നവരാത്രി ആരംഭം, മഹാളയ ശ്രാദ്ധം,
പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം
(2021 ഒക്ടോബർ 3-9)
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2021 ഒക്ടോബർ 3 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു നവരാത്രി ആരംഭമാണ്. പ്രദോഷം, അമാവാസി, മഹാളയപക്ഷ അവസാനം എന്നിവയാണ് മറ്റ് പ്രധാന വിശേഷങ്ങൾ. ഒക്ടോബർ 4 നാണ് ശിവപ്രീതികരമായ കന്നിമാസത്തിലെ കറുത്തപക്ഷ പ്രദോഷ വ്രതം.. ഈ ദിവസം വ്രതമെടുത്ത് ശിവക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതിമാരുടെ അനുഗ്രഹത്താൽ സർവ കാമനകളും സഫലമാകും. ഒക്ടോബർ 6 നാണ് അമാവാസിയും മഹാളയ അമാവാസി ശ്രാദ്ധവും. കർക്കടക വാവു പോലെ പിതൃപ്രീതി കർമ്മങ്ങൾക്ക് ഉത്തമമാണ് കന്നിമാസത്തിലെ മഹാളയ അമാവാസി ശ്രാദ്ധം. ഭദ്രപദമാസത്തിലെ കൃഷ്ണപക്ഷപ്രഥമതിഥി മുതൽ ആശ്വിനമാസാരംഭത്തിന് തൊട്ടുമുമ്പ് വരുന്ന വരെയുള്ള ദിവസങ്ങളാണ് മഹാളയ പക്ഷമായി കണക്കാക്കുന്നത്. ഇത് അവസാനിക്കുന്ന ദിവസമായ മഹാളയ അമാവാസിക്ക് പിതൃപൂജ നടത്തിയാൽ പിതൃദോഷശാന്തി, ഐശ്വര്യലബ്ധി എന്നിവ ലഭിക്കും. സന്താനദുരിതം, വിവാഹതടസം, ധനനാശം, ദാമ്പത്യ ക്ലേശം, മാനസിക പ്രശ്‌നം, തൊഴിൽ നഷ്ടം എന്നിവ മാറാനും മഹാളയഅമാവാസി ശ്രാദ്ധം നല്ലതാണ്.
ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളെ പൂജിച്ച് ആരാധിക്കേണ്ട കാലമാണ് അറിവിന്റെ ഉത്സവമായ നവരാത്രി കാലം. ഒരു വർഷം അശ്വിനം, ചൈത്രം, മാഘം, ആഷാഢം എന്നീ ചന്ദ്രമാസങ്ങളിലാണ് നവരാത്രികൾ വരുന്നത്. ഇതിൽ പ്രധാനം ആശ്വിന നവരാത്രിയാണ്. ദുരിതങ്ങൾ വർദ്ധിക്കുന്ന അശ്വിന നവരാത്രി കാലം ദേവിഉപാസനയ്ക്ക് നല്ലതാണ്. കന്നി മാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ഒൻപത് ദിവസങ്ങളാണ് നവരാത്രി ആചരണം. ഒക്ടോബർ 7 ന് തുടങ്ങുന്ന നവരാത്രി വ്രതമനുഷ്ഠിച്ചാൽ തീരാത്ത ദുരിതങ്ങളില്ല. സാമ്പത്തികാഭിവൃദ്ധി, സന്താന ഭാഗ്യം, രോഗമുക്തി, ശത്രുദോഷശമനം, കാര്യസിദ്ധി, വിദ്യാലാഭം തുടങ്ങി എല്ലാ ഇഷ്ടങ്ങളും കൈവരും. ഒക്ടോബർ 9 ന് വൃശ്ചികക്കൂറിൽ അനിഴം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വഴി തുറന്നു കിട്ടും. സുഹൃത്തുക്കളുടെ സഹായത്താൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. കുടുംബ പ്രശ്നങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കരുത്. മാനസികമായി പിരിമുറുക്കം കൂടും. ഏറ്റെടുക്കുന്ന ചുമതലകൾ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ് എന്നിവയ്ക്ക് സാധ്യത. ഗൃഹനിർമ്മാണം