Sunday, 6 Oct 2024
AstroG.in

ധാര നടത്തിയാൽ പെട്ടെന്ന് ഫലം;
ഇഷ്ടകാര്യസിദ്ധിക്ക് ജലധാര

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവക്ഷേത്രത്തിൽ ചെയ്യുന്ന സുപ്രധാന വഴിപാടാണ് ധാര. ജഗത്പിതാവും ക്ഷിപ്രകോപിയും സംഹാരത്തിന്റെ മൂർത്തിയുമായ ശിവന ഭഗവാന്റെ ശിരസ്സിൽ ജലമോ മറ്റ് ദ്രവ്യങ്ങളോ ധാരയായി, ഇടമുറിയാതെ, നിർത്താതെ, ഒഴിക്കുന്ന അനുഷ്ഠാനമാണ് ധാര എന്ന് പറയാം.

അഭിഷേക ഭാഗമായാണ് ക്ഷേത്രങ്ങളിൽ നടത്തുന്നത്. രാവിലെയാണ് ഉത്തമ സമയം. പ്രത്യേക സന്ദർഭങ്ങളിൽ വൈകിട്ടും ധാര നടത്താറുണ്ട്. ഉദാഹരണത്തിന് പ്രദോഷ ദിവസം സന്ധ്യയ്ക്ക് പ്രദോഷപൂജയുണ്ട്. അതിന്റെ കൂടെ അഭിഷേകങ്ങൾ നടത്താറുണ്ട്. അക്കൂട്ടത്തിലും ധാര നടത്താം. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഭിഷേകം ഇല്ലാത്തതിനാൽ രാവിലത്തെ അഭിഷേകം കഴിഞ്ഞതിന് ശേഷം ധാര നടത്തുകയാണ് പതിവ്.

ധാര ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട് പ്രാവശ്യമായിട്ടോ ചെയ്യാം. ഇങ്ങനെ വഴിപാട് നടത്തുമ്പോൾ തിങ്കളാഴ്ച ദിവസങ്ങളിലോ മാസത്തിൽ ഒന്നു വീതമോ ചെയ്യാം. മാസത്തിൽ ഒന്നാണെങ്കിൽ ജന്മനക്ഷത്ര ദിവസങ്ങളിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പെട്ടെന്ന് ഫലം ലഭിക്കുന്ന വഴിപാടാണിത്. ഇഷ്ടകാര്യസിദ്ധിക്കും പാപശാന്തിക്കും ഉത്തമം ജലധാരയാണ്. ഘൃതധാരയുടെ ഫലം ഐശ്വര്യ സമൃദ്ധിയാണ്. ക്ഷീരധാര അഭീഷ്ട സിദ്ധിക്കും കരിക്ക് ധാര മന:ശാന്തിക്കും എണ്ണധാര രോഗങ്ങൾ ശമിക്കാനും നല്ലതാണ്.

സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തിമാരായാണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ സങ്കൽപ്പിക്കുന്നത്. ഇതിൽ ശിവനെ ക്ഷിപ്രകോപിയായാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. ശിവന്റെ തൃക്കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ സംഹരിക്കാൻ പോന്നതാണ്. തപസ്സിൽ മുഴുകിയിരുന്ന അവസരത്തിൽ തന്നിലേക്ക് ഭൗതികമായ ചിന്തകളുടെ കാമാസക്തി ഉണർത്തി വിടുന്നതിന് പുഷ്പശരം പ്രയോഗിച്ച കാമദേവനെ വരെ ശിവൻ മൂന്നാം കണ്ണ് തുറന്ന് ദഹിപ്പിച്ചു കളഞ്ഞ കഥ പുരാണങ്ങളിൽ പ്രസിദ്ധമാണ്. ഇത്തരത്തിൽ ഏറ്റവും കോപിഷ്ഠനായി ഇരിക്കുന്ന ശിവ ഭഗവാനെ ധാര എന്ന ചടങ്ങിലൂടെ നിരന്തരം അഭിഷേകം ചെയ്ത് തണുപ്പിക്കും.

വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിന് ഉപയോഗിക്കുന്നു. സപ്തശുദ്ധി, വേദാദി, ശ്രീരുദ്ര മന്ത്രം, ചമകം, രുദ്ര സൂക്തങ്ങൾ, പുരുഷസൂക്തം, ഭാഗ്യസൂക്തം, ആയുസൂക്തം, സംവാദസൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിന് ഉപയോഗിക്കുന്നത്. ശിവലിംഗത്തിന് മുകളിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാരക്കിടാരം എന്ന പാത്രത്തിൽ ജലം ഒഴിച്ച് അതിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം ജപിക്കുകയാണ് അനുഷ്ഠാനം. സാധാരണധാരയ്ക്ക് ഇതിൽ ഏതെങ്കിലും മന്ത്രം മാത്രം ഉപയോഗിക്കുമ്പോൾ നവീകരണ കലശം, പ്രതിഷ്ഠ, ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര നടത്തുമ്പോൾ മിക്ക മന്ത്രങ്ങളും ജപിച്ച് മൂന്ന് മണിക്കൂർ സമയമെടുത്ത് ചെയ്യാറുണ്ട്. ലഘുവായ രീതിയിൽ ചെയ്യുമ്പോൾ ഭഗവാന്റെ മൂലമന്ത്രം 108 പ്രാവശ്യമോ 36 പ്രാവശ്യമോ ജപിക്കുകയാണ് പതിവ്. എള്ളെണ്ണ, നെയ്യ്, പനിനീര്, ഇളനീര്, പാൽ, എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട്. എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്. അതിനനുസരിച്ച് ദ്രവ്യങ്ങൾ കരുതേണ്ടി വരും. ഈ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം കൊണ്ട് മാത്രമാണ് കൂടുതലും ധാര നടത്താറുള്ളത്. ഇതാണ് ജലധാര. മഹാക്ഷേത്രങ്ങളിൽ അഭിഷേക സമയം കൂടാതെ പന്തീരടിപൂജ, ഉച്ചപൂജ എന്നീ സമയങ്ങളിലും വിശേഷാൽ അഭിഷേകം, ധാര എന്നിവ ചെയ്യുന്നതിന് സൗകര്യം ഉണ്ട് .

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Significance of offering Dhara at Shiva Temple


error: Content is protected !!