Saturday, 23 Nov 2024
AstroG.in

ദു:ഖദുരിതങ്ങൾ തീർക്കാൻ മണ്ഡല കാലത്ത് അയ്യപ്പ ദർശനം

വരുന്ന ഞായറാഴ്ച വൃശ്ചികപ്പുലരിയാണ്. അന്ന് മണ്ഡല, മകരവിളക്ക് മഹോത്സവ കാലം തുടങ്ങും. ശബരിമലയ്ക്ക് പിന്നെ രണ്ടു മാസം ഉറക്കമില്ല. വെള്ളി മേഘങ്ങൾ  മഞ്ഞായി പെയ്തിറങ്ങി മലനിരയാകെ മൂടുമ്പോൾ ഇവിടം ശരണം വിളികളാൽ മുഖരിതമാകും.  കാനനവാസൻ കാത്തരുളുന്ന സന്നിധാനവും ശബരിപീഠവും കരിമലയും നീലിമലയും പമ്പയും നിലയ്ക്കലുമെല്ലാം അടങ്ങുന്ന 18 മലകൾ ചന്ദനവും നെയ്യും കർപ്പൂരവും വിഭൂതിയും പരത്തുന്ന  ദിവ്യസുഗന്ധത്താൽ സാന്ദ്രമാകും. എവിടെ നോക്കിയാലും കറുപ്പുടുത്ത തീർത്ഥാടകർ; അവരുടെ ചുണ്ടിൽ ഒരേ ഒരു മന്ത്രം – ശരണമയ്യപ്പാ. 

ഭക്തജനകോടികളാണ് അയ്യപ്പദർശന സായൂജ്യം തേടി തീർത്ഥാടന കാലത്ത് സന്നിധാനത്തെത്തുന്നത്. വൃശ്ചികപ്പുലരിയുടെ തലേന്നു മുതൽ ഇവരുടെ പ്രവാഹം തുടങ്ങും. അയ്യപ്പ മുദ്ര പതിച്ച മാലയിട്ട്, 41 നാൾ വ്രതം നോറ്റ്, മനസും ശരീരവും ശുദ്ധമാക്കിഎല്ലാം അയ്യപ്പന് സമർപ്പിച്ച്  ശരണം വിളികളോടെയാണ് അവർ കലിയുഗവരദന്റെ തിരുമുന്നിൽ ജീവിതദുരിതങ്ങൾ ഇറക്കിവയ്ക്കാൻ കല്ലും മുള്ളും താണ്ടി, കഠിനമായ ക്ലേശങ്ങൾ സഹിച്ച്മലകയറിയെത്തുന്നത്.  

അഭയം തേടി, ദിവ്യദർശനം കൊതിച്ച് നാടിന്റെ നനാദിക്കിൽ നിന്നും എത്തുന്നവർക്ക്  അനുഗ്രഹമേകാൻ   നവംബർ 16 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരരുടെ  സാന്നിദ്ധ്യത്തിൽ  മേൽശാന്തിയാണ് പൊന്നമ്പലനട തുറക്കുന്നത്. പിന്നെ  ദീപം തെളിച്ച് ഭഗവാനെ ഭക്തരുടെ സാന്നിദ്ധ്യം അറിയിക്കും. നട തുറക്കുമ്പോൾ  ശിരസിൽ ഉത്തരീയം ചുറ്റി, കയ്യിൽ ജപമാലയും കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ്,  യോഗദണ്ഡും പിടിച്ച് ഭസ്മാഭിഷിക്തനായി ചിന്മുദ്രാങ്കിത യോഗസമാധി ഭാവത്തിലായിരിക്കും. അയ്യപ്പൻ. ഈ പുണ്യരൂപം കണ്ടു തൊഴുതാൽ  ആഗ്രഹസാഫല്യമുണ്ടാകും.  നട തുറന്നശേഷം ശ്രീകോവിലിൽ നിന്നു പകരുന്ന ദീപത്താൽ  ആഴി ജ്വലിപ്പിക്കും.

