Sunday, 6 Oct 2024
AstroG.in

ദുസ്ഥിതിക്ക് കാരണം വ്യാഴത്തിന്റെ അതിചാരം; ദുരിതകാലം കഴിയാറായി

മഹാമാരി പടര്‍ന്നുപിടിച്ച് ലോകം മുഴുവന്‍ ഇപ്പോള്‍ അനുഭവിക്കുന്ന  കഷ്ടതയ്ക്കും മരണഭയത്തിനും കാരണം വ്യാഴഗ്രഹം ശനിയുമായി അടുത്തുവരുന്നതും  വ്യാഴത്തിന്റെ അതിചാരവുമാണെന്ന് കരുനാഗപ്പള്ളി ഉത്തര ജ്യോതിഷ ഗവേഷണ കേന്ദ്രത്തിന്റെ സാരഥി   അനില്‍ വെളിച്ചപ്പാടന്‍ നിരീക്ഷിക്കുന്നു. ഇപ്പോഴത്തെ ദു:സ്ഥിതിക്ക് കാരണം ചിലര്‍ പറയുന്നതുപോലെ 2019 ഡിസംബര്‍ 26 ലെ സൂര്യഗ്രഹണവും ഇപ്പോഴത്തെ അഗ്‌നിമാരുത യോഗവും അല്ലെന്നാണ് അനില്‍ വെളിച്ചപ്പാടന്‍ സമര്‍ത്ഥിക്കുന്നത്.  സൂര്യഗ്രഹണത്തോടെ അല്ല കൊറോണ വൈറസ് പടർന്നു തുടങ്ങിയത്. അതിന് ഒരുമാസം മുമ്പ്  2019 നവംബര്‍ 17 ന് ഈ രോഗവുമായി ഒരു 58 വയസ്സുകാരന്‍ ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ  ആശുപത്രിയില്‍ എത്തിയതായി  ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയും ചൊവ്വയും ഒന്നിച്ചു ചേരുന്ന അഗ്‌നിമാരുതയോഗം കൊണ്ടാണ് കൊറോണ വൈറസ് ബാധ മൂലമുള്ള ദോഷങ്ങള്‍ മാനവരാശിക്ക് സംഭവിക്കുന്നതെന്ന് വാദവും തെറ്റാണെന്ന് അനില്‍ വെളിച്ചപ്പാടന്‍ പറയുന്നു. കാരണം അഗ്‌നിമാരുതയോഗം സംഭവിച്ച് തുടങ്ങിയത്  മാര്‍ച്ച് 22 മദ്ധ്യാഹ്ന ശേഷമാണ്. ഈ അഗ്‌നിമാരുത യോഗ സമയത്ത്  ചൊവ്വ ഏറ്റവും ഗുണം ചെയ്യുന്ന ഉച്ചരാശിയിലും, ശനി അതിന്  ബലമുള്ള സ്വക്ഷേത്രത്തിലുമാണ്. അതിനാല്‍ ഈ ഗ്രഹനില മാനവരാശിയ്ക്ക് ഒരു ദോഷവും വരുത്തില്ല.  ജ്യോതിഷപ്രകാരം ശനി കാറ്റും, ചൊവ്വ തീയും പ്രതിനിധാനം ചെയ്യുന്നതിനാല്‍ ഈ പ്രാവശ്യത്തെ അഗ്‌നിമാരുതയോഗത്താല്‍ തീ ഊതിക്കെടുത്തി മാനവരാശിയ്ക്ക് ഗുണം പ്രദാനം ചെയ്യുന്നതായി നമുക്ക് അനുഭവത്തില്‍ വരും. 

ഏകദേശം ഒരുവര്‍ഷം കൊണ്ട് വ്യാഴ ഗ്രഹംഒരു രാശി മാറുന്ന രീതിയാണ് പൊതുവെ ഉള്ളത്. എന്നാല്‍ വ്യാഴഗ്രഹത്തിന് വേഗതകൂടി  അതായത് അതിചാരമുണ്ടായി  ഒരു  വര്‍ഷത്തിനുള്ളിൽ രണ്ട് രാശികളോ ചിലപ്പോള്‍ മൂന്ന് രാശികളോ മാറും. ഇങ്ങനെ മാറുന്ന വ്യാഴം വേഗത കുറഞ്ഞ്, പിന്നിലേക്ക് സഞ്ചരിച്ച് അതായത്  വക്രത്തില്‍ വീണ്ടും പഴയ രാശിയില്‍ എത്തും. ഇങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് രാശികള്‍ മാറുന്നത് ദോഷപ്രദമാണെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്.

