Sunday, 22 Sep 2024
AstroG.in

നന്മയെ വരവേല്‍ക്കുന്ന ദീപാവലി ;ഐശ്വര്യവുമായി ലക്ഷ്മിയും കൃഷ്ണനും

തരവത്ത് ശങ്കരനുണ്ണി
തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. മനുഷ്യരിലെ അജ്ഞാനമാകുന്ന ഇരുട്ട് ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് അകറ്റി നന്മയെ വരവേല്‍ക്കുന്നതിന് ആഘോഷിക്കുന്നതാണ് ദീപാവലി. ദീപാവലി എന്നാൽ ദീപങ്ങളുടെ നിര എന്നാണ് അർത്ഥം.

ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമായും വിളവെടുപ്പ് മഹോത്സവമായും ഐശ്വര്യദേവതയായ ശ്രീലക്ഷ്മിയുടെയും ഭഗവാന്‍ മഹാവിഷ്ണുവിന്റെയും മംഗല്യനാളായും ശ്രീരാമനും സീതാദേവിയും രാവണ നിഗ്രഹ ശേഷം അയോദ്ധ്യയിൽ
തിരിച്ചെത്തിയ ദിവസമായും മഹാലക്ഷ്മി വീടുകളിൽ
ഐശ്വര്യം സമ്മാനിക്കാൻ വരുന്ന രാത്രിയായും വിവിധ
സങ്കല്പങ്ങളിൽ ദീപാവലി ആഘോഷിക്കുന്നു. തുലാം മാസത്തിലെ അമാവാസിയിൽ അനുഗ്രഹ പുണ്യവുമായി വീടുകളിൽ വരുന്ന ലക്ഷ്മിദേവിയെ പൂജയോടെ ഭക്തർ വരവേൽക്കുന്നു എന്നതാണ് അന്നത്തെ ലക്ഷ്മി പൂജയുടെ പ്രാധാന്യം. ബംഗാളില്‍ നാല് ദിവസത്തെ കാളിപൂജയായും, ജൈനന്മാര്‍ മഹാവീരന്റെ നിര്‍വ്വാഹ പൂജാഉത്സവമായും ദീപാവലി ആഘോഷിക്കുന്നു.

ദീപാവലി ദിവസം പുലര്‍ച്ചെ വീട്ടിൽ എല്ലാവരും ഉണരണം. ദീപം കത്തിച്ച ശേഷം നല്ലെണ്ണ തലയില്‍ തേച്ച് കുളിക്കണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സത്യഭാമസമേതം നരകാസുരനെ വധിച്ചത് ദീപാവലി നാള്‍ അര്‍ദ്ധരാത്രി ആണ്. ഭഗവാനും പത്നിയും പുലര്‍ച്ചെ ഗംഗയിലെത്തി
ശരീരത്തില്‍ പറ്റി പിടിച്ച നരകാസുരന്റെ രക്തക്കറ കഴുകി കളഞ്ഞു. സത്യഭാമ ഭഗവാന്റെ ശരീരത്തിലെ മുറിപ്പാടില്‍ തൈലം പുരട്ടിയ ഓര്‍മ്മയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലി ദിവസം എല്ലാവരും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നു. ദീപങ്ങള്‍ കത്തിച്ചു വച്ച് പൂജയും നിവേദ്യവും സര്‍വ്വര്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു. യുദ്ധം കഴിഞ്ഞ് ശരീരവേദന അകറ്റാന്‍ ഭഗവാൻ തേച്ചു കുളിച്ചത് സ്മരിക്കാനാണത്രെ അന്ന് എല്ലാവരും തേച്ചു കുളിക്കണം എന്ന് പറയുന്നത്. നരകാസുരനെ വധിച്ച കൃഷ്ണനെ സ്വീകരിച്ചത് വൻ ദീപപ്രഭയില്‍ ആയിരുന്നത്രേ. അതിന്റെ അനുസ്മരണമാണ് ദീപനിര.

ദീപാവലിയെപ്പറ്റി വേറെയും ഐതിഹ്യങ്ങളുണ്ട്. പണ്ടൊരിക്കല്‍ ഹിരണ്യാക്ഷനെന്ന അസുരന്‍ ഗദകൊണ്ട് തിരമാലകളെ തല്ലിത്തകര്‍ത്ത് വിഹരിക്കുന്നതു കണ്ട് ഭയന്നുവിറച്ച വരുണന്‍ മഹാവിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചു. ഇതില്‍ കോപാന്ധനായ ഹിരണ്യാക്ഷന്‍ തന്റെ തേറ്റകള്‍ കൊണ്ട് ഭൂമിദേവിയെ പൊക്കിയെടുത്ത് പാതാളത്തിലേക്ക് മറഞ്ഞു. ആ ഓട്ടത്തില്‍ ഹിരണ്യാക്ഷനുമായി ബന്ധം ഉണ്ടാകുകയും തുടര്‍ന്ന് ഭൂമിദേവി ഗര്‍ഭിണിയാകുകയും ചെയ്തു. ദേവി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ പേരാണ് നരകാസുരന്‍.

