Monday, 25 Nov 2024
AstroG.in

ധനധാന്യസമൃദ്ധിക്ക് നിറപുത്തരി ആഗസ്റ്റ് 16 തിങ്കളാഴ്ച

ജോതിഷരത്നം വേണു മഹാദേവ്

കർക്കടകം 31 ആഗസ്റ്റ് 16 തിങ്കൾ രാവിലെ 5.55നും 6.20നും മദ്ധ്യേ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിറപുത്തരി കൊണ്ടാടും. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിറപുത്തരിയുടെ മുഹൂർത്തം കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചതിനെ തുടർന്നാണ് ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഈ മുഹൂർത്തത്തിൽ നിറപുത്തരി ചടങ്ങ് നടത്തുന്നത്.

ഭക്തർക്കും നാടിനും സർവ്വെശ്വര്യത്തിനായുള്ള നിറപുത്തരി നെൽക്കതിരുകൾ വയലേലകളിൽ നിന്നും കൊയ്ത് ക്ഷേത്രാചാരങ്ങളോടെ ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തി സോപാനത്തിലും, പത്തായപ്പുരയിലും സ്ഥാപിക്കുകയും ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുകയുമാണ് നിറപുത്തരി ചടങ്ങ്. വീട്ടിൽ ഐശ്വര്യവും, അറയിലും പത്തായത്തിലും ധാന്യവും, നിറയ്‌ക്കുന്ന ചടങ്ങാണിത്. കൊയ്‌ത്തു കഴിഞ്ഞു നെല്ല് പത്തായത്തിൽ നിറയ്‌ക്കും മുൻപു ഗൃഹവും പരിസരവും അറയും പത്തായവും അതിനൊപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ഈ ചടങ്ങ് ഇപ്പോൾ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നത്. മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കർക്കടകത്തിന്റെ രണ്ടാം പകുതിയിലും ചിലയിടങ്ങളിൽ ചിങ്ങത്തിലും നിറപുത്തരി നടത്തുക പതിവുണ്ട്.

ചില സ്ഥലങ്ങളിൽ ഗൃഹത്തിലും നിറപുത്തരി പൂജ നടത്താറുണ്ട്. കൊയ്‌തെടുത്ത നെൽക്കറ്റ ഇല്ലം നിറ, വല്ലം നിറ, പത്തായം നിറ എന്ന് വിളിച്ചു കൊണ്ട് ഗൃഹത്തിന്റെ വാസ്‌തുവിനു പുറത്തു കൊണ്ടുവന്നു വയ്‌ക്കും. വീട്ടിലെ മുറികളെല്ലാം അരിമാവു കൊണ്ട് അണിഞ്ഞിരിക്കും. തുടർന്നു ഭഗവതി പൂജ. പൂജാമധ്യത്തിൽ കറ്റകൾ വീട്ടിലേക്ക് എഴുന്നള്ളിച്ചു പൂജിക്കും. പൂജിച്ച ശേഷം ഓരോ പുന്നെൽക്കതിരും ഒരു ആലിലയോടു കൂടി ഗൃഹത്തിന് അകത്തും പുറത്തും പത്തായത്തിന്റെ വാതിലിലും മറ്റും പറ്റിച്ചു വയ്ക്കും. ഓരോ സ്ഥലത്തും ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കണ്ണട എന്നു പറയുന്ന ചെറിയ അടയാണു സാധാരണ നിറപുത്തരിക്കു നിവേദ്യമായി തയാറാക്കാറുള്ളത്. കറ്റയിൽനിന്ന് ഒന്നോ രണ്ടോ പിടിയാണ് അറവാതിൽക്കലും പൂമുഖത്തും പുറത്തുമായാണു കെട്ടിത്തൂന്നത്. ബാക്കിയുള്ള കറ്റ മെതിച്ചുകുത്തി ആ അരികൊണ്ടു പുത്തരിച്ചോറു തയാറാക്കി കഴിക്കണം എന്നാണു വിധി.

ധനധാന്യസമൃദ്ധിക്ക് വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. പുന്നെൽക്കതിരുകൾ കൂട്ടിക്കെട്ടി വീട്ടിൽ തൂക്കുന്നത് അടുത്ത വർഷം വരെ സമൃദ്ധിയേകും എന്നാണ് വിശ്വാസം. കാലം മാറിയതോടെ ഈ അനുഷ്ഠാനം ക്ഷേത്രങ്ങളിലേക്കു ചുരുങ്ങി.

ഈ ദിവസം ക്ഷേത്രങ്ങളിൽ നിന്ന് പൂജിച്ച് കിട്ടുന്ന നെൽക്കതിർ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിൽ പലയിടത്തും പുത്തരിപ്പായസം നിവേദിക്കുക പതിവുണ്ട്. കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് നിറപുത്തരി അഥവാ ഇല്ലം നിറ. മലയാളത്തിന്റെ സമൃദ്ധി മുഴുവൻ ഉൾക്കൊള്ളുന്ന വാക്കാണ് ഇല്ലംനിറ.

ജോതിഷരത്നം വേണു മഹാദേവ്,

+91 9847475559

Story Summary: Significance of Niraputhari and it’s Observence

error: Content is protected !!