പൂർത്തിയാക്കും. സഹപ്രവർത്തകർ സഹായിക്കും. കാര്യങ്ങൾ പക്വതയോടെ നീക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വക്താവായി പ്രവർത്തിക്കും. നിയമപരമായ കാര്യങ്ങള്‍ കാരണം വിഷമിക്കും. ഉറക്കം കുറയും. കുടുംബാംഗങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കും. വീട് വിട്ട് നിൽക്കേണ്ടിവരും. തൊഴിൽരംഗത്ത് ഭാഗ്യാനുഭവങ്ങളുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങളുമായി പെരുത്തപ്പെടും.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1,2)
ഔദ്യോഗിക കാര്യങ്ങൾ അനുകൂലമാകും. ബിസിനസിൽ പുരോഗതി ലഭിക്കും. ഈശ്വരാധീനവും ഭാഗ്യവുമുണ്ടാകും. കഠിനാധ്വാനത്തിലൂടെ മികച്ച ഫലങ്ങള്‍ ലഭ്യമാകും. ആരോഗ്യം മെച്ചപ്പെടും. ഒരു ബന്ധുവില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ചടക്കേണ്ടി വരും. കുറച്ച് സമയം സുഹൃത്തുക്കളുമായി ചെലവഴിക്കുന്നത് മാനസിക ഉല്ലാസം നൽകും. സന്താനങ്ങളുടെ കാര്യത്തിലെ അനിശ്ചിതത്വം മനഃസമാധാനം നഷ്ടമാക്കും. ആഗ്രഹം സഫലമാകും. നൂതന പദ്ധതി തയ്യാറാക്കി നടപ്പാക്കും. കുടുംബസ്വത്ത് വീണ്ടെടുക്കാൻ ശ്രമിക്കും. സാമ്പത്തികസ്ഥിതി മെച്ചമാക്കാൻ ഭൂമി ക്രയവിക്രയം ചെയ്യാൻ നോക്കും. രോഗ ദുരിതങ്ങൾ കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം വളരെ ശുഭകരമാണ്. മത്സര പരീക്ഷയിൽ വിജയം കരസ്ഥമാക്കും. അലസ സമീപനം മാറ്റണം.
മിഥുനക്കൂറ്
(മകയിരം 3,4 തിരുവാതിര, പുണർതം 1,2,3 )
വരുമാനം വര്‍ദ്ധിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സമയം വളരെ നല്ലതായിരിക്കും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി നേടാനുള്ള ശ്രമം തുടരും. മുതിർന്ന കുടുംബാഗത്തിന്റെ ആരോഗ്യനില മെച്ചമാകും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടും. ഓഫീസ് കാര്യങ്ങളിലും ബിസിനസിലും ചെറിയ അശ്രദ്ധ പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. പുതിയ വാഹനം വാങ്ങാന്‍ കഴിയും. തിരക്കുപിടിച്ച് ഒരു കാര്യവും ചെയ്യരുത്. വിശദമായ ആലോചനയ്ക്ക് ശേഷമേ എന്തു തീരുമാനവും എടുക്കാവൂ. വിദ്യാര്‍ത്ഥികള്‍ നല്ല പ്രകടനം കാഴ്ചവച്ച് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും അഭിനന്ദനം നേടും. മുതിർന്ന കുടുംബാംഗത്തിന്റെ ഉപദേശപ്രകാരം ഭൂമി വാങ്ങാൻ തീരുമാനിക്കും. വീട് നിർമ്മാണം പൂർത്തിയാക്കും. ഓഹരി വിപണിയിൽ ലാഭം.അവസരങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തും.
