ദുരിതവും ദാരിദ്ര്യദുഃഖവും തീർക്കും തൃപ്രയാർ ഏകാദശിവ്രതം

സുരേഷ് ശ്രീരംഗം
കേരളീയ ആചാര പ്രകാരം വൃശ്ചികം, ധനു മാസങ്ങളിൽ വരുന്ന മൂന്ന് ഏകാദശികളും അതിവിശേഷമാണ്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശി, കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശി, ധനുവിലെ വെളുത്തപക്ഷ ഏകാദശി അതിവിശേഷമായ സ്വർഗ്ഗവാതിൽ ഏകാദശി..ഇവ മൂന്നും യഥാക്രമം ശ്രീകൃഷ്ണനും ശ്രീരാമനും ശ്രീ മഹാവിഷ്ണുവിനുമാണ് പ്രധാനം. ചതുർബാഹുവായ ശ്രീരാമചന്ദ്രനാണ് തൃപ്രയാർ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. വെളുത്തപക്ഷ ഏകാദശികളാണ് വിഷ്ണു ക്ഷേത്രങ്ങളായ ഗുരുവായൂരും ശ്രീപത്മനാഭ ക്ഷേത്രത്തിലും മറ്റും പ്രധാനമെങ്കിലും
തൃപ്രയാറിൽ കറുത്തപക്ഷ ഏകാദശി വിശേഷമായതിന് കാരണം തൃപയാർ എന്ന് പ്രസിദ്ധമായ തൃപ്രയാറപ്പന്റെ ശൈവചൈതന്യ സാമീപ്യമാണെന്ന് ആചാര്യന്മാർ പറയുന്നു. വലതു വശത്ത് ലക്ഷ്മീദേവി, ഇടതു വശത്ത് ഭൂമി ദേവി സമേതനായാണ് തൃപ്രയാറപ്പൻ കുടികൊള്ളുന്നത്. ശ്രീ കോവിലിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. മതിൽക്കെട്ടിൽ തെക്കു വശത്ത് ഗണപതിയും ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനുമുണ്ട്. തൃപയാറപ്പന്റെ ആരാധിച്ചാൽ എല്ലാ ദുരിതദോഷങ്ങളും ദാരിദ്ര്യദുഃഖവും ആധിവ്യാധികളും ഒഴിഞ്ഞു പോകും.
ഗുരുവായൂരിലെ പോലെ ഇവിടെയും ഏകാദശി രാത്രിയിൽ ദ്വാദശിപ്പണ സമർപ്പണം നടക്കുന്നു. ഹനുമാൻ സ്വാമിക്ക് ഇവിടെ പ്രത്യേക പ്രതിഷ്ഠ ഇല്ലെങ്കിലും ആഞ്ജനേയ സാന്നിദ്ധ്യം എവിടെയും നിറഞ്ഞു നിൽക്കുന്നു. ഹനുമാൻ സ്വാമിയുടെ പ്രീതിക്ക് ഇവിടെ അവൽ നിവേദ്യം വഴിപാട് നടത്താറുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മാറ്റാൻ ഇവിടുത്തെ മീനൂട്ട് വഴിപാട് പ്രസിദ്ധമാണ്. ആടിയ ശിഷ്ടം എണ്ണ വാത – പിത്ത രോഗശമനത്തിന് ഉത്തമമത്രേ.
ഏകാദശി നോൽക്കുന്നതിലൂടെ സർവ്വ പാപങ്ങളും നശിക്കുമെന്നാണ് പുരാണങ്ങൾ വിധിച്ചിട്ടുള്ളത്. ഉപവാസത്തോടെ വ്രതമെടുത്താൽ ശരീരത്തിനും മനസിനും പൂർണ്ണമായും ഗുണം ചെയ്യും. ഈ ദിനത്തിൽ തികഞ്ഞ ശ്രദ്ധയോടെ വിശ്വാസത്തോടെ വിഷ്ണു ഭഗവാനെ പ്രാർത്ഥിച്ചാൽ ഏകാഗ്രത വർദ്ധിക്കുമെന്നും പുത്തൻ തലമുറയും മനസിലാക്കുന്നു. നമ്മുടെ എല്ലാ ദു:ഖ ദുരിതങ്ങൾക്കും കാരണം ഈ ജന്മത്തിലെയും മുജ്ജന്മത്തിലെയും സഞ്ചിത പാപങ്ങളാണ്. ഉത്തമമായ ജീവിതത്തിലൂടെയും പ്രാർത്ഥനയിലൂടെയും ഈ പാപങ്ങൾ നശിപ്പിക്കാം. പാപങ്ങൾ നശിച്ചാൽ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വിജയവും
കൈവരും.
ഏകാദശി വ്രതവിധി ഇപ്രകാരമാണ്: ദശമി ദിവസം ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ച്, കഴിയുമെങ്കിൽ വെള്ള വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആദിവസം മുഴുവനും വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നതാണ് ഉത്തമം. ഊണുറക്കങ്ങൾ ആ ദിവസം തീർത്തും വർജ്യമാണ്. ഹരിവാസരസമയത്ത് വിഷ്ണു ഭജനവുമായി കഴിയണം.
2020 ഡിസംബർ 11 വെള്ളിയാഴ്ചയാണ് ഇത്തവണ തൃപ്രയാർ ഏകാദശി. ഇത്തവണ കോവിഡ് നിയന്ത്രണം പാലിച്ചാകും ചടങ്ങുകൾ . ദശമി ദിനത്തിൽ ശാസ്താവിനെ എഴുന്നള്ളിക്കാൻ 2 ആനകൾ മാത്രമാകും ഉണ്ടാകുക. അന്ന് വെളുപ്പിന് 4 മണി 47 മിനിട്ടു മുതൽ പകൽ 3 മണി 19 മിനിട്ടു വരെയാണ് ഹരിവാസരം.
സുരേഷ് ശ്രീരംഗം, +91 944 640 1074