Wednesday, 13 Nov 2024
AstroG.in

ദുരിതമോചനത്തിന് ചില ഒറ്റമൂലികൾ

സ്വത്തും പണവുമെല്ലാം ഉണ്ടായിട്ടും മനസിന്  ഒരു സുഖവുമില്ല. ഒന്നുകിൽ വീട്ടിൽ ആർക്കെങ്കിലും എന്നും അസുഖങ്ങൾ. അതല്ലെങ്കിൽ കടം എന്തെങ്കിലുമെല്ലാം ഭയം, കലഹം, കേസുകൾ എന്നിവ. മറ്റു തരത്തിലെ കാര്യതടസം , ജോലിയില്ലായ്മ, മംഗല്യദോഷം – പ്രശ്നങ്ങൾ ഒഴിഞ്ഞ ദിവസമില്ല. എന്താണിതിനൊരു പരിഹാരം?  ഏത് ക്ഷേത്രത്തിൽ പോകണം? ഏന്ത് ദോഷപരിഹാര പൂജയാണ് നടത്തേണ്ടത്? എന്ത് വഴിപാടാണ് ചെയ്യേണ്ടത്?  ഒരോരുത്തരും ചിന്തിക്കുന്നതിങ്ങനെയെല്ലാമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ അലട്ടുന്നവരെ  സംഘർഷ മോചനത്തിന് സഹായിച്ചേക്കാവുന്ന ചില ഒറ്റമൂലികൾ: 

കഠിനമായ രോഗം മാറാൻ
കുടുംബാംഗങ്ങൾക്ക്  കഠിനമായ രോഗങ്ങളും അതുകൊണ്ടുള്ള പ്രശ്നങ്ങളും കാരണം ദുരിതം അനുഭവിക്കുന്നവർ ശിവക്ഷേത്രദർശനം പതിവാക്കുക, തിങ്കളാഴ്ച തോറും  ശിവന് ധാര ചെയ്യുക, , കൂവളമാല സമർപ്പിക്കുക. 16 നാണയം ക്ഷേത്ര ഭണ്ഡാരത്തിൽ സമർപ്പിക്കുക. രോഗിയുടെ ജന്മ നാൾതോറും മൃത്യുഞ്ജയഹോമം ചെയ്യുക. രോഗമോചനമുണ്ടാകും. അല്ലെങ്കിൽ വേദനയ്ക്ക് ശമനമുണ്ടാകുകയെങ്കിലും ചെയ്യും. 
ഓം നമഃശിവായ  മന്ത്രം രാവിലെയും വൈകിട്ടും 108 തവണ വീതം നിങ്ങളും രോഗിയും  മനമുരുകി ജപിക്കണം . എല്ലാ ദുഃഖദുരിതങ്ങളിൽ നിന്നും മോചനമേകുന്ന മഹാമന്ത്രമാണിത്. കുറച്ചു ദിവസം ഇത് തുടർച്ചയായി ഏകാഗ്രതയോടെ ചൊല്ലിയാൽ ഒരു പ്രത്യേക ഊർജ്ജം നമ്മിൽ നിറയുന്നത് സ്വയം മനസ്സിലാക്കാൻ കഴിയും. അപാരമായ ശാന്തിയും അനുഭവപ്പെടും. അസുഖം അതികഠിനമാവുമ്പോൾ ധന്വന്തരി , അല്ലെങ്കിൽ ശിവ  ക്ഷേത്രത്തിൽ എള്ളെണ്ണയും 21 നാണയവും സമർപ്പിച്ച്പുഷ്പാജ്ഞലി നടത്തുക.
ഭയവും ഉത്കണ്ഠയും മാറാൻ
ഭദ്രകാളി,  യക്ഷിയമ്മ , ചാമുണ്ഡി, നാഗയക്ഷി സന്നിധികളിൽ പോയി എണ്ണ നൽകിയോ വിളക്കു വച്ചോ തൊഴുക. ആഴ്ചയിൽ ഒരിക്കൽ കഴിയുന്നതും ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ പുഷ്പാഞ്ജലി കഴിപ്പിക്കുക. ഉത്കണ്ഠയും ഭയവും അകലാൻ ഈ രൗദ്രദേവതകൾ അനുഗ്രഹിക്കും.പതിവായി കാണുന്ന  ദു:സ്വപ്ന മോചനത്തിനും ഇത് നല്ലതാണ്.

മരണഭയം മാറാൻ
കാലഭൈരവൻ, കാളഭൈരവൻ, കിരാതമൂർത്തി, ആയിരവല്ലി സന്നിധികളിൽ ദർശനവും കഴിവിനൊത്ത വഴിപാടും നാണയ സമർപ്പണവും ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ പൂജ, മൃത്യുഞ്ജയ ഹോമം, വിഷ്ണു, ശ്രീകൃഷ്ണ സന്നിധിയിൽ സുദർശനപൂജ, ഹോമം എന്നിവയും മരണഭയം മാറാൻ ഉത്തമമാണ്. മനമുരുകി പ്രർത്ഥിയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്. 
ശത്രുഭയം ഒഴിയാൻ
ശത്രുഭയത്തിന് വേട്ടയ്ക്കൊരു മകൻ, ദക്ഷിണാമൂർത്തി, രക്തചാമുണ്ഡി, പ്രത്യുംഗിരാ ദേവി, നരസിംഹമൂർത്തി, ഹനുമാൻ സ്വാമി തുടങ്ങിയ ദേവതകളുടെ ക്ഷേത്ര ദർശനവും വഴിപാടുകളും പ്രാർത്ഥനയും പതിവാക്കുക.   

വിവാഹം, ദാമ്പത്യസൗഖ്യം
വിവാഹം നടക്കുന്നതിനും ദാമ്പത്യ സൗഖ്യത്തിനും സന്താന സൗഭാഗ്യത്തിനും സന്താന ക്ഷേമത്തിനും
ഗുരുവായൂരപ്പന് ചന്ദനം ചാർത്തുക. നെയ്ത്തിരി തെളിക്കുക. വനമാല അണിയിക്കുക, മഞ്ഞപ്പട്ട് സമർപ്പിക്കുക. ശ്രീകൃഷ്ണന് ശർക്കരയും പഞ്ചസാരയും കൽക്കണ്ടവും ചേർത്ത കൂട്ടുപായസം, വഴിപാട് നൽകുക,  തേനും, പാലും സമർപ്പിക്കുക.  താമരദളം പനിനീരിൽ മുക്കി അർച്ചന നടത്തുക. മുരുകന് പഞ്ചാമൃതം നേദിക്കുക, ഷഷ്ഠി വ്രതമെടുക്കുക.  ഇവയെല്ലാം  ഏറ്റവും ഗുണപ്രദമായ കാര്യങ്ങളാണ്. 
   – സി.മണികണ്ഠൻ

error: Content is protected !!