Saturday, 23 Nov 2024
AstroG.in

ദു:ഖവും ദുരിതവും ഭീതിയും അകറ്റാനും ആഗ്രഹ സാഫല്യത്തിനും ചെയ്യേണ്ടത്

മംഗള ഗൗരി
എല്ലാ ദു:ഖങ്ങളും ഭീതികളും അകറ്റുന്നതിന് ഉത്തമ പരിഹാരമാണ് ശിവപൂജ. ജാതകദോഷങ്ങൾ, ദശാസന്ധി ദുരിതങ്ങൾ, ബാധാദോഷങ്ങൾ ഇവ പരിഹരിക്കുന്നതിന് ശിവപ്രീതിയാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. എല്ലാ സംസാരദുഃഖങ്ങളും ഹരിക്കുന്ന ദേവനായാണ് ശിവനെ സങ്കല്പിക്കുന്നത്.

വളരെ ലളിതമാണ് ശിവപൂജ. കഴിവിനൊത്ത വിധം പഞ്ചാക്ഷരി, അഷ്ടോത്തരം തുടങ്ങിയ ശിവ മന്ത്രങ്ങൾ സ്വയം ജപിക്കുക, ശിവക്ഷേത്രത്തിൽ ധാര നടത്തുക, കൂവളത്തില കൊണ്ട് 21 ദിവസം അർച്ചന നടത്തുക, മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, പാൽ, ഇളനീർ അഭിഷേകം കഴിപ്പിക്കുക എന്നിവ വളരെ ഫലപ്രദമാണ്. ദാമ്പത്യദുരിതം, വിവാഹ തടസം എന്നിവ പരിഹരിക്കുന്നതിന് ഉമാമഹേശ്വര പൂജയും തിങ്കളാഴ്ച വ്രത്രവും പിൻവിളക്ക് തെളിക്കലും ഏറെ ഫലപ്രദമാണ്.

ശിവക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ 3 പ്രദക്ഷിണം വേണം. കുളിച്ച് ശുദ്ധമായി ക്ഷേത്രത്തിലെത്തി ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലുള്ള ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകരെ ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി അകത്ത് കടക്കണം. ആദ്യം തൊഴേണ്ടത് മഹാദേവന് മുന്നിലെ നന്തികേശനെയാണ്. തുടർന്ന് ശ്രീകോവിലിന്റെ ഇടത് ഭാഗത്ത് നിന്ന് ഭഗവാനെ കൈകൂപ്പി വണങ്ങണം. വീണ്ടും നന്തിയെ തൊഴുത് ശ്രീകോവിലിന് പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി താഴികക്കുടം നോക്കി തൊഴണം. എന്നിട്ട് നന്തിയുടെ പിന്നിലൂടെ ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി തൊഴുത ശേഷം ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുതിട്ട് വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാകും. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിച്ചാൽ മൂന്ന് പ്രദക്ഷിണമായി. ഇങ്ങനെ ഒരു പ്രദക്ഷിണത്തിൽ നന്തിയെ 4 പ്രാവശ്യവും, ശിവഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം. ഒരു കാരണവശാലും ഓവ് മുറിച്ച് കടക്കരുത്.

ഭഗവാന്റെ പിന്നിൽ പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം. അതിനാലാണ് ദേവിയെ സങ്കൽപ്പിച്ച് പിൻവിളക്ക് കൊളുത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് പൂർണ്ണഫലം ലഭിക്കണമെങ്കിൽ പിൻവിളക്ക് കൂടി നടത്തണം. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ജലധാരയാണ്. നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ. ശിവന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും. ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി. മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കുമെന്നാണ് പ്രമാണം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.

മൂല മന്ത്രം
ഓം നമഃ ശിവായ

ശിവ അഷ്ടോത്തരം കേൾക്കാൻ
https://youtu.be/H-wlRVqPY-M

മൃത്യുഞ്ജയ മന്ത്രം
ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവ്വാരുക മിവ ബന്ധനാത്
മൃത്യോർമുക്ഷീയമാമൃതാത്

Story Summary: Importance and Benefits of Shiva Pooja

Attachments area
Preview YouTube video ശിവ അഷ്ടോത്തരം | Shiva Ashtothram | ആരെയും രക്ഷിക്കുന്ന ശിവ മന്ത്രം | Mantra For Success and Peace

error: Content is protected !!