Friday, 20 Sep 2024
AstroG.in

നവരാത്രി ഉപാസനയ്ക്ക് ക്ഷിപ്ര ഫലം;ജപിക്കേണ്ട മന്ത്രങ്ങൾ, സ്‌തോത്രങ്ങൾ

ഭാരതം മുഴുവനും പല രീതിയിൽ, വിവിധ പേരുകളിൽ
ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഇതിന്റെ
ആചാരാനുഷ്ഠാനത്തിൽ ഒരോ ദേശത്തും വ്യത്യാസങ്ങൾ കാണാമെങ്കിലും നവരാത്രി കാലത്ത് ദേവീചൈതന്യം പ്രപഞ്ചം മുഴുവൻ നിറയും. അത് ഭക്തജനങ്ങളുടെ മനസ്സുകളിൽ നിറയുന്നു. കന്നിമാസത്തിലെ പ്രഥമ മുതൽ അതായത് അശ്വനി മാസ പ്രതിപദം മുതൽ നവമി വരെ ഒൻപതു ദിവസങ്ങളാണ് നവരാത്രിയായി കണക്കാക്കുക.
ദേവി മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച ദിനമായി സങ്കല്പിക്കു വിജയദശമി കൂടിയാകുമ്പോൾ ആഘോഷം പത്തു ദിവസമായി മാറുന്നു. ഇതാണ് ഭാരതത്തിലെ ചില ഭാഗങ്ങളിൽ ദസറ ആയി ആഘോഷിക്കുന്നത്.

സ്ത്രീശക്തിയെ നിസാരമായി കണ്ട മഹിഷാസുരൻ ഒരു സ്ത്രീക്കു മാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന വരം നേടിയിരുന്നു. ആ ഘട്ടത്തിൽ, പ്രപഞ്ചത്തിലുള്ള സകല ദേവശക്തികളെയും സമാഹരിച്ചുകൊണ്ട് ദേവി മഹിഷാസുര നിഗ്രഹത്തിന് അവതരിച്ചു. എല്ലാ ശക്തിയും തേജസും ഏറ്റുവാങ്ങിയ ദേവി വിവിധ ദേവശക്തികൾ പ്രദാനം ചെയ്ത വസ്ത്രാഭരണങ്ങളാൽ വിഭൂഷിതയായി സിംഹവാഹനത്തിൽ അവതരിച്ചത് ഒരു നവരാത്രി കാലത്താണ്. ഘോര യുദ്ധത്തിനൊടുവിൽ ദേവി വലിയ വാളുകൊണ്ട് മഹിഷാസുരന്റെ ശിരസ്‌ ഛേദിച്ചു. എല്ലാ ദേവതാശക്തികളും ദേവിയിൽ ഉൾച്ചേരുന്ന കാലമാണ് ഇത്. അതിനാൽ നവരാത്രികാലത്ത് നടത്തുന്ന ദേവീ ഉപാസനയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കും അത്യധികം വൈശിഷ്ട്യം കൽപ്പിക്കപ്പെടുന്നുണ്ട്. അക്കാലത്തു ചെയ്യുന്ന ദേവീപ്രീതികരങ്ങളായ കർമ്മങ്ങൾ അത്യധികം ഫലപ്രദമായിരിക്കും എന്നത് മിക്കവരുടേയും അനുഭവം. അതുകൊണ്ടാണ് ദേവീഭക്തർ വ്രതം നോറ്റ് നവരാത്രി കാലത്ത് ദേവീമന്ത്രങ്ങളും സ്‌തോത്രങ്ങളും ജപിക്കണം. ക്ഷേത്ര ദർശനം, വഴിപാടുകൾ മുതലായവ നടത്തണം. ഇത് കർമ്മസംബന്ധമായ പ്രശ്‌നങ്ങൾ, ഐശ്വര്യക്ഷയം, ബാധാദോഷം, ദുരിതങ്ങൾ ഇവ അകറ്റും. നവരാത്രിയിൽ ദേവിയെ ഭക്തിവിശ്വാസങ്ങളോടെ ആരാധിച്ചാൽ സകല ദേവചൈതന്യങ്ങളും മനസിലും ജീവിതത്തിലും നിറയും എന്നകാര്യത്തിൽ സംശയമില്ല.

ദേവീമാഹാത്മ്യമാണ് നവരാത്രികാലത്ത് പാരായണം ചെയ്യേണ്ട ഏറ്റവും പ്രധാന ഗ്രന്ഥം. കാളിയുടെയും ലക്ഷ്മിയുടെയും സരസ്വതിയുടെയും ചരിത, ചൈതന്യം ഉൾക്കൊള്ളുന്ന ദേവീമാഹാത്മ്യപാരായണത്തിലൂടെ നവരാത്രിവ്രതം ഏറ്റവും ഫലപ്രദമായി അനുഷ്ഠിക്കാം. അയി ഗിരിനന്ദിനി….. എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ മഹിഷാസുരമർദ്ദിനി സ്‌തോത്രം, ശ്യാമളാദണ്ഡകം, ജയമന്ത്രം എന്ന പേരിലും അറിയപ്പെടുന്ന ദുർഗ്ഗാസ്തവം ദേവീമാഹാത്മ്യത്തിന്റെ സംഗ്രഹം എന്നു പറയാവുന്ന ആപദുന്മൂലന ശ്രീ ദുർഗ്ഗാ സ്‌തോത്രം എന്നിവയെല്ലാം നവരാത്രി കാലത്ത് ജപിക്കാവുന്ന സ്‌തോത്രങ്ങളാണ്. ഭദ്രകാളീ പ്രധാന ദിവസങ്ങളിൽ ഭദ്രകാളീ മാഹാത്മ്യവും അതിലെ ഭദ്രകാളീ സ്തുതികളും പാരായണം ചെയ്യുന്ന പതിവുണ്ട്. ലക്ഷ്മീപ്രധാന ദിവസങ്ങളിൽ ശ്രീസ്തവം, കനകധാരാ സ്‌തോത്രം തുടങ്ങിയവയും ജപിക്കാം. സരസ്വതീ പ്രധാനമായ ദിവസങ്ങളിൽ അഗസ്ത്യരാൽ വിരചിതമായ ശ്രീ സരസ്വതി സ്‌തോത്രം വിദ്യാർത്ഥികൾ പരക്കെ പാരായണം ചെയ്യുന്ന പതിവുണ്ട്.

Story Summary: Significance of Navaratri Vritham


error: Content is protected !!