പ്രമാണം:

ഏകേസ്മിന്‍ വത്സരേ ജീവേ രാശി 

ത്രയമുപാഗതേ ഭവേല്‍

വസുന്ധരാ (അ)കീര്‍ണ്ണാകുണപൈ:

സപ്തകോടിഭി:

(മൂന്ന് രാശികളിലായി ഒരു വര്‍ഷം വ്യാഴം സഞ്ചരിച്ചാല്‍ വസുന്ധരായോഗമുണ്ടായി ഏഴുകോടി ജനങ്ങള്‍ക്ക് കഷ്ട നഷ്ടങ്ങള്‍ സംഭവിക്കും)

വ്യാഴം വൃശ്ചികം രാശിയില്‍നിന്നും 2019 നവംബര്‍ 5 ന് പുലര്‍ച്ചെ  ധനുരാശിയിലേക്കും 2020 മാര്‍ച്ച് 30  അതി പുലര്‍ച്ചെ  മകരം രാശിയിലേക്കും 2020 ജൂണ്‍ 30 പുലര്‍ച്ചെ വീണ്ടും ധനുരാശിയിലേക്കും പിന്നെ 2020 നവംബര്‍ 20  ന് മകരം രാശിയിലേക്കും വീണ്ടും മാറും. ഇതാണ് യഥാര്‍ത്ഥ വ്യാഴപ്പകര്‍ച്ച. അപ്പോള്‍ 1195 മലയാളവര്‍ഷത്തില്‍ വൃശ്ചികം, ധനു, മകരം എന്നീ മൂന്ന് രാശികളിലൂടെ വ്യാഴം സഞ്ചരിക്കുന്നുണ്ട്. ഇതാണ് ദോഷപ്രദമെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. കൃത്യമായ വേഗതയില്‍ എല്ലാ വശങ്ങളിലേക്കും കൃത്യമായ ഊര്‍ജ്ജം, കിരണങ്ങള്‍, തരംഗങ്ങള്‍ എന്നിവ നല്‍കി കടന്നുപോകുന്ന ഒരു ട്രെയിന്‍ ഉണ്ടെന്ന് വിചാരിക്കുക. എന്നാല്‍ ഒരു ദിവസം അത് വളരെ വേഗത്തില്‍ കടന്നുപോയാല്‍ ഇവയൊന്നും കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകും. അതുപോലെയാണ് വ്യാഴത്തിന്റെ അതിചാരം.  2020 മെയ് 14 രാത്രി 8.03 മുതല്‍ വ്യാഴം വക്രഗതിയിലെ ബലവാനായി മാറും. അപ്പോള്‍ മുതല്‍ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിച്ചു തുടങ്ങും.  വ്യാഴം, ശനിഗ്രഹത്തോട് അടുത്തുവരുന്ന കാലങ്ങളിലാണ് ഇതുപോലുള്ള രോഗങ്ങളാലുള്ള മഹാമാരികള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നത്. അതിചാരവും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. അങ്ങനെയെങ്കില്‍ 2038 – 2039 കാലഘട്ടത്തിലും ഈ സ്ഥിതിയുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. അല്ലെങ്കില്‍ ഓരോ 18 – 19 വര്‍ഷങ്ങളിലും ഇതുപോലുള്ള ഗ്രഹസ്ഥിതിയുണ്ടാകുമ്പോള്‍ ഓരോ രാജ്യവും ജനങ്ങളും അതീവ ശ്രദ്ധ പാലിക്കേണ്ടതുമായിരിക്കും.ദൈവവിചാരം, സഹാനുഭൂതി, പ്രാര്‍ത്ഥന, വ്യായാമം,  ജാഗ്രത, ആരോഗ്യപരിപാലനം, നിയമം അനുസരിക്കല്‍ ഇവയൊക്കെയാണ് സ്വയം വികസിപ്പിച്ചെടുക്കാവുന്ന ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗങ്ങള്‍. 

2020 മാര്‍ച്ച് 30 മഹാമാരി പടര്‍ത്തുന്ന ആശങ്ക കുറഞ്ഞു തുടങ്ങി ലോകത്തിന് ആശ്വാസം ലഭിച്ചു തുടങ്ങും. 2020 മേയ് 14 മുതല്‍ പൂര്‍വ്വസ്ഥിതിയെത്തും. 2020 നവംബര്‍ 20  മുതല്‍ എല്ലാം ശുഭപ്രദമാകും. കൂട്ടം കൂടാതെയുള്ള പ്രാര്‍ത്ഥന, സൂര്യ – വ്യാഴ – ശനി ഗ്രഹ ശാന്തി മന്ത്രജപം, മറ്റ് മതക്കാര്‍ക്ക്  ഗ്രഹങ്ങളുടെ ദോഷങ്ങള്‍ കുറയ്ക്കാനുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ ചെയ്യാനുള്ളത് .

ഈ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം www.uthara.in എന്ന വെബ് സൈറ്റിറിലുണ്ട്.

ദോഷപരിഹാര മന്ത്രങ്ങള്‍ക്ക്: https://uthara.in/manthram/ നോക്കുക.

(അനില്‍ വെളിച്ചപ്പാടന്‍ : +91 94971 34134)

error: Content is protected !!