Saturday, 23 Nov 2024
AstroG.in

നവധാന്യ ഗണപതിയെ പൂജിക്കുന്ന വീട്ടിൽ ഒന്നിനും കുറവും തടസവും വരില്ല

സമ്പത്തും ഐശ്വര്യവും കൊണ്ടു വരുമെന്നാണ് വിശ്വസിക്കുന്ന നവധാന്യങ്ങൾ നവഗ്രഹങ്ങളുടെ പ്രതീകമാണ്. നവഗ്രഹ പൂജയിലും ഹോമത്തിലും നവധാന്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നവഗ്രഹ പൂജയിൽ ഒരോ ഗ്രഹത്തിന്റെയും ദേവതകളെ
ആരാധിച്ചിരുത്താൻ ആദ്യം കളം വരയ്ക്കും. പിന്നെ അതിൽ ആ ഗ്രഹത്തിന്റെ ഇഷ്ടനിറത്തിലുള്ള പട്ടു വിരിച്ച് ഗ്രഹത്തിന് വിധിച്ചിട്ടുള്ള ധാന്യം നിരത്തും. അതിലേക്കാണ് ഗ്രഹദേവതയെ ആവാഹിക്കുന്നത്. തുടർന്ന് ഒരോന്നിന്റെയും പൂജയ്ക്ക് പ്രത്യേകം മന്ത്രങ്ങൾ ഉരുവിടും. നവഗ്രഹ ഹോമത്തിന് ഒരോ ഗ്രഹത്തിനും പ്രത്യേകം ചമതയും ഹവിസും വേണം.

നവഗ്രഹങ്ങളുടെ പ്രതീകമായതു കൊണ്ട് നവധാന്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗണപതി രൂപങ്ങൾ ഗൃഹത്തിൽ വച്ചുള്ള ഉപാസനയ്ക്ക് ശ്രേഷ്ഠമായി കരുതപ്പെടുന്നു.
നവധാന്യ ഗണപതിയെ വീട്ടിൽ വച്ചാരാധിച്ചാൽ വിഘ്നനിവാരണം മാത്രമല്ല നവഗ്രഹ പ്രീതിയും ഫലമാണ്. നവധാന്യ ഗണപതി വിഗ്രഹം ഓൺലൈനിൽ വാങ്ങാം.100 രൂപ മുതൽ വിലയുള്ള നവധാന്യ ഗണപതി വിഗ്രഹങ്ങൾ പ്രമുഖ ക്ഷേത്രങ്ങൾക്ക് സമീപമുളള ഷോപ്പുകളിൽ നിന്നും ലഭിക്കും. നവധാന്യ ഗണപതിയെ പൂജാമുറിയിൽ കിഴക്ക് അല്ലെങ്കിൽ വടക്ക് ദർശനമായി വച്ച് ആരാധിക്കണം. ഈ ഗണപതിയെ പൂജിക്കുന്ന വീട്ടിൽ ഒന്നിനും ഒരു കുറവും തടസവും ഉണ്ടാകില്ല. . മൂലമന്ത്രമായ ഓം ഗം ഗണപതയേ നമ: യ്ക്കൊപ്പം നവഗ്രഹസ്തോത്രം കൂടി നിത്യേന ജപിക്കുകയാണെങ്കിൽ അവിടെ ഐശ്വര്യവും ധനധാന്യ സമൃദ്ധിയും സന്താനക്ഷേമവും ഉണ്ടാകും; രോഗദുരിതങ്ങൾ മാറി നിൽക്കും.

അനുഷ്ഠാനകർമ്മങ്ങൾക്കും ഹോമങ്ങൾക്കും ഉപയോഗിക്കുന്ന നവധാന്യങ്ങൾ ഇവയാണ്: ഗോതമ്പ്, നെല്ല്, തുവര, പയർ, കടല, അമര, എള്ള്, ഉഴുന്ന്, മുതിര. ഈ ധാന്യങ്ങൾക്ക് പറഞ്ഞിട്ടുള്ള ഗ്രഹങ്ങൾ ഇവയാണ്: ഗോതമ്പ് സൂര്യൻ, നെല്ല് ചന്ദ്രൻ, തുവര ചൊവ്വ, പയർ ബുധൻ, കടല വ്യാഴം, അമര ശുക്രൻ, എള്ള് ശനി, ഉഴുന്ന് രാഹു, മുതിര കേതു എന്നാണ് സങ്കൽപ്പം. ഗ്രഹപ്പിഴകൾ അനുഭവിക്കുന്നവർ ദോഷ സമയത്ത് ഏത് ഗ്രഹമാണോ ബുദ്ധിമുട്ടിക്കുന്നത് അതിന് വിധിച്ച ധാന്യം അഗതികൾക്ക് ദാനം ചെയ്യുന്നത്
മികച്ച ദോഷപരിഹാരമാണ്.

വൈദിക – താന്ത്രിക – മാന്ത്രിക കർമ്മങ്ങൾക്ക് നവധാന്യങ്ങൾ ഉപയോഗിക്കും.ക്ഷേത്രങ്ങളിൽ വിശേഷപൂജകൾക്ക് ഇവ മുളപ്പിക്കുകയും മുളയറയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. കലശപൂജകൾക്ക് മുളപ്പിച്ച നവധാന്യങ്ങൾ ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിൽ ഉത്സവ കൊടിയേറ്റ് നടക്കുന്നത് നവധാന്യങ്ങൾ മുളപ്പിച്ചു കൊണ്ടാണ്. ചിലസ്ഥലങ്ങളിൽ ഗൃഹപ്രവേശത്തിന് നവധാന്യവുമായി ദമ്പതികൾ പ്രവേശിക്കുന്ന ചടങ്ങുണ്ട്. തെക്കൻ കേരളത്തിൽ സഞ്ചയനത്തിന് മണ്ണിട്ടുമൂടിയ സംസ്‌കാര സ്ഥലത്ത് നവധാന്യങ്ങൾ വിതറാറുണ്ട്.

ടി.എസ് ഉണ്ണി, നാസിക് , + 91 9847118340

error: Content is protected !!