മനസിലാക്കി ചെലവാക്കണം. കുടുംബാംഗത്തിന്റെ സാമ്പത്തികമായ ആവശ്യം നിറവേറ്റാൻ കഴിയതെ വരും. കൂടപ്പിറപ്പുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കും. സമൂഹത്തിൽ നിലയും വിലയും ഉയരും. കുടുംബത്തിലെ ഉത്തരവാദിത്ത്വം ഏറ്റെടുക്കേണ്ടി വരും. ജോലിയിൽ കഴിവുകൾ വർദ്ധിപ്പിക്കാൻ കഠിനമായി പരിശ്രമിക്കും. ജോലി അന്വേഷിക്കുന്നവർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കാം. ഓം നമഃ ശിവായ നിത്യവും 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
ഊർജ്ജസ്വലത പ്രദർശിപ്പിക്കും. പ്രതീക്ഷിക്കാത്ത ലാഭം നേടാൻ സാധ്യതയുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാകും. വീട്ടിലെ അന്തരീക്ഷം മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കും. കുടുംബത്തിന്റെ നന്മയ്ക്കായി, പ്രവർത്തിക്കും. ജീവിതപങ്കാളിയുടെ വികാരങ്ങൾ വിലമതിക്കണം. സംസാരം തർക്കവും കലഹമാകാതെ ശ്രദ്ധിക്കണം. തൊഴിൽ മേഖലയിൽ പുരോഗതി നേടാൻ സാധ്യത കാണുന്നു. ആദ്യം കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ക്രമേണ സാഹചര്യങ്ങൾ അനുകൂലമായി മാറും. ഓം നമോ നാരായണായ എന്നും 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
സങ്കടവും വിഷാദവും സദാ മനസ്സിൽ ഒതുക്കി ജീവിക്കും. സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും.
സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ധാരാളം അവസരം ലഭിക്കും. സുഹൃത്തിന്റെ പെരുമാറ്റം വിചിത്രമായി തോന്നാം. ഇതുമൂലം ചില അസ്വസ്ഥതകൾ അനുഭവപ്പെടും. പങ്കാളിയുടെ സൗഹൃദങ്ങൾ അൽപ്പം വിഷമിപ്പിക്കും. അനാവശ്യ കാര്യങ്ങൾക്ക് ഊർജ്ജവും സമയവും പാഴാക്കും. ഇത് ജോലിയെ ബാധിക്കും. നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ ആർക്കും തന്നെ നൽകരുത്. വെള്ളിയാഴ്ചകളിൽ ലക്ഷ്മി ക്ഷേത്രത്തിൽ
ദർശനം നടത്തണം. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. അതിലൂടെ ഒരു ബന്ധുവിനെ സാമ്പത്തികമായി സഹായിക്കാൻ തീരുമാനിക്കും. ഒരു മംഗള കർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. സന്താനങ്ങൾ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കും. ശമ്പളവർദ്ധനവ് ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ മികച്ച ഫലങ്ങൾക്ക് സാധ്യത. മത്സരപരീക്ഷകളിൽ മികച്ച പ്രകടനത്തിന് സാധിക്കും.
കഠിനാദ്ധ്വാനത്തിന് ഫലമുണ്ടാകും. ദിവസവും 108 തവണ
ഓം ഹം ഹനുമതയേ നമഃ ജപിക്കുന്നത് ഉത്തമമാണ്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
നിക്ഷേപങ്ങൾ അഭിവൃദ്ധിയും സാമ്പത്തിക സുരക്ഷയും നൽകും. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. ക്ഷമാപൂർവം പെരുമാറണം. മനസ്സും ശാന്തമാകുമ്പോൾ മാത്രമേ ശരിയായ മികച്ച തീരുമാനം എടുക്കാൻ കഴിയൂ. ആരോഗ്യവും കർമ്മ ശേഷിയും മെച്ചപ്പെടും. ശത്രുവിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെടുത്തും. സൃഷ്ടിപരമായി ചിന്തിക്കാനും അതിലൂടെ നേട്ടങ്ങൾ കരസ്ഥമാക്കാനും കഴിയും. കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കും. ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വ്യാഴാഴ്ചകളിൽ അന്നദാനം നടത്തുക. എന്നും ഓം നമോ നാരായണായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)
ചിലരെ അന്ധമായി വിശ്വസിച്ച് രഹസ്യമായ വിവരങ്ങൾ പങ്കിടുന്നത് മാനസികമായ സമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാൽ എല്ലാവരോടും എല്ലാക്കാര്യങ്ങളും പറയുന്നത് നല്ലതല്ല എന്ന് തിരിച്ചറിയണം. ചെലവുകൾ ശരിയായ ബജറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം നടത്തിയാൽ പണം ഒരു പരിധിവരെ മിച്ചം പിടിക്കാൻ കഴിയും. ജോലിയിൽ ഏത് സാഹചര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസയും സഹകരണവും കിട്ടും. ആഗ്രഹിക്കുന്ന പ്രമോഷന് സാധ്യതയുണ്ട്. പഠനത്തിൽ മികവ് കാട്ടും. ഓം ശരവണ ഭവഃ 108 തവണ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4 ചതയം, പൂരുരുട്ടാതി 1,2,3)
ആരോഗ്യം നന്നായിരിക്കും. അടിയന്തര കാരണങ്ങളാൽ യാത്ര ചെയ്യേണ്ടി വരും. ഇത് ക്ഷീണവും സമ്മർദ്ദവും വർദ്ധിപ്പിക്കും. പ്രധാനപ്പെട്ട ചില പദ്ധതികൾ നടപ്പാക്കും. ചെയ്യാൻ കഴിയുന്നത് പറയുക. അല്ലെങ്കിൽ പ്രതിച്ഛായ മോശമാകും. ഹൃദയം തുറക്കാൻ പറ്റിയ സമയമല്ല ഇത്. സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബ സംബന്ധമായ ഒരു ഉത്തരവാദിത്തം കാരണം ചില പദ്ധതികൾ തടസ്സപ്പെടാം. ജോലിയിൽ അൽപ്പം ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് അത് പൂർണ്ണമായി മറികടക്കാനാകും. ആശ്വാസമേഖലകളിൽ സ്വയം ഒതുങ്ങിക്കൂടും. ചെറിയ വെല്ലുവിളികൾ പോലും വലുതായി തോന്നാം. ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സമയം വളരെയധികം
മികച്ചതായിരിക്കും. അപകടസാദ്ധ്യതയുള്ള കാര്യങ്ങളിൽ
നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്. പിതാവുമായോ സഹോദരനുമായോ നല്ല ബന്ധം സ്ഥാപിക്കുന്നതിന് ഒരു അവസരം ലഭിക്കും. സന്ധിവേദന, നടുവേദന തുടങ്ങിയവ കാരണം ബുദ്ധിമുട്ടുന്നവർക്ക് നല്ല ആശ്വാസം ഉണ്ടാകും. വിവാഹനിശ്ചയത്തിന് സാധ്യതയുണ്ട്. ആത്മവിശ്വാസം കുറയും. സ്വജനങ്ങളുടെ വാക്കുകൾക്ക് അർഹമായ പ്രാധാന്യം നൽകണം. ജോലിയില്ലാത്തവർക്ക് നല്ല ജോലി കിട്ടും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാനുള്ള സാധ്യത കാണുന്നു. ഓം നമോ നാരായണായ ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Summary: Predictions: This week for you

error: Content is protected !!