Saturday, 23 Nov 2024
AstroG.in

ധനലക്ഷ്മി വാഴാൻ വിഷ്ണു പൂജയും വേണം

ഐശ്വര്യവും ധനസമൃദ്ധിയും സമ്മാനിക്കുന്ന ദേവത ലക്ഷ്മിദേവിയാണ്. എന്നാൽ ലക്ഷ്മിദേവിയെ മാത്രം ഭജിച്ചതുകൊണ്ട് ധനലക്ഷ്മി അനുഗ്രഹിക്കില്ല. അതിന് നാരായണനെയും പൂജിക്കണം. ഇത് വിശദീകരിക്കുന്ന രസകരമായ ഒരു കഥയുണ്ട്:

ഒരിക്കൽ ഭഗവാൻ ശ്രീ മഹാവിഷ്ണു  ലക്ഷ്മിദേവിയോട് പറഞ്ഞു: ജനങ്ങൾക്ക് നമ്മോട് ഭക്തി വർദ്ധിച്ചിരിക്കുന്നു. അവർ  എപ്പോഴും  നാരായണ, നാരായണ ജപിക്കുന്നു. 

അത് കേട്ട് ചിരിച്ചു കൊണ്ട് ലക്ഷ്മി ദേവി  പറഞ്ഞു: അത് അങ്ങയുടെ പ്രീതി കിട്ടാനൊന്നുമല്ല; എന്നെ ലഭിക്കാനാണ്; അതായത് ധനവും ഐശ്വര്യവും കിട്ടാനാണ് അവർ ഭക്തി വളർത്തുന്നത്.

ഭഗവാൻ പറഞ്ഞു: എങ്കിൽ അവർ കുറച്ചെങ്കിലും ലക്ഷ്മി, ലക്ഷ്മി എന്ന് ജപിക്കണ്ടെ?

അങ്ങയ്ക്ക് ഞാൻ പറഞ്ഞത്  വിശ്വാസമാകുന്നില്ലെങ്കിൽ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം.

അങ്ങനെ ഭഗവാൻ ശ്രീമഹാവിഷ്ണു ഒരു  ബ്രാഹ്മണന്റെ വേഷമെടുത്ത്  ഭൂമിയിൽ ഒരു ഗ്രാമ മുഖ്യന്റെ വസതിക്ക് മുന്നിൽ  പ്രത്യക്ഷപ്പെട്ടു. ആ വീട്ടുടമ ഭഗവാനോടു ചോദിച്ചു: എവിടുന്നു വരുന്നു അങ്ങ്?

ഞാൻ നിങ്ങളുടെ ഗ്രാമത്തിൽ ഈശ്വര കഥാമൃതാലാപനം, സപ്താഹം  നടത്താൻ  ആഗ്രഹിക്കുന്നു.

ഗ്രാമമുഖ്യൻ പറഞ്ഞു: ശരി, നമുക്ക് ഗ്രാമത്തിൽ ഉടൻ തന്നെ ഈശ്വര കഥാമൃതാലാപന വേദി ഒരുക്കാം.  അങ്ങയ്ക്ക്  എന്റെ വീട്ടിൽ താമസിക്കാം . 

ഗ്രാമീണർ ഒത്തു കൂടി വേദിയൊരുക്കി; ബ്രാഹ്മണൻ ഈശ്വര കഥാമൃതാലാപനം തുടങ്ങി.  ആദ്യ ദിവസം കേൾക്കാൻ വളരെ കുറച്ചു പേർ മാത്രം വന്നു. ബ്രാഹ്മണനായി വേഷം മാറിയ  ഭഗവാൻ അവരെ സ്വന്തം കഥ പറഞ്ഞു കേൾപ്പിച്ചു. രണ്ടാമത്തെ ദിവസം ആളുകൾ കൂടി;  മൂന്നാമത്തെ ദിവസം അത് വലിയ ആൾക്കൂട്ടമായി. ഭഗവാന്  സന്തോഷമായി ആൾക്കാർക്കെല്ലാം എന്തൊരു ഭക്തി.

