Friday, 20 Sep 2024
AstroG.in

ധൈര്യവും വീര്യവും നൽകും ചൊവ്വ; ഭദ്രകാളി പ്രീതിക്ക് മകരച്ചൊവ്വ

ജ്യോതിഷി സുജാത പ്രകാശൻ

ജ്യോതിഷത്തിൽ നവഗ്രഹങ്ങളായ സൂര്യനെ രാജാവും ചന്ദ്രനെ രാഞ്ജിയുമായി സങ്കൽപ്പിക്കുമ്പോൾ സഹോദരകാരകനായ ചൊവ്വയ്ക്കു സൈന്യാധിപന്റെ സ്ഥാനമാണുള്ളത്. ജാതകത്തിൽ സഹോദരങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ചൊവ്വയുടെ സ്ഥിതി കൊണ്ടാണ് ചിന്തിക്കുന്നത്. മനുഷ്യന്റെ അഭിലാഷങ്ങൾ, വാസനകൾ, സഹനശക്തി, ധൈര്യം, വീര്യം, നേതൃത്വം, ഇവയെല്ലാം ചൊവ്വയുടെ നിയന്ത്രണത്തിലാണ്.

ജാതകത്തിൽ ചൊവ്വ ബലവനാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളിൽ ജാതകർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ചൊവ്വയ്ക്കുള്ള ശക്തി സൃഷ്ടിക്കും നാശത്തിനും കാരണമാകുന്നു. ചൊവ്വയുടെ മറ്റൊരു പേരാണ് കുജൻ. രാശിചക്രത്തിൽ മേടം, വൃശ്ചികം എന്നീ രാശികൾ ചൊവ്വയുടെ ക്ഷേത്രങ്ങളാകുന്നു.

ചൊവ്വ പാപഗ്രഹമാണെങ്കിലും ബലവാനാണെങ്കിൽ ജാതകന് ശുഭഫലത്തെ നൽകും. ചൊവ്വയുടെ ഉച്ചരാശി മകരവും നീചരാശി കർക്കടകവുമാണ്. ജ്യോതിഷത്തിൽ ചൊവ്വ ഓജ രാശിയിലാണെങ്കിൽ സുബ്രഹ്മണ്യനായും യുഗ്മരാശിയിലാണെങ്കിൽ ഭദ്രകാളിയായും ചിന്തിക്കും.

യുഗ്മരാശിയായ മകരം ഭദ്രകാളിക്ക് പ്രാധാന്യമുള്ള കാലമാണ്. ചൊവ്വയുടെ സ്വാധീനശക്തി ഏറ്റവും കൂടുതലുള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ച (ആദ്യത്തെ ചൊവ്വാഴ്ച ) മകരചൊവ്വയായി ഭദ്രകാളി ക്ഷേത്രങ്ങളിൽ ആഘോഷിച്ചു വരുന്നു. ഭദ്രകാളീ പ്രീതി നേടാൻ ശ്രേഷ്ഠ സമയമാണ് മകരം. മകരച്ചൊവ്വയ്ക്ക് ഭദ്രകാളി ക്ഷേത്രത്തിൽ തൊഴുത് അതി മധുരപായസം വഴിപാട് നടത്തുന്നതും ലളിതാസഹസ്രനാമം ജപിക്കുന്നതും ചൊവ്വാ ദോഷത്തിനുള്ള പരിഹാരവും ദേവിയുടെ പ്രീതിക്ക് ഉത്തമമവുമാണ്. ഇത്തവണ മകരച്ചൊവ്വ 2022 ജനുവരി 18 നാണ്. അന്ന് തൈപ്പൂയം കൂടിയായതിനാൽ ഇത്തവണത്തെ മകരച്ചൊവ്വ ഇരട്ടി ഫലദായകമാണ്.

ചൊവ്വയുടെ ജാതകത്തിലെ അനുകൂല സ്ഥിതി ജാതകർക്ക് സൈനിക സേവനത്തിന് സൗകര്യമുണ്ടാക്കും. ജാതകത്തിൽ കുജൻ എന്നതിന്റെ ചുരുക്കമായ കു: എന്ന അക്ഷരം കൊണ്ട് ചൊവ്വയെ സൂചിപ്പിക്കുന്നു. ചൊവ്വയുടെ കവടിസംഖ്യ 3 ആണ്.

ജ്യോതിഷി സുജാത പ്രകാശൻ

(വാട്സാപ്പ് : 9995960923
ശങ്കരം, കാടാച്ചിറ, കണ്ണൂർ
Email: Sp3263975@gmail.Com)

Story Summary : Significance of planet Mars (Kunjan) and Makara Chowa


error: Content is protected !!