ഫോട്ടോ: ഉണ്ണി ശിവ

തുടർന്ന്  പുതിയ ശബരിമല മേൽശാന്തി തിരുന്നാവായ അരീക്കര മന എ.കെ. സുധീർ നമ്പൂതിരിയും അടുത്ത മാളികപ്പുറം മേൽശാന്തി എം.എസ് പരമേശ്വരൻ നമ്പൂതിരിയും അയ്യപ്പന്റ മുന്നിലെത്തി ദർശനം നേടും.  അതു കഴിഞ്ഞ്  ഭക്തർക്ക്  ദർശനം ലഭിക്കും. 

സന്ധ്യകഴിഞ്ഞാണ് സന്നിധാനത്തും മാളികപ്പുറത്തും തന്ത്രിയുടെ കാർമ്മികത്വത്തിൽ പുതിയ മേൽശാന്തിമാരുടെ അവരോധന ചടങ്ങ്. ഇവർ രണ്ടു പേരും ശബരിമലയിൽ തുലാം ഒന്നു മുതൽ ഭജനമിരുന്ന് പൂജാവിധികളും ആചാരാനുഷ്ഠാനങ്ങളും ഹൃദിസ്ഥമാക്കുകയായിരുന്നു.വൃശ്ചികതലേന്ന് സാധാരണ  പൂജകളൊന്നും സന്നിധാനത്തില്ല. എന്നാൽ ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന വിഭൂതി അന്നും പ്രസാദമായി ഭക്തർക്ക്  നൽകും.ഞായറാഴ്ച വൃശ്ചികമാസപ്പുലരിയിൽ  സന്നിധാനത്തും മാളികപ്പുറത്തും ശ്രീകോവിലുകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്.

വൃശ്ചികം ഒന്നുമുതലുള്ള മണ്ഡല – മകര വിളക്ക് തീർത്ഥാടന കാലത്ത് വ്രതമെടുത്ത് പുണ്യപാപച്ചുമടായ ഇരുമുടിയേന്തി ഭക്തിപൂർവ്വം ശരണം വിളിച്ച് ശബരിമലയിലെത്തി പതിനെട്ടു പടി ചവിട്ടി അയ്യപ്പദർശനം നേടിയാൽ  ശനിദോഷം മാത്രമല്ല മറ്റെല്ലാ  ദോഷങ്ങളും ദുരിതങ്ങളും അകന്ന് മനഃശാന്തിയും ജീവിതസുഖവും  ജന്മമോക്ഷവും ലഭിക്കും. രാവിലെ നടക്കുന്ന അയ്യപ്പ വിഗ്രഹത്തിലെ നെയ് അഭിഷേക ദർശനം ഏറെ പുണ്യപ്രദമാണ്. ഇത് രോഗശമനം, മന:സുഖം, ദുഃഖനിവൃത്തി, കുടുംബസുഖം, ബന്ധുജന സൗഖ്യം, പാപമോചനം, ഗ്രഹദോഷശാന്തി, ഐശ്വര്യലബ്ധി തുടങ്ങിയവ നൽകും. 

ഇപ്പോൾ അഷ്ടമശനി, കണ്ടകശനി, ഏഴര ശനി തുടങ്ങിയവ കഠിന ദോഷണൾ  അനുഭവിക്കുന്നവരും ശനിദശയിലും ശനിയുടെ അപഹാരങ്ങളിൽ പെട്ടുഴലുന്നവരും കലി ദോഷങ്ങൾ അനുഭവിക്കുന്നവരും ഇത്തവണ കലിയുഗവരദനെ ദർശിക്കുന്നത്  ദുരിതമകറ്റാൻ   നല്ലതാണ്. കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, ഉത്രം, അത്തം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, പൂരൂരുട്ടാതി, ഉത്തൃട്ടാതി, രേവതി  എന്നീ 19 നക്ഷത്രക്കാരാണ് ഇപ്പോൾ ഗോചരാൽ ശനിദോഷം നേരിടുന്നത്. 

41 ദിവസമാണ് മണ്ഡലകാലം. മണ്ഡല പൂജയ്ക്ക് ശേഷം അടയ്ക്കുന്ന ശബരിമല നട രണ്ടു മൂന്ന് ദിവസത്തിന് ശേഷം വീണ്ടും തുറക്കും. മകരവിളക്കോടെ ഈ തീർത്ഥാടന കാലം അവസാനിക്കും.

       – പി.എം ബിനുകുമാർ,         +91944769405

error: Content is protected !!