ദേവീമാഹാത്മ്യം വീടിന് രക്ഷ; വായിച്ചാൽ എല്ലാ വിഷമവും മാറും
തരവത്ത് ശങ്കരനുണ്ണി
ദാരിദ്ര്യ മുക്തി, ശത്രുദോഷശാന്തി, ഭർത്തൃ – സന്താന – വിദ്യാലാഭം, തൊഴിൽലബ്ധി, രോഗക്ലേശങ്ങളിൽ നിന്നുള്ള മോചനം തുടങ്ങിയവയ്ക്ക് ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നത് ഉത്തമമാണ്. മാർക്കണ്‌ഡേയ പുരാണത്തിലെ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്.
13 അദ്ധ്യായങ്ങളുള്ള ഈ ദിവ്യഗ്രന്ഥം മലയാളത്തിന് സുപരിചിതമാക്കിയത് തുഞ്ചത്താചാര്യനാണ്. നിഷ്ഠ ഉള്ളവർക്ക് ഒരേ ഇരുപ്പിൽ വായിച്ച് തീർക്കാം. എന്നാൽ ഒരു ദിവസം കൊണ്ട് പൂർണ്ണമായി പാരായണം ചെയ്ത് പൂർത്തിയാക്കണമെന്ന് ആചാര്യന്മാർ കല്പിക്കുന്നില്ല.
പാരായണ ക്രമം
ആദ്യദിവസം ഒന്നാമദ്ധ്യായം, രണ്ടാം ദിവസം മൂന്ന് അദ്ധ്യായങ്ങൾ, മൂന്നാം ദിവസം ഒമ്പത് അദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പൂർത്തിയാക്കാം. ഇതിനെക്കാൾ ഉത്തമം ഏഴുദിവസം കൊണ്ട് പാരായണം പൂർത്തിയാക്കുന്നതാണ്. ഒന്നാംദിവസം ഒന്നാമദ്ധ്യായം, രണ്ടാംദിവസം രണ്ട് അദ്ധ്യായങ്ങൾ, മൂന്നാംനാൾ ഒരദ്ധ്യായം, നാലാംദിവസം നാലദ്ധ്യായങ്ങൾ, അഞ്ചാം ദിവസം രണ്ടദ്ധ്യായങ്ങൾ, ആറാംദിവസം ഒരദ്ധ്യായം, ഏഴാംദിവസം രണ്ടദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പാരായണം ചെയ്യുന്ന പദ്ധതിയാണിത്. ദേവീമാഹാത്മ്യം പാരായണം ചെയ്താൽ എല്ലാത്തരം ജീവിത വിഷമങ്ങളും പരിഹരിക്കപ്പെടുന്നത് ലക്ഷക്കണക്കിന് ആളുകളുടെ അനുഭവമാണ്.
ഐശ്വര്യത്തിന് 11-ാം അദ്ധ്യായം
ഒരു വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നായി ദേവീമാഹാത്മ്യത്തെ കരുതുന്നു. ഈ കൃതിയുള്ള വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. ആ വീടിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മരണസമയത്ത് ദേവീമാഹാത്മ്യം പാരായണം ചെയ്താൽ ജീവന്മുക്തി ലഭിക്കും എന്ന് കരുതുന്നു. ശ്രാദ്ധദിവസത്തെ പാരായണം പിതൃക്കളെ പ്രസാദിപ്പിക്കും. കുടുംബഐശ്വര്യത്തിന് ദേവീമാഹാത്മ്യത്തിലെ 11-ാം അദ്ധ്യായം പാരായണം
ചെയ്യുന്നത് വിശേഷമാണ്. ഏതു സമയവും വായിക്കാം. എങ്കിലും സായംസന്ധ്യാ സമയമാണ് ഉത്തമം. കുളിച്ച് നല്ല വസ്ത്രം ധരിച്ച് ദേവീ ക്ഷേത്രത്തിലോ പൂജാമുറിയിലോ ദേവിയുടെ ചിത്രം അലങ്കരിച്ച് 5 തിരിയിട്ട് നെയ്യൊഴിച്ച് നിലവിളക്കിന് മുന്നിൽ കിഴക്കോട്ടോ വടക്കോട്ടോ ദർശനമായിരുന്ന് പാരായണം ചെയ്യുന്നതിന്റെ ഫലസിദ്ധി വളരെ വിശേഷമാണ്.