അശുദ്ധിയില്‍ നിന്നും ജനിച്ച ശിശുവായിട്ടും ഭൂമിദേവിക്ക് അവനെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. ദുഃഖാകുലയായ ദേവി കുഞ്ഞിനെയും എടുത്തുകൊണ്ട് വിഷ്ണുവില്‍ അഭയം തേടി. ദേവി ഭഗവാനോട് തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കരുണാമയനും ആശ്രിതവത്സലനുമായ ഭഗവാന്റെ മനസ്സലിഞ്ഞു. നരകന് ഭഗവാന്‍ തന്റെ നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു:

“”ഹേ നരകാ! ഈ അസ്ത്രം കൈവശം ഉള്ളിടത്തോളം ഞാനൊഴികെ മറ്റാര്‍ക്കും നിന്നെ വധിക്കാനാകില്ല.” അഹങ്കാരം തലയ്ക്കു പിടിച്ചപ്പോള്‍ നരകന്‍ മദോന്മത്തനായി. അവന്‍ സകലദേവന്മാരുടേയും പേടി സ്വപ്നമായി. അവരെ ബന്ദികളാക്കി. പ്രാഗ്ജ്യോതിഷം എന്ന നഗരം തലസ്ഥാനമാക്കി പ്രഭാവശാലിയായ
അസുരചക്രവര്‍ത്തിയായി നരകന്‍ വാണു.

അസുര ഭീകരവാഴ്ച എല്ലാവരെയും ശോകാകുലരാക്കി. അവന്‍ ഒരുനാള്‍ വഴിയില്‍ വച്ച് ത്വഷ്ടാവിന്റെ മകള്‍ കശേരുവിനെ ബലാല്‍ക്കാരം ചെയ്തു. ദേവസ്ത്രീകളും മനുഷ്യസ്ത്രീകളും ഒക്കെയായി പതിനാറായിരം പേരെ നരകന്‍ മണിപര്‍വ്വതത്തിലുള്ള ഔദകം എന്ന സ്ഥലത്ത് ബന്ദികളാക്കി വച്ചു. അതിഭയങ്കരന്മാരായ ഹയഗ്രീവന്‍, നിസുന്ദന്‍, പഞ്ചനന്ദന്‍, മുരന്‍ എന്നീ ദാനവരെ നാല് ദ്വാരകപാലകന്മാരാക്കി കാവലും ഏര്‍പ്പെടുത്തി. ദേവയാനം വരെ വഴി അടഞ്ഞു കിടന്നതിനാല്‍ ആര്‍ക്കും തന്നെ അന്തഃപ്പുരത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.

ത്രിലോകങ്ങളെ തന്റെ ഇരുമ്പു മുഷ്ടികളാല്‍ നടുക്കി ദേവലോകത്തേക്ക് ഒരു കൊടുങ്കാറ്റായി വന്ന നരകനെ ദേവകള്‍ എതിര്‍ത്തുവെങ്കിലും ഫലമില്ലായിരുന്നു. ഇന്ദ്രൻ അന്തഃപ്പുരത്തു കയറിയ നരകൻ ഇന്ദ്രമാതാവായ അദിതിയുടെ വിശേഷപ്പെട്ട കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും മറ്റും അപഹരിച്ചുകൊണ്ട് കൊട്ടാരത്തിലേക്ക് യാത്രയായി. വിവരമറിഞ്ഞ ഇന്ദ്രന്‍ ദുഃഖാകുലനായി. ദ്വാരകയിലെത്തി ശ്രീകൃഷ്ണ ഭഗവാനോട് സങ്കടമുണര്‍ത്തിച്ചു.

ശ്രീകൃഷ്ണന്‍ സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി നരകന്റെ കൊട്ടാരത്തിലേക്ക് തിരിച്ചു. നരകന്റെ സൈന്യത്തെ ഭഗവാന്‍ ഞൊടിയിടകൊണ്ട് കാലപുരിക്ക് അയച്ചു. നരകനെയും ഭഗവാന്‍ വധിച്ചു. താന്‍ നരകന് നല്‍കിയ നാരായണാസ്ത്രം ഭഗവാന്‍ നരകന്റെ മകന്‍ ഭാഗദത്തന് നല്‍കി. ഇന്ദ്രലോകത്തെത്തിയ ഭഗവാന്‍ ഇന്ദ്രന് വെണ്‍കൊറ്റക്കുടയും അദിതിക്ക് കുണ്ഡലങ്ങളും
തിരിച്ചു നല്‍കിയിട്ട് ദ്വാരകയിലേക്ക് മടങ്ങി. നരകനെ വധിച്ച് വിജയശ്രീലാളിതനായി ഭാര്യാസമേതം വന്ന ഭഗവാനെ ദ്വാരകാവാസികള്‍ നാടുനീളെ അലങ്കരിച്ചും വര്‍ണ്ണകോലങ്ങള്‍ എഴുതിയും, ദീപങ്ങള്‍ കൊണ്ട് വീടും നഗരവും അലങ്കരിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, പടക്കങ്ങള്‍ പൊട്ടിച്ചും സ്വീകരിച്ചു.

ഇനിയൊരു ഐതിഹ്യം രന്തിദേവന്റെതാണ്. രന്തിദേവനെന്ന രാജാവ് ഉപവാസം കൊണ്ട് തന്റെ പാപങ്ങള്‍ കഴുകി കളഞ്ഞ് സ്വര്‍ഗ്ഗസ്ഥനാകുന്നതാണ് കഥ. മറ്റൊന്ന് ദുര്‍ഗ്ഗാദേവിയെക്കുറിച്ചുള്ള പരാമര്‍ശമാണ്. അസുര നിഗ്രഹം കഴിഞ്ഞ് മടങ്ങിയെത്തിയ ദേവിയെ ഭക്തർ ദീപാലങ്കാരമൊരുക്കി സ്വീകരിച്ചു. രാവണ നിഗ്രഹശേഷം സീതാദേവിയേയും കൊണ്ട് എത്തിയ ശ്രീരാമചന്ദ്രനെ അയോദ്ധ്യാവാസികള്‍ എതിരേൽക്കുന്ന ഉത്സവമായും ദീപാവലി കൊണ്ടാടുന്നവരുണ്ട്.

  • തരവത്ത് ശങ്കരനുണ്ണി, +919847118340

Story Summary: Significance and myth of Deepavali

error: Content is protected !!