കര്‍ക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നാല്‍ ഇപ്പോള്‍ എല്ലാത്തരം നിക്ഷേപങ്ങളും ഒഴിവാക്കണം. ഏതെങ്കിലും കാരണത്താല്‍ നിക്ഷേപം നടത്താൻ നിർബന്ധിതരായാൽ വളരെയേറെ ചിന്തിച്ച് മാത്രം ചെയ്യണം. കിട്ടാക്കടം പിരിഞ്ഞു കിട്ടും. യാത്രകൾ പ്രയോജനം ചെയ്യും. ചികിത്സയിൽ വരുത്തിയ മാറ്റം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്നതെല്ലാം പ്രയോജനം ചെയ്യും. ജീവിത പങ്കാളിയുമായി പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യത. ഇതുമൂലം ജോലിയിൽ ശ്രദ്ധിക്കുവാൻ ബുദ്ധിമുട്ട് നേരിടും. എടുത്തു ചാട്ടം നിയന്ത്രിക്കണം. കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കും. പുതിയ ബന്ധങ്ങൾ ശക്തമാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ സമയം പതിവിലും മികച്ചതായിരിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ തീരുമാനിക്കും. മക്കളുടെ വിവാഹക്കാര്യം തീരുമാനിക്കും. യാത്ര ഒഴിവാക്കും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കും. മറ്റുള്ളവർക്ക് മാതൃകയായി പ്രവർത്തിക്കും. അമിതമായ ചെലവുകളുടെ പേരിൽ പങ്കാളിയുമായി ഭിന്നതയുണ്ടാകാന്‍ സാധ്യത. പുതിയ വാഹനമോ വീടോ വാങ്ങുന്ന കാര്യം മുതിര്‍ന്നവരുമായി ആലോചിക്കും.അവരുടെ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കും. അഹംഭാവം കാരണം പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പിഴവ് സംഭവിക്കാം. ജോലിയില്‍ തിരിച്ചടികൾ സംഭവിക്കും. സഹോദര ഗുണം വർദ്ധിക്കും. ദാമ്പത്യത്തിൽ നല്ല ഫലങ്ങള്‍ ലഭിക്കും. പരസ്പരം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. മാനസിക സമ്മര്‍ദ്ദത്താൽ നിഷേധ ചിന്തകൾ ശക്തമാകും. ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ കേള്‍ക്കാൻ സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികൾക്ക് ഗൃഹപരമായ ചചു മതലകൾ കൂടി നിറവേറ്റേണ്ടി വരുന്നത് ദേഷ്യമുണ്ടാക്കുന്ന കാര്യമാണ്.
കന്നിക്കൂറ്
( ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് അത് പരിഹരിക്കാൻ ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ഇത് എല്ലാ വിപരീത സാഹചര്യങ്ങളെയും അതിജീവിക്കാന്‍ പ്രാപ്തമാക്കും. സുഹൃത്തുക്കളുമായുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ വിനോദയാത്രയ്ക്ക് ഒരുങ്ങും. ഇത് മന:സംഘർഷം കുറയ്ക്കും. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും. മാറ്റിവച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഒരിക്കലും ലക്ഷ്യം മറന്ന് ജീവിക്കരുത്. കഠിനാധ്വാനത്തിന് അനുസരിച്ച് സദ് ഫലങ്ങള്‍ക്ക് സാധ്യത കാണുന്നു. പരിശ്രമങ്ങൾ ത്വരിതപ്പെടുത്തണം. വിദ്യാഭ്യാസത്തില്‍ ശ്രദ്ധക്കുറവ് പാടില്ല. കുടുംബാംഗങ്ങളെയും നന്നായി പരിപാലിക്കും. കുടുംബത്തില്‍ ആദരവ് കൂടാന്‍ ഏറെ സാധ്യതയുണ്ട്. തെറ്റിധാരണകൾ പരിഹരിക്കും. വാഗ്ദാനം നിറവേറ്റും. തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ നടപ്പിലാക്കും. വീട്ടിൽ അറ്റകുറ്റപ്പണി വേണ്ടി വരും വിവാഹം തീരുമാനിക്കും.