നവാക്ഷരി തുടർച്ചയായി ജപിക്കണം
പാരായണത്തിന് മുമ്പ് ദേവിയുടെ നവാക്ഷരീമന്ത്രം
തുടർച്ചയായി ജപിച്ചു കൊണ്ടിരിക്കണം. നവാക്ഷരി
30 തവണ ജപിച്ചാൽ ഐശ്വര്യസിദ്ധി, 27 ആയാൽ സർവ്വാർത്ഥ സിദ്ധി, 54 ആയാൽ കാമ്യ കർമ്മ സാഫല്യം, 108 തവണ ആയാൽ സർവ്വാഭീഷ്ടസിദ്ധി എന്ന് ഫലം പറയുന്നു. ഉത്തമകാര്യങ്ങൾക്ക് മോതിരവിരലും തള്ളവിരലും ചേർത്ത് ജപിക്കണം. ഉച്ചാടനാദികൾക്ക് ചൂണ്ടുവിരലും തള്ളവിരലും ചേർത്താണ് ജപിക്കൽ.
നവാക്ഷരി ജപിക്കുമ്പോൾ ജപമാല ഉപയോഗിക്കുന്നത് നല്ലതാണ്. നടുവിരലിൽ മാല ചേർത്ത് തള്ളവിരൽ ഉപയോഗിച്ച് ഓരോരേ മണികളായി തള്ളിനീക്കി ജപിക്കുന്നതാണ് ഉത്തമം. പാരായണം ചെയ്യുന്നതിന് വെറും തറയിലിരിക്കരുത്. പുൽപായ, പലക തുടങ്ങിയവ ഉപയോഗിക്കാം.
നവാക്ഷരീ മന്ത്രം ജപിക്കുന്നതിനു മുമ്പ് അൽപസമയം ദേവീ ഉപാസന ചെയ്യുന്നതും ദേവീമാഹാത്മ്യ പാരായണം കഴിഞ്ഞ് അൽപ സമയം ദേവീരൂപം ധ്യാനിച്ചിരിക്കുന്നതും നല്ലതാണ്. ചുവന്ന താമര, നന്ദ്യാർവട്ടം, മന്ദാരം, വെള്ളത്താമര, അശോകപ്പൂ, ദശപുഷ്പങ്ങൾ തുടങ്ങിയ ശാക്തേയപുഷ്പങ്ങളേതും ദേവീപൂജയ്ക്ക് ഉപയോഗിക്കാം. വിഗ്രഹമോ ചിത്രമോ ഇല്ലെങ്കിൽ നിലവിളക്കിനെ ദേവിയായി സങ്കൽപ്പിച്ച് പൂജിക്കാം.
നവാക്ഷരീമന്ത്രം
ഓം ഐം ഹ്രീം ക്‌ളീം ചാമുണ്ഡായെവിച്ചെ നമ:
പാരായണത്തിന് വിശേഷ ദിനങ്ങൾ
ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നതിന് ചില അതിവിശേഷ ദിവസങ്ങൾ ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. തിഥികളിൽ അഷ്ടമി, നവമി, ചതുർദ്ദശി, വാവ് എന്നിവയും നക്ഷത്രങ്ങളിൽ കാർത്തിക, പുണർതം, മകം എന്നിവയും വാരങ്ങളിൽ ചൊവ്വയും വെള്ളിയും
പാരായണത്തിന് ഉത്തമം. തുലാമാസത്തിൽ കറുത്ത പക്ഷ അഷ്ടമി മുതൽ ദീപാവലിയോട് ചേർന്നു വരുന്ന ചതുർദ്ദശി വരെയുള്ള ഏഴ് ദിവസങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. വൃശ്ചിക മാസത്തിൽ ചതയം മുതൽ കാർത്തിക വരെ, ധനുവിൽ അശ്വതി മുതൽ ദേവിയുടെ ജന്മനക്ഷത്രമായ പുണർതം വരെ, കുംഭത്തിൽ രോഹിണി മുതൽ മകംവരെ, കർക്കടകം ഒന്നു മുതൽ ഏഴുവരെ, ആശ്വനിമാസ നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങൾ – ഇങ്ങനെ വിശേഷാവസരങ്ങളിലെല്ലാം ഏഴുനാൾ പാരായണം ചെയ്താൽ സവിശേഷ ഫലം ലഭിക്കും. സാധാരണയായി ഞായർ മുതൽ ശനി വരെ ഏഴുദിവസങ്ങളിലായി പാരായണം ചെയ്യുന്ന രീതിയാണ് പ്രചാരം നേടിയിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീസ്തുതി നടത്താം എന്ന നേട്ടം കൂടി ഈ രീതിക്കുണ്ട്. കുടുംബത്തെ ബാധിച്ച കടുത്ത മാരണങ്ങൾ നീങ്ങാൻ 41 ആഴ്ച കൊണ്ട് 41 തവണ വായിച്ച് പൂർത്തിയാക്കുന്ന രീതിയുമുണ്ട്.
തരവത്ത് ശങ്കരനുണ്ണി, +91 7391833565
Story Summary: Significance of Devi Mahatmyam
the sacred text