Friday, 22 Nov 2024
AstroG.in

ദുർവിചാരങ്ങളും ദു:സ്വാധീനവും രോഗക്ലേശങ്ങളും അകറ്റാൻ ഈ മഹാമന്ത്രം ജപിക്കൂ

മംഗള ഗൗരി
എല്ലാം കൊണ്ടും അതിശക്തമായ മന്ത്രമാണ് ഓം നമഃ ശിവായ. എല്ലാ ദുർവിചാരങ്ങളും ദു:സ്വാധീനവും രോഗക്ലേശങ്ങളും പൂർണ്ണമായും ഇല്ലാതാക്കുവാൻ സഹായിക്കുന്ന മഹാമന്ത്രമായ ഓം നമഃ ശിവായ നിത്യേന നിശ്ചിത തവണ ഓം നമ:ശിവായ ജപിച്ചാൽ നമ്മളിലുള്ള ദുർചിന്തകൾ (നെഗറ്റീവ് എനർജി) പൂർണ്ണമായും കഴുകികളയുവാൻ സാധിക്കും.
ശിവ പഞ്ചാക്ഷരിയായ ഓം നമ:ശിവായ പതിവായി ജപിക്കുന്ന സാധകന് അസാധാരണമായ ആത്മബലവും മന:ശാന്തിയും ലഭിക്കും. പ്രതികൂല സാഹചര്യങ്ങൾ, സഹജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവ എല്ലാം അകന്നു മാറും. എന്നും പ്രഭാതത്തിൽ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ ഇരുന്നോ ശിവക്ഷേത്രത്തിൽ നിന്നോ കുറഞ്ഞത് 108 തവണ ഓം നമ:ശിവായ ജപിക്കണം. എപ്പോഴും ശിവനാമം ഓർമ്മിക്കുകയും ശിവമന്ത്രം ജപിക്കുകയും ചെയ്താൽ വേദനകളും ദുരിതങ്ങളുമെല്ലാം തുടച്ചു നീക്കി മനസിന് ശാന്തിയും സമാധാനവും പ്രതീക്ഷയും സന്തോഷവും ലഭിക്കും.
അസ്വസ്ഥമായ ഏതൊരു മനസിനെയും ശാന്തമാക്കുന്ന അത്ഭുത ശക്തിയുള്ള മന്ത്രമാണ് ഓം നമ:ശിവായ. ഇത് ജപിക്കുന്നതിലൂടെ ശിവൻ സർവ്വവ്യാപിയാണെന്നും സകലതിനും ആധാരമാണെന്നും പ്രപഞ്ചത്തോട് ഏറ്റുപറയുകയാണ് ചെയ്യുന്നത്.

അഞ്ച് അക്ഷരങ്ങളാണ് ഈ മന്ത്രത്തിലുള്ളത്. ന, മ, ശി, വാ, യ ഞാൻ ശിവനെ നമിക്കുന്നു എന്നാണ് മന്ത്രത്തിന്റെ അർത്ഥം. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സകല ചരാചരങ്ങൾക്കും ആധാരമായ പഞ്ചഭൂതങ്ങൾ വാസ്തവത്തിൽ ശിവൻ തന്നെയാണ്. ഒരേസമയം സൃഷ്ടിക്കും സ്ഥിതിക്കും കാരണഭൂതമായ എല്ലാറ്റിനെയും നമിക്കുന്നതു കൊണ്ടുതന്നെ അവിശ്വസനീയമാണ് ഓം നമ:ശിവായ മന്ത്രത്തിന്റെ ഫലസിദ്ധി.
നമ:ശിവായ എന്നതാണ് ശിവ പഞ്ചാക്ഷരമന്ത്രം.
ഇതിനെ ശിവ പഞ്ചാക്ഷരിയെന്നും പറയും. ഓം നമ:ശിവായ ഷഡാക്ഷര മന്ത്രമാണ്. ഓംഹ്രീം നമ:ശിവ എന്നത് ശക്തി പഞ്ചാക്ഷരമന്ത്രമാണ്. ഇത് ഭഗവാൻ ദേവിയോട് കൂടി ചേർന്നിരിക്കുന്ന ശിവപാർവ്വതി സങ്കല്പമാണ്. മനസിൽ സന്തോഷം നിറച്ച് നല്ല ചിന്തകൾ വളർത്തിയെടുത്ത് ജീവിതം ആഹ്‌ളാദ പൂർണ്ണമാക്കുവാൻ സഹായിക്കുന്ന അത്ഭുത മന്ത്രമാണ് ഓം നമ:ശിവായ.

തിങ്കളാഴ്ചകളിൽ വ്രതമെടുക്കുക, ശിവക്ഷേത്ര ദർശനം നടത്തുക, പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ അനുഷ്ഠിക്കുക – ഇതെല്ലാം ശിവപ്രീതി നേടുന്നതിനും അതിലൂടെ മുജ്ജന്മപാപം പോലും നീക്കി മന: സമാധാനം നൽകും നല്ലതാണ്. തിരക്കും മറ്റ് പ്രാരാബ്ധങ്ങളും കാരണം പലർക്കും വ്രതാനുഷ്ഠാനങ്ങൾ പറ്റിയില്ലെങ്കിലും പഞ്ചാക്ഷര മന്ത്ര ജപം പതിവാക്കണം.പ്രദോഷമോ, തിങ്കളാഴ്ചയോ ഒന്നും വ്രതമെടുക്കാൻ സാധിക്കാത്തവർ പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര പ്രാവശ്യം ദിവസവും ചൊല്ലണം. ഇത് ശീലമാക്കുകയും ക്ഷേത്ര ദർശനം പതിവാക്കുകയും ചെയ്താൽ അത്ഭുതകരമായ മാറ്റം ജീവിതത്തിൽ അനുഭവിച്ചറിയാൻ കഴിയും.

Story Summary: Significance and Benefits of Siva Panchakshari

error: Content is protected !!