Tuesday, 1 Oct 2024
AstroG.in

നവരാത്രി വ്രതമെടുത്താൽ ഒരു വർഷം
ദേവീ ഉപാസന നടത്തിയ ഫലം

രാജേഷ് പോറ്റി

കന്നിമാസത്തിലെ അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കണം. അന്ന് പകല്‍ ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കണം. തുടര്‍ന്ന് വിജയ ദശമി വരെ എല്ലാ ദിവസവും ഇതേപോലെ വ്രതം അനുഷ്ഠിക്കണം. അതിനു സാധിക്കാത്തവര്‍ നവരാത്രി കാലത്ത് ഒന്‍പതു ദിവസം മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതം അനുഷ്ഠിക്കണം. നിത്യവും ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ദേവീമാഹാത്മ്യം, ദേവീഭാഗവതം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരി തുടങ്ങിയവ പാരായണം ചെയ്യുന്നതും വളരെ ഫലപ്രദമാണ്. നവരാത്രി വ്രതമെടുത്താൽ ഒരു വർഷം ദേവീ ഉപാസന നടത്തിയ ഫലം ലഭിക്കും

നവരാത്രിയിലെ 9 ദിവസവും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ സപ്തമി, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളില്‍ വ്രതമെടുക്കണം. ദുര്‍ഗാഷ്ടമി കാളിക്കും, മഹാനവമി ലക്ഷ്മിക്കും, വിജയദശമി സരസ്വതിക്കും പ്രാധാന്യമുള്ള ദിനങ്ങളാണ്.

ദക്ഷയാഗം നശിപ്പിക്കാനായി കാളിക അവതരിച്ചതും ശ്രീരാമന് മുന്‍പില്‍ ദേവീ പ്രത്യക്ഷയായതും ദുര്‍ഗാഷ്ടമി ദിവസമാണെന്ന് ഐതിഹ്യമുണ്ട്. സര്‍വകര്‍മ്മങ്ങളും ദേവിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുണ്യ ദിവസമാണ് മഹാനവമി. ഭക്തിയോട് കൂടി ദേവിയെ പൂജിക്കുന്നവര്‍ക്ക് എല്ലാ വിജയവും സിദ്ധിക്കുന്ന ദിവസമാണ് വിജയദശമി. ശ്രീരാമന്‍ രാവണവധത്തിന് ഇറങ്ങിയ ദിവസമാണ് വിജയദശമി എന്നും സങ്കല്‍ല്പമുണ്ട്. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ നാരദമുനിയുടെ ഉപദേശ പ്രകാരം നവരാത്രി വ്രതമെടുത്തു. അഷ്ടമിയിൽ ദേവി സിംഹവാഹനയായി. ശ്രീരാമന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് വരം നല്‍കി. തുടര്‍ന്ന് ശ്രീരാമന്‍ ദേവിയെപൂജിച്ച ശേഷം വാനര സൈന്യത്തോട് കൂടി ദശമിനാളില്‍ ലങ്കയിലേക്ക് പുറപ്പെടുകയും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. അജ്ഞാതവാസത്തിനു ശേഷം അര്‍ജ്ജുനന്‍ ആദ്യമായി ഗാണ്ഡീവം കയ്യിലെടുത്തത് വിജയദശമിയിലാണ് എന്നും സങ്കല്പമുണ്ട്. വിജയന്‍ എന്നത് അര്‍ജ്ജുനന്റെ മറ്റൊരു പേരാണ്. ആ അര്‍ത്ഥത്തിലും വിജയം നല്‍കുന്ന ദിവസം എന്ന അര്‍ത്ഥത്തിലും വിജയദശമി എന്ന് പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിന് മുന്‍പായി പാണ്ഡവര്‍ നവരാത്രി വ്രതം അനുഷ്ഠിച്ച് ദേവിയെ പൂജിച്ചതായും ഐതിഹ്യം പറയുന്നു.