ലക്ഷ്മി ദേവി ഇത് കണ്ട് മന്ദഹസിച്ചു. ഉടൻ തന്നെ ദേവി ഒരു വൃദ്ധയുടെ  രൂപമെടുത്ത് ഗ്രാമത്തിൽ പ്രത്യക്ഷയായി. അവിടുത്തെ ഒരു സ്ത്രീ അപ്പോൾ വീട് അടച്ച് ഈശ്വര കഥാമൃതാലാപനം കേൾക്കാൻ ഇറങ്ങുകയായിരുന്നു. വൃദ്ധ രൂപമെടുത്ത ലക്ഷ്മിദേവി അവരുടെ മുന്നിലെത്തി കുറച്ചു വെള്ളം  ചോദിച്ചു. 

ആ സ്ത്രീ പറഞ്ഞു: അമ്മേ എനിക്ക് നേരമില്ല; ഞാൻ ഈശ്വര കഥാമൃതാലാപനം കേൾക്കാൻ ഇറങ്ങുകയാണ്. വൃദ്ധ പറഞ്ഞു: വല്ലാതെ ദാഹിക്കുന്നു, കുറച്ചു വെള്ളം തരൂ. അലിവ് തോന്നിയ ആ സ്ത്രീ വീട് തുറന്ന് അകത്തു പോയി ഒരു പാത്രത്തിൽ വെള്ളവുമായി വന്നു. വൃദ്ധ വെള്ളം കുടിച്ചിട്ട് പാത്രം തിരിച്ചു കൊടുത്തപ്പോൾ ആ സ്ത്രീയുടെ കണ്ണ് മഞ്ഞളിച്ചു. അവർ നൽകിയ ഓട്ടുപാത്രം സ്വർണ്ണമായി മാറിയതിന്റെ അന്ധാളിപ്പായിരുന്നു അത്. കൊടുത്തത് ഓട്ടു പാത്രം; തിരിച്ചു കിട്ടിയത് സ്വർണ്ണപ്പാത്രം. എന്തൊരു മായാജാലം!  

ഏതോ ദിവ്യാത്മാവാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്നും അവരെ പ്രീതിപ്പെടുത്തിയാൽ കൂടുതൽ സ്വർണ്ണം നേടാമെന്നും ചിന്തിച്ച് ആ സ്ത്രീ കൈകൂപ്പി പറഞ്ഞു: അമ്മേ  അവിടുത്തേക്ക്  വിശക്കുന്നുണ്ടോ ? എങ്കിൽ ഭക്ഷണം വിളമ്പാം. ഭക്ഷണം തളികയിൽ വച്ച് ഒപ്പം ഗ്ലാസ്സ്, സ്പൂൺ എന്നിവയും കൊടുത്താൽ അതെല്ലാം സ്വർണ്ണമായി തിരിച്ചു കിട്ടുമല്ലോ എന്നു കരുതിയാണ് അവർ വൃദ്ധയെ ഭക്ഷണത്തിന് ക്ഷണിച്ചത്. 
വൃദ്ധ സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു. എന്നിട്ട് പറഞ്ഞു: നിങ്ങൾ വേഗം പോകൂ;  ഈശ്വര കഥാമൃതാലാപനം തുടങ്ങാൻ സമയമായി. ആ സ്ത്രീ അകത്തേക്ക് കയറിയതും  ഞൊടിയിടയിൽ വൃദ്ധ മറഞ്ഞു.

ഉടൻ തന്നെ സപ്താഹ  സ്ഥലത്തെത്തിയ സ്ത്രീ തന്റെ കൂൂട്ടുകാരികളോടെല്ലാം  നടന്ന ആശ്ചര്യകരമായ കാര്യങ്ങൾ പറഞ്ഞു. സ്ത്രീകൾക്കെല്ലാം അത്ഭുതമായി; അവരെല്ലാം  പെട്ടെന്നു തന്നെ കഥാമൃതാലാപന വേദിയിൽ നിന്നും എഴുന്നേറ്റ് പോയിവൃദ്ധയെ തിരഞ്ഞു. അടുത്ത ദിവസം കഥാമൃതാലാപനം കേൾക്കാൻ ആൾക്കാർ കുറവായിരുന്നു.  
സപ്താഹാചാര്യനായി വേഷം മാറിയ ഭഗവാൻ  കാരണം ആരാഞ്ഞു: ആൾക്കൂട്ടം കുറഞ്ഞതെന്താണ്? 