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വ്യാപാരരംഗത്തെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. നിങ്ങളുടെ പരിശ്രമം കൊണ്ട് ചുറ്റുമുള്ള ആളുകളുടെ ജീവിതം മെച്ചമാകും. ശമ്പള വര്‍ദ്ധനവിന് സാധ്യത കാണുന്നു. അപ്രതീക്ഷിതമായി ചെലവ് കൂടുമെങ്കിലും അത് സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ല. അനാവശ്യ ചെലവ് നിയന്ത്രിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമം വേഗത്തിലാക്കും. ബന്ധു ഗൃഹത്തിലേക്ക് ഒരു യാത്ര തിരക്കേറിയ ജീവിതത്തില്‍ ആശ്വാസവും വിശ്രമവും നല്‍കും. കുടുംബത്തിന് ആവശ്യമായ സമയം നല്‍കാന്‍ കഴിയും. അവഗണിക്കുന്നു എന്ന് പരാതി
പറയാൻ ആർക്കും അവസരം നല്‍കരുത്. ജോലിയില്‍ ഉയർച്ച നേടാൻ നിയമവിരുദ്ധമായ മാർഗ്ഗങ്ങൾ തേടരുത്. ഭാവിയില്‍ ഇത് വലിയ കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കും. സംഗീതം, നൃത്തം എന്നിവ മാനസികമായ സമ്മര്‍ദ്ദം കുറയ്ക്കും. സാഹസികത വർദ്ധിക്കും. യാത്ര മുടങ്ങും.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
കുടുംബ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു പോകും. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തരാകും. അനാവശ്യ ചെലവുകള്‍ക്ക് സാധ്യതയുണ്ട്. എന്നാൽ വരുമാനത്തിലെ വര്‍ദ്ധനവ് കാരണം ഇതിന്റെ തിക്ത ഫലം അനുഭവിക്കില്ല. വരവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുക തന്നെ വേണം. സാമൂഹിക പരിപാടികളിലെ പങ്കാളിത്തം സ്വാധീനമുള്ള നിരവധി ആളുകളുമായി ബന്ധപ്പെടാന്‍ അവസരം സൃഷ്ടിക്കും. അത് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. അലസത വർദ്ധിക്കുമെങ്കിലും ചെയ്യുന്ന എല്ലാത്തിനും പ്രശംസ നേടും. ജോലിയില്‍ മുന്നേറാൻ നല്ലൊരു അവസരം ലഭിക്കും. വിദ്യാര്‍ത്ഥികൾക്ക് സമയം ഏറ്റവും അനുകൂലമായിരിക്കും. മത്സരത്തിൽ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ധാരണയും കൂടും. വ്യക്തിപരമായ ആഗ്രഹങ്ങൾ നിറവേറും. യാത്ര പോകും.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തും. ഗൃഹനിർമ്മാണം പുരോഗമിക്കും. ജോലിയില്‍ മുന്നേറാൻ ബുദ്ധിമുട്ടുകള്‍ നേരിടും. ചെറിയ കാര്യങ്ങളില്‍ അസ്വസ്ഥരാകും. ചുറുചുറുക്ക് കുറയും. മറ്റുള്ളവരിൽ മതിപ്പുളവാക്കാന്‍ വളരെയധികം പണം ചെലവഴിക്കും. തൊഴിൽപരമായ ആവശ്യങ്ങൾക്ക് യാതകൾ വേണ്ടി വരും. അനാവശ്യ ചിന്തകൾ ഒഴിവാക്കും. എതിർലിംഗത്തിലുള്ള ഒരാളോട് ആകര്‍ഷണം തോന്നും. ദേഷ്യം നിയന്ത്രിക്കണം. അതിഥി സൽക്കാരം നടത്തും. സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമാകും. സന്തുഷ്ടരായിരിക്കാന്‍ സ്വജനങ്ങളെ സഹായിക്കും. ഭാഗ്യകരമായ അനുഭവങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ആര്‍ക്കും പണം കടം കൊടുക്കരുത്.
മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1,2)
ആത്മവിശ്വാസവും ഈശ്വരാധീനവും വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. ജോലിക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. ചെലവുകളിലെ അപ്രതീക്ഷിത വര്‍ദ്ധനവ് മനഃസമാധാനം നശിപ്പിക്കും . സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടും. ആരോഗ്യ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പണം ചിലവഴിക്കേണ്ടിവരും.വിദേശ കമ്പനിയില്‍ നിന്നും ഓഫർലെറ്റർ ലഭിക്കും. സഹോദരങ്ങളുടെ പിൻതുണ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ചില കാര്യങ്ങളിൽ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടും. കുടുംബ ജീവിതത്തില്‍ സന്തോഷം ലഭിക്കും. ഗൃഹത്തിലെ പൊരുത്തക്കേടുകൾ മുൻകൈയ്യെടുത്ത് പരിഹരിക്കും. രക്ഷിതാക്കള്‍ക്ക് അഭിമാനിക്കാന്‍ അവസരമുണ്ടാകും. ഗാർഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
വരുമാനം വര്‍ദ്ധിക്കുമെങ്കിലും സാമ്പത്തികമായ ബുദ്ധിമുട്ടുണ്ടാകും. വികാരം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നത് കാരണം മോശമായി സംസാരിക്കും. ഇത് വേണ്ടപ്പെട്ട ചിലരെ വിഷമിപ്പിക്കും. സുഹൃത്തുക്കൾ അമിതമായ സ്വാധീനം ചെലുത്താതെ നോക്കണം. പഴയ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതു കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. ആരോഗ്യം സൂക്ഷിക്കണം. ജോലിയില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ ചര്‍ച്ചചെയ്യാന്‍ കഴിയും. ആ സാഹചര്യം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യാത്ത പക്ഷം നിങ്ങള്‍ ഒറ്റപ്പെടും. പരമാവധി സംയമനം പാലിക്കാന്‍ ശ്രമിക്കുക. കുടുംബ സ്വത്ത് ഉപയോഗിച്ച് സംരംഭം ആരംഭിക്കും. കൃഷിയിൽ ലാഭം വർദ്ധിക്കും. യാത്ര തടസപ്പെടും. ബന്ധു സഹായം കിട്ടും.
മീനക്കൂറ്
(പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി )
വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. ഇതുകാരണം കൂടുതൽ പണം ചെലവഴിക്കേണ്ടിവരാം. തൽക്കാലം ഭാഗ്യം അത്ര അനുകൂലമായിരിക്കില്ല. ബിസിനസിൽ മാന്ദ്യം നേരിടും. വരുമാനം കുറയും. ആലോചിക്കാതെ സംസാരിക്കുന്നത് കാരണം ചെറിയൊരു കാര്യം വലിയ തർക്കമായി മാറാന് സാധ്യതയുണ്ട്. ഇത് മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കാം. സുഹൃത്തുക്കളെ സന്ദര്‍ശിക്കാൻ സാധ്യതയുണ്ട്. വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കും. ഉറ്റ ചങ്ങാതിയുമായി മനസ് തുറന്ന് സംസാരിക്കുന്നത് വളരെയധികം ആശ്വാസം നൽകും. കുടുംബ പ്രശ്നങ്ങൾ ജോലിയെ ബാധിക്കും. ഒരു കാര്യവും കൂടുതൽ ചിന്തിച്ച് വഷളാക്കരുത്. പ്രതികൂല സാഹചര്യങ്ങള്‍ അവസാനിക്കാന്‍ കുറച്ചു സമയം കൂടി കാത്തിരിക്കേണ്ടി വരും. ദാമ്പത്യത്തില്‍ പ്രണയം ആധിപത്യം സ്ഥാപിക്കും. ഭൂമിയിൽ നിന്നും വരുമാനം കുടും. പുതിയ സംരംഭത്തിന് ശ്രമം തുടരും.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559
Copyright © 2021 neramonline.com. All rights reserved.