മഹിഷാസുര മര്‍ദ്ദിനിയായി ദേവീ മഹിഷാസുര നിഗ്രഹം നടത്തിയ ദിവസമാണ് വിജയദശമിയെന്നും കരുതുന്നു. പണ്ട് ജ്യേഷ്ഠാനുജന്മാരായി രംഭനെന്നും കരംഭനെന്നും പേരുകളുള്ള രണ്ട് അസുരന്മാര്‍ ഉണ്ടായിരുന്നു. ഇതില്‍ കരംഭനെ ഇന്ദ്രന്‍ വധിച്ചു കളഞ്ഞു. ദുഖിതനായ രംഭന്‍ സ്വന്തം ശിരസ് ഛേദിച്ച് അഗ്‌നിയില്‍ ഹോമിക്കാന്‍ തുനിഞ്ഞു. അപ്പോള്‍ അഗ്‌നിദേവന്‍ പ്രത്യക്ഷപ്പെട്ട് ഏതു സ്ത്രീയിലാണോ മനസ് പതിയുന്നത് അവളില്‍ നിന്നും ഇന്ദ്രാദികളെ ജയിക്കാന്‍ പോന്ന ഒരു പുത്രന്‍ ജനിക്കും എന്ന വരം പ്രദാനം നൽകി.

രംഭന്റെ മനസ് ആസക്തമായത് ഒരു മഹിഷത്തില്‍ ആയിരുന്നു. അവളില്‍ നിന്നും രംഭന് മഹിഷാസുരന്‍ എന്ന പുത്രന്‍ജനിച്ചു. പോത്തിന്റെ ശിരസോടു കൂടിയ മഹിഷാസുരന്‍ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് ഒരു സ്ത്രീയാല്‍ മാത്രമേ മൃത്യു സംഭവിക്കാവൂ എന്ന് വരം
നേടി. തുടര്‍ന്ന് അവന്‍ ത്രിലോകാധിപതിയായി വാഴാന്‍ തുടങ്ങി. ദുഃഖിതരായ ദേവന്മാര്‍ വിഷ്ണുഭഗവാനെ ശരണം പ്രാപിച്ചു. തുടര്‍ന്ന്എല്ലാ ദേവന്‍മാരുടെയും ചൈതന്യം കൂടിച്ചേര്‍ന്ന് പതിനെട്ടു കൈകളോട് കൂടിയ ഒരു ദേവി ആവിര്‍ഭവിച്ചു. ദേവിയെയാണ് മഹിഷാസുര മര്‍ദ്ദിനി എന്ന് പറയുന്നത്. ദേവി ഘോരയുദ്ധം ചെയ്ത് മഹിഷാസുരനെ നിഗ്രഹിച്ചു കളഞ്ഞു.

മഹിഷന്‍ എന്നത് മനുഷ്യനിലെ അജ്ഞനത്തിന്റെയും കാമഭോഗാസക്തിയുടെയും പ്രതീകമാണ്. ഇപ്രകാരമുള്ള മനുഷ്യ മനസ്സിലെ തമസിനെ ദൈവീകശക്തി കൊണ്ടു ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് മഹിഷാസുര വധം. മഹിഷാസുരനെ നിഗ്രഹിച്ച പുരി എന്നര്‍ത്ഥത്തിലുള്ള മഹിഷപുരമാണ് ഇന്നത്തെ മൈസൂര്‍ എന്ന് കരുതുന്നു. അതുകൊണ്ടു തന്നെ മൈസൂറില്‍ നവരാത്രി ആഘോഷം രാജകീയ പ്രൗഢിയോടു കൂടിയാണ് ആചരിക്കുന്നത്. തിരുവതാംകൂറില്‍ സ്വാതിതിരുനാളിന്റെ കാലം മുതല്‍ തന്നെ നവരാത്രി പൂജയും സംഗീതോത്സവും നടത്തി വരുന്നുണ്ട്. ബംഗാളില്‍ നവരാത്രി മഹോത്സവമാണ്. ഇവിടെ ദേവിയെ മഹിഷാസുരമര്‍ദ്ദിനി സങ്കല്പത്തില്‍ ആണ് ആരാധിക്കുന്നത്.

രാജേഷ് പോറ്റി, +91-9895502025

Story Summary: Importance of Navaratri Vritham

error: Content is protected !!