ആരോ പറഞ്ഞു: മന്ത്ര സിദ്ധിയുള്ള ഒരമ്മ ഗ്രാമത്തിൽ വന്നിട്ടുണ്ട്. അവർ ആരുടെ വീട്ടിൽ നിന്നു വെള്ളം  കുടിക്കുന്നോ ആ പാത്രമെല്ലാം സ്വർണ്ണമാകും. തളികയിൽ  എന്തെങ്കിലും കഴിച്ചാൽ അതും സ്വർണ്ണമാകും. ചുരുക്കിപ്പറഞ്ഞാൽ അവർ തൊടുന്നതെന്തും സ്വർണ്ണമാകും. 

വൃദ്ധ എപ്പോൾ ഏത് വീട്ടിൽ കയറി വരും എന്നാർക്കും അറിയില്ല.  അതു കാരണം എല്ലാവരും വീട്ടിൽ തന്നെ കഴിയുകയാണ്.   
ഭഗവാൻ ശ്രീമഹാവിഷ്ണുവിന് കാര്യം 

മനസ്സിലായി: ലക്ഷ്മി ദേവി  വന്നിരിക്കുന്നു. 

അപ്പോൾ ഗ്രാമമുഖ്യൻ  എഴുന്നേറ്റു പറഞ്ഞു: അതിശയമായിരിക്കുന്നു. 
അയാളും വൃദ്ധയെ തേടിയിറങ്ങി; ഒടുവിൽ കണ്ടെത്തി പറഞ്ഞു:  അമ്മേ ഞാൻ ഈശ്വര കഥാമൃതാലാപനത്തിനായി ഒരു   വേദിയുണ്ടാക്കിയിട്ടുണ്ട്. അമ്മ സപ്താഹ വേദിയിലും എന്റെ ഗൃഹത്തിലും വന്ന് അനുഗ്രഹിക്കണം.

വൃദ്ധ പറഞ്ഞു: നിന്റെ വീട്ടിൽ ഞാൻ ആദ്യം വരുമായിരുന്നു. എന്നാൽ എനിക്ക് മുന്നേ വന്ന  സപ്താഹാചാര്യനെ നീ വീട്ടിൽ താമസിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം പോയ ശേഷം ഞാൻ വരാം. 
ഗ്രാമമുഖ്യൻ പറഞ്ഞു: ഇത്രയേ ഉള്ളോ കാര്യം? ഞാൻ  ആചാര്യന് ധർമ്മശാലയിൽ താമസ സൗകര്യം ഒരുക്കാം. 
സപ്താഹാചാര്യൻ  കഥാമൃതാലാപനം കഴിഞ്ഞു വന്നപ്പോൾ ഗ്രാമമുഖ്യൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സാധനങ്ങളെല്ലാം എടുത്ത്  ധർമ്മശാലയിലേക്ക് പോകുക; അവിടെ ഞാൻ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. 

ആചാര്യനായ ബ്രാഹ്മണൻ ചോദിച്ചു : രണ്ടു ദിവസം കൂടിയെ സപ്താഹം ഉള്ളൂ. അതുവരെ ഞാൻ ഇവിടെത്തന്നെ താമസിക്കുന്നതല്ലെ നല്ലത്? 

ഗ്രാമമുഖ്യൻ പറഞ്ഞു: പറ്റില്ല. പെട്ടെന്ന് തന്നെ മാറണം എനിക്ക് അങ്ങനെ കഥാമൃത ആലാപനത്തിലൊന്നും  താല്പര്യമില്ല. എന്റെ വീട്ടിൽ ആരെയും കൂടുതൽ കാലം താമസിപ്പിക്കുന്നവനും കഴിയില്ല. 

അവർ തമ്മിൽ ഈ സംഭാഷണം നടക്കുന്നതിനിടയിൽ വൃദ്ധ മാതാവ് അവിടെ എത്തി. അവർ  ഗ്രാമമുഖ്യനോട് പറഞ്ഞു:  താങ്കൾ കുറച്ചു സമയം പുറത്തു പോകണം. എനിക്ക് ഇദ്ദേഹത്തോട് ചിലത്  സംസാരിക്കാനുണ്ട്.  എന്നിട്ട് ലക്ഷ്മി ദേവി വിഷ്ണു ഭഗവാനോട് ചോദിച്ചു: പ്രഭോ, ഇപ്പോൾ ആൾക്കാരുടെ ഇംഗിതമെല്ലാം മനസ്സിലായില്ലെ? 

