Monday, 7 Oct 2024
AstroG.in

ദുഃഖദുരിതങ്ങൾ തരണം ചെയ്യാൻ ഗീതാദിനത്തിൽ പൂജ, പ്രാർത്ഥന

ഭഗവാൻ ശ്രീകൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന് ഗീതോപദേശം നൽകിയ പുണ്യദിവസമാണ് വൃശ്ചികമാസത്തിലെ ഗീതാദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വലിയ പ്രധാന്യത്തോടെയാണ് ഗീതാദിനം ആചരിക്കുന്നത്. ഗുരുവായൂർ ഏകാദശി ദിവസം വരുന്ന ഗീതാദിനം ഇത്തവണ 2021 ഡിസംബർ 14 ചൊവ്വാഴ്ചയാണ്. ജാതകദോഷങ്ങൾ, ശത്രുദോഷം, കഠിനമായ കാലദോഷം തുടങ്ങിവയാൽ സർവ്വകാര്യങ്ങളിലും തടസങ്ങൾ, രോഗപീഢ, മനഃ ക്ലേശം, നാഗ ശാപദോഷം, സന്താനദുരിതം, തുടർച്ചയായ ദുഃഖദുരിതാനുഭവങ്ങൾ എന്നിവ തരണം ചെയ്യാൻ ഗീതാദിനത്തിലെ പൂജയും പ്രാർത്ഥനയും വ്രതാചരണവും നല്ലതാണ്

ഈ ദിവസം ക്ഷേത്രങ്ങളിൽ ഭഗവ്ഗീത പാരായണം നടത്താറുണ്ട്. ഗീതാപ്രഭാഷണങ്ങളും പഠനങ്ങളും പ്രശ്നോത്തരികളും പതിവാണ്. ഏകാദശി, ഗീതാ ദിനാചാരണത്തിനായി 2021
ഡിസംബർ 13 ന് ദശമി നാളിൽ വെളുപ്പിന് 3 മണിക്ക് നിർമ്മാല്യ ദർശനത്തോടെ തുറക്കുന്ന ഗുരുവായൂർ ക്ഷേത്രനട തുടർച്ചയായി 54 മണിക്കൂർ തുറന്നിരിക്കും. ഏകാദശി കഴിഞ്ഞ് ദ്വാദശി നാളിൽ ദ്വാദശിപ്പണ സമർപ്പണ ശേഷം രാവിലെ 9 മണിക്ക് നട അടയ്ക്കും.

ഗീതാദിനം ആചരിക്കുന്നവർ തലേദിവസം മുതൽ വ്രതനിഷ്ഠകൾ പാലിക്കണം. ഉപവാസവ്രതമാണ് അഭികാമ്യം. മത്സ്യ മാംസാദികൾ ത്യജിച്ച് വ്രത നിഷ്ഠകളെല്ലാം പാലിക്കണം. വ്രതദിവസം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസം. നെയ്‌വിളക്ക്, സഹസ്രനാമപുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ നടത്തണം. വ്രതമെടുക്കുന്നവർ പിറ്റേദിവസം ശ്രീകൃഷ്ണസ്വാമി ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് പാരണമിട്ടാം. ഗുരുവായൂരിൽ ഏകാദശി വ്രതവും ഗീതാ ദിനവും നോറ്റ് ദർശനം നടത്തുന്ന ഭക്തര്‍ ദ്വാദശി ദിനത്തില്‍ പണ്ഡിതര്‍ക്ക് ദക്ഷിണ നല്‍കുന്ന ചടങ്ങാണ് ദ്വാദശിപണ സമര്‍പ്പണം. ഇരിങ്ങാലക്കുട, പെരുവനം, ശുകപുരം ഗ്രാമങ്ങളിലെ അഗ്നിഹോത്രികളാണ് ദ്വാദശിപണം സ്വീകരിക്കുക. ദ്വാദശിപണം സമർപ്പിച്ചിൽ നൂറു മടങ്ങ് തിരിച്ചു കിട്ടുമെന്നാണ് വിശ്വാസം. ദ്വാദശിപ്പണ സമര്‍പ്പണ ശേഷം രാവിലെ 9ന് അടയ്ക്കുന്ന ക്ഷേത്രനട ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം വൈകിട്ട് 3.30ന് മാത്രമേ തുറക്കൂ. ക്ഷേത്രനട അടച്ചിരിക്കുന്ന സമയത്ത് വിവാഹം കുട്ടികളുടെ ചോറൂണ്, വഴിപാട് എന്നിവ ഗുരുവായൂരിൽ നടത്തില്ല.

 സി.എസ്.പിള്ള

error: Content is protected !!