Sunday, 6 Oct 2024
AstroG.in

നല്ല വിവാഹത്തിനും ദാമ്പത്യ വിഷമങ്ങൾ പരിഹരിക്കുന്നതിനും കൂവളാർച്ചന

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തിന്റെ ഇല. ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് ഈ ഇല വിന്യസിച്ചിരിക്കുന്നത്. അതിനാൽ ഇത് പരമശിവന്റെ മൂന്ന് കണ്ണുകളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ത്രിഗുണങ്ങളുടെയും പ്രതീകമാണത്രേ ഇത്.

ശിവന് പ്രിയപ്പെട്ടതായതിനാൽ കൂവള വൃക്ഷത്തെ ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ
പേരുകളിലും അറിയപ്പെടുന്നു. ശിവക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനം നല്‍കി പരിപാലിക്കുന്ന വൃക്ഷമാണ് കൂവളം. ഇതിന്റെ ഇല വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

ബില്വാഷ്ടകം ജപിച്ച് കൂവളത്തിന്റെ ഇല കൊണ്ട് ശിവഭഗവാന് അര്‍ച്ചന ചെയ്യുന്നതിലൂടെ ജന്മാന്തര പാപങ്ങള്‍ പോലും നശിച്ച് മോക്ഷം ലഭിക്കും.
ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിച്ചാൽ ആഗ്രഹിക്കുന്നതിന്റെ ഇരട്ടിഫലം ലഭിക്കും.
ശിവരാത്രി, തിരുവാതിര, പ്രദോഷം, ഞായർ, തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ കൂവളത്തിന്റെ ഇല കൊണ്ട് അർച്ചന നടത്തുന്നത് വളരെ വിശേഷമാണ്. വിവാഹ തടസം മാറുന്നതിനും, അനുയോജ്യമായ മികച്ച ബന്ധം ലഭിക്കുന്നതിനും ആഗ്രഹിക്കുന്ന വിവാഹ ബന്ധത്തിനും ദാമ്പത്യ വിഷമങ്ങൾ പരിഹരിക്കുന്നതിനും കുവളത്തിന്റെ
ഇലകൊണ്ടുള്ള അർച്ചന ഉത്തമമാണ്. കൂവള ഇല കൊണ്ട് മാലകെട്ടി ഭഗവാന് സമർപ്പിക്കാറുണ്ട്. നല്ല മണമുള്ള പച്ചകലർന്ന മഞ്ഞപ്പൂക്കളാണ് ഇതിനുള്ളത്. ഏപ്രിൽ – മേയ് മാസങ്ങിലാണ് കൂവളം പൂവിടുന്നത്.
കൂവളത്തിന്റെ ചുവട്ടിൽ നിന്ന് പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവഭജനം നടത്തിയാൽ എല്ലാ ഐശ്വര്യവും സകലരുടെയും ആദരവും ലഭിക്കും.

ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമായും കൂവളത്തെ പരിഗണിക്കുന്നു. ഈ നക്ഷത്രജാതർ
ശ്രീ പരേശ്വരനെ ഭജിച്ച് കൂവളം നട്ടു പരിപാലിച്ചാൽ ഗ്രഹദോഷങ്ങള്‍ക്ക് ശമനമുണ്ടാകും. അവരുടെ കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കും.

കൂവളം നശിപ്പിക്കുക, സംരക്ഷിക്കാതിരിക്കുക, അതിന്റെ പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ വളരെ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതും നിത്യവും കൂവളത്തിന്റെ ചുവട്ടിൽ ദീപം തെളിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമമാണ്.

ഒരു കൂവളം നട്ടാൽ അശ്വമേധ യാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നിവ ലഭിക്കുമെന്നു പുരാണങ്ങളിൽ പറയുന്നു.

ഓരോ മാസത്തെയും സംക്രമം, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നതു ശിവകോപത്തിന് കാരണമാകും എന്നാണു വിശ്വാസം. തലേന്നു അടർത്തി വച്ച് ഈ ദിവസങ്ങളിൽ പൂജയ്ക്ക് എടുക്കാം. കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷമേ
ദേവസാന്നിധ്യമുള്ള കൂവളത്തിൽ നിന്ന്
ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കരുത്, തല്ലി വീഴ്ത്തുകയും ചെയ്യരുത്. മരത്തിൽ കയറി അടർത്തുന്നതാണ് ഉത്തമം.

വിഷശമനശക്തിയുളള കൂവളത്തെ അഷ്ടാംഗ ഹൃദയത്തില്‍ ഔഷധങ്ങളുടെ ഗണത്തിലാണ് ചേർത്തിരിക്കുന്നത്. പ്രമേഹം, വാതം, കഫം, ക്ഷയം, അതിസാരം, രക്തദൂഷ്യം, ശ്വാസകോശ
രോഗങ്ങൾ, കർണ്ണ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇത് ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. പ്രസിദ്ധമായ വില്വാദിലേഹ്യം, വില്വാദി ഗുളിക, ദശമൂലാരിഷ്ടം, വില്വചന്ദനാദി കഷായം തുടങ്ങിയ പ്രസിദ്ധമായ മരുന്നുകളിൽ കൂവളത്തിന്റെ ഇലയുടെ അംശങ്ങൾ അടങ്ങിയിരിക്കുന്നു.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559

error: Content is protected !!