ഭഗവാൻ പറഞ്ഞു: മനസ്സിലായി. ഇത് ലക്ഷ്മി  പ്രഭാവം തന്നെയാണ്. എന്നാൽ ദേവി ഒരു കാര്യം  സമ്മതിക്കണം. ദേവിയുടെ സമീപം ആളുകൾ വന്നു കുടിയത് ഞാൻ ഇതു പോലെ സാധു സന്യാസിയായി വന്നപ്പോഴാണ്. സജ്ജനങ്ങൾ എവിടെ ഈശ്വര കഥ പറയുന്നുവോ അവിടെ ലക്ഷ്മിയുടെ താമസം സുഗമമാകും. 

ഉടൻ തന്നെ ഭഗവാൻ മഹാവിഷ്ണു വൈകുണ്ഠത്തിലേക്ക് തിരിച്ചു പോയി. അടുത്ത ദിവസം ഗ്രാമമുഖ്യന്റെ വീട്ടിൽ  ഗ്രാമവാസികളുടെ വലിയ ആൾക്കൂട്ടമമായി. അവർ എല്ലാവരും വൃദ്ധ മാതാവ് തങ്ങളുടെ വീടുകളിൽ വന്ന് അനുഗ്രഹം ചൊരിയുമെന്ന്  പ്രതീക്ഷിച്ച് എത്തിയതായിരുന്നു. എന്നാൽ വൃദ്ധ മാതാവ് ഗ്രാമമുഖ്യനോടും അവിടെ കൂടിയവരോടുമായി പറഞ്ഞു: ഞാനിതാ പോകുന്നു. 

അവർ ഒറ്റ സ്വരത്തിൽ പറഞ്ഞു:  അമ്മേ,  അമ്മേ….നമ്മെ ഉപേക്ഷിച്ച് പോകരുത്…… 

ലക്ഷ്മിദേവി അപ്പോൾ കാര്യം വെളിപ്പെടുത്തി: ഞാൻ ഭഗവാൻ ശ്രീ മഹാവിഷ്ണു  വസിക്കുന്നിടത്താണ് താമസിക്കുക.ഇവിടെ ഈശ്വര കഥാമൃതാലാപനം നടത്തിവന്ന ആചാര്യൻ ഭഗവാൻ ശ്രീ മഹാവിഷ്ണുവായിരുന്നു. ഇപ്പോൾ ഭഗവാൻ ഇവിടം വിട്ടു പോയി. ഇനി എനിക്കെങ്ങനെ ഇവിടെ കഴിയാൻ പറ്റും?
പൊടുന്നനെ ദേവി അപ്രത്യക്ഷയായി. 

ഈ കഥയുടെ പൊരുൾ ഇത്ര മാത്രം: ആരാണൊ കേവലം ലക്ഷ്മി ദേവിയെ മാത്രം പൂജിക്കുന്നത് അവിടെ ഭഗവാൻ ശ്രീ മഹാവിഷ്ണു അകന്നു നിൽക്കും. ദുരാഗ്രഹങ്ങൾ വെടിഞ്ഞ്  സത്യവും ധർമ്മവും പാലിക്കുന്നിടത്തു മാത്രമേ ഐശ്വര്യമുണ്ടാകൂ. ഭഗവാൻ നാരായണൻ സത്യ സ്വരൂപനും ധർമ്മ പരിപാലകനുമാണ്. ഇവയുള്ളടത്തു മാത്രമേ   ധനലക്ഷ്മി, ഐശ്വര്യ ലക്ഷ്മി നിൽക്കൂ.
അതിനാൽ നമ്മൾ വിഷ്ണു പൂജ ചെയ്ത് സദ് വൃത്തരായി ജീവിച്ചാൽ ലക്ഷ്മി ഭഗവതി  പിന്നാലെ വരും. കാരണം ലക്ഷ്മി ഭഗവതിക്ക്  ഭഗവാനെ പിരിഞ്ഞ് കഴിയാൻ പറ്റില്ല. എവിടെ  വിഷ്ണു സാന്നിദ്ധ്യം ഉണ്ടോ അവിടെ ലക്ഷ്മി ദേവിയും  വസിക്കും. അതിനാൽ യഥാർത്ഥ ഐശ്വര്യത്തിന് ലക്ഷ്മി ദേവിക്കൊപ്പം മഹാവിഷ്ണുവിനെയും പൂജിക്കണം.
   – വേണു മഹാദേവ്+ 91 9847475559

error: Content is protected !!