Friday, 20 Sep 2024
AstroG.in

ദൃഷ്ടിദോഷം മാറാൻ ഉപ്പും കുരുമുളകും കാളീ മന്ത്രവും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

കണ്ണേറ്, കരിനാക്ക്, ദൃഷ്ടിദോഷം ഇങ്ങനെയുള്ള കാര്യങ്ങളിൽ ജാതിമതഭേദമില്ലാതെ എല്ലാവർക്കും വിശ്വാസമുണ്ട്. പൊന്നിന്റെ നിറമുള്ള കുഞ്ഞ്, പൂത്തുലഞ്ഞ് നിൽക്കുന്ന മാവ്, പൊന്നണിഞ്ഞ് തിളങ്ങുന്ന അതിസുന്ദരിയായ വധു, നല്ല ചേർച്ചയുള്ള വധൂവരന്മാർ, നല്ല കുടുംബ ജീവിതം, ചന്തമുള്ള പുതിയ വീട് …ഇതിനെല്ലാം കണ്ണേറും നാവേറും ബാധിക്കാറുണ്ടെന്നാണ് വിശ്വാസം. വെറും അന്ധവിശ്വാസമാണ് ഇതെന്ന് പലരും പറയുമെങ്കിലും പലപ്പോഴും അനുഭവം മറിച്ചാകും. ഇതിന് പ്രതിവിധിയായി പല മാർഗ്ഗങ്ങളും നാട്ടാചാരങ്ങളിൽ പിൻതുടരുന്നുണ്ട്. കുഞ്ഞിന് കവിളിലും നെറ്റിയിലും കറുത്ത പൊട്ടു തൊടുക, തോട്ടങ്ങളിൽ കരിങ്കണ്ണനെ സ്ഥാപിക്കുക, സുന്ദരികൾക്ക് ബ്യൂട്ടീസ് പൊട്ടിടുക, പണിതീരുന്ന വീടിനു മുന്നിൽ കോലം വയ്ക്കുക എന്നിങ്ങനെ നീളുന്നു അത്.

ചന്തവും മിടുക്കുമുള്ള കൊച്ചുകുട്ടികള്‍, ഏതൊരു രംഗത്തും ശോഭിച്ചു നില്ക്കുന്നവര്‍, കലാരംഗത്ത് ആരാധനയും ജനപ്രീതിയും നേടുന്നവർ, സൗന്ദര്യം ഉള്ളവര്‍ എന്നിവര്‍ക്കാണ് ദൃഷ്ടിദോഷം ബാധിക്കാൻ സാദ്ധ്യത കൂടുതൽ. ഇങ്ങനെ എതെങ്കിലും തരത്തിൽ കണ്ണേറ് ബാധിച്ചാൽ അത് മാറാന്‍ ചില വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്ന മന്ത്രജപവും കർമ്മവുമാണ്. ഇനി പറയുന്ന ഭദ്രകാളീമന്ത്രം പതിവായി രാവിലെയും വൈകിട്ടും 84 തവണ വീതം ജപിക്കുന്നവരെ കണ്‍ദോഷങ്ങള്‍ ബാധിക്കില്ല.

ഓം ഹ്രീം കാളികേ കാളികേ
ദേവീ സര്‍വ്വലോക വശങ്കരീ
വേദതത്വാര്‍ത്ഥ രൂപീ ച
നിത്യാനന്ദ പ്രദായിനീ
ദൃഷ്ടിദോഷ ശാന്ത്യർത്ഥം
പാദാബ്ജം തേ നമോ നമ:

ഈ മന്ത്രം ചൊല്ലിക്കൊണ്ട് നടത്തുന്ന കർമ്മമാണ് കടുത്ത ദൃഷ്ടിദോഷം പരിഹരിക്കുന്നതിനുള്ള മാർഗ്ഗം.
കുരുമുളക്, ഉപ്പ് എന്നിവ കുറച്ചുവീതം കയ്യിലെടുത്ത് മുകളില്‍ പറഞ്ഞ മന്ത്രം ചൊല്ലി കണ്‍ദോഷം മാറണം എന്ന് സങ്കല്പിച്ച് തലയ്ക്ക് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് എരിതീയില്‍ സമര്‍പ്പിക്കുക. മൂന്ന് പ്രാവശ്യം പ്രദക്ഷിണമായും മൂന്നു പ്രാവശ്യം അപ്രദിക്ഷിണമായും ഉഴിഞ്ഞതിനു ശേഷം ഈ ദ്രവ്യത്തിലേക്ക് ശ്വാസം ഊതി ചേര്‍ത്താണ് ഹോമിക്കേണ്ടത്. മാവിന്റെ വിറക് കൊണ്ട് കത്തുന്ന തീയിലേക്കാണ് ഉഴിഞ്ഞ ദ്രവ്യം സമര്‍പ്പിക്കേണ്ടത്. ഏഴ് ദിവസം തുടർച്ചയായി ഈ കർമ്മം ചെയ്താൽ എത്ര കടുത്ത ദൃഷ്ടിദോഷത്തിൽ നിന്നും മോചനം നേടാം.

സമർത്ഥരായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിക്കുന്ന കണ്‍ദോഷം മാറാന്‍ ഇനി പറയുന്ന മന്ത്രം ജപിച്ചാണ് ഈ കർമ്മം ചെയ്യേണ്ടത്. രണ്ട് നേരവും 5 പ്രാവശ്യം ഉഴിയണം. ഇങ്ങനെ 7 ദിവസം ചെയ്യുക. വിദ്യാതട‌സവും വിദ്യാസ്തംഭനവും മാറി വിജയം ലഭിക്കും.

ശൂലിനി ശൂലിനി രൂപിണി ദേവീ
ബ്രഹ്മജ്ഞാന സമൃദ്ധി കാരിണീ വിദ്യാസംബന്ധശക്തിം ഹുംഫട് നിയന്ത്രിതാഖിലകാരിണീ
നേത്രാധിശക്തിപ്രദേ
ദൃഷ്ടിസംബന്ധദോഷശാന്തിം
കുരുഷ്വ വിദ്യാസമൃദ്ധിം
ദേഹി നമോ നമ: സ്വാഹാ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി (സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

error: Content is protected !!