Friday, 20 Sep 2024
AstroG.in

നാഗദേവതകൾ അതിവേഗത്തിൽ
പ്രസാദിക്കുന്ന നാഗപഞ്ചമി ചൊവ്വാഴ്ച

ബ്രഹ്മശ്രീ ഗോപകുമാരന്‍ പോറ്റി
കന്നി, തുലാം മാസങ്ങളിലെ ആയില്യം പോലെ നാഗപ്രീതി നേടാൻ പ്രധാനപ്പെട്ട ദിവസമായ നാഗപഞ്ചമി 2022 ആഗസ്റ്റ് 2 ചൊവ്വാഴ്ചയാണ്. ശ്രാവണമാസം വെളുത്തപക്ഷത്തിലെ പഞ്ചമിതിഥിയാണ് നാഗപഞ്ചമിയായി ആചരിക്കുന്നത്. നാഗദേവതാ പൂജകൾക്ക് അതിവേഗം ഏറ്റവും അനുകൂലമായ ഫലം ലഭിക്കുന്ന ദിവസമാണിത്.
രോഗദുരിതങ്ങൾ, മംഗല്യതടസം, കലഹം, മന:ക്ലേശം, സന്താന ദോഷം എന്നിവ മാറാൻ നാഗപഞ്ചമി ആചരണം ശ്രേഷ്ഠമാണ്.

കേരളത്തിൽ നാഗപഞ്ചമി ദിവസം സർപ്പക്കാവിലും നാഗക്ഷേത്രങ്ങളിലും നൂറും പാലും നിവേദ്യവും ആയില്യ പൂജയും നടത്താറുണ്ട്. സര്‍പ്പപുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്ക്കുന്നതും ഉത്തമമാണ്.

പഞ്ചമി നാഗങ്ങളുടെ തിഥിയായാണ് സകല്പിക്കുന്നത്. അനന്തൻ, വാസുകി, മുതലായ സർപ്പ ദേവതകളെ നൂറും പാലും നൽകിയും സുഗന്ധപുഷ്പങ്ങൾ അർച്ചിച്ചും കമുകിൻ പൂക്കുലയും വഴിപാടുകളും സമർപ്പിച്ചാണ് പൂജിക്കുന്നത്. ഈ ദിവസം നാഗങ്ങൾക്ക് ക്ഷീരാഭിഷേകം നടത്തിയാൽ – വാസുകി, തക്ഷൻ, കാളിയൻ, മണിഭദ്രൻ , ഐരാവതൻ, ധൃതരാഷ്ട്രൻ, കാർകോടകൻ, ധനഞ്ജയൻ എന്നീ അഷ്ടനാഗങ്ങളും പ്രസാദിക്കും.അവരുടെ അനുഗ്രഹത്താൽ സകല സൗഭാഗ്യങ്ങളും സമൃദ്ധിയും കൈവരും. നാഗങ്ങൾ മാതാവായ കദ്രുവിന്റെ ശാപത്താൽ സദാ ചുട്ടുനീറുകയാണ്. അനുജത്തി വിനതയെ പന്തയത്തിൽ തോല്പിക്കാൻ കള്ളം പറയാൻ കദ്രു മക്കളോട് ആവശ്യപ്പെട്ടു. എന്നാൽ സത്യമുള്ള സർപ്പങ്ങൾ അതിന് തയ്യാറായില്ല. ക്ഷുഭിതയായ കദ്രു നിങ്ങളെ അഗ്നിദഹിപ്പിക്കട്ടെ എന്ന് ശപിച്ചു. അങ്ങനെ നീറുന്ന സർപ്പങ്ങളെ വെളളത്തിൽ പാലൊഴിച്ചുള്ള സ്നാനം കുളിർപ്പിക്കുന്നു എന്നാണ് വിശ്വാസം. സർപ്പങ്ങൾക്ക് അഭിഷേകം സമർപ്പിക്കുന്നവരെയും അവരുടെ കുടുംബത്തെയും സർപ്പ ഭയം തീണ്ടില്ല; എക്കാലവും അവർക്ക് സർപ്പങ്ങൾ അഭയവും നൽകുമെന്ന് ഒരു വേള യുധിഷ്ഠിരന്റെ സംശയത്തിന് ശ്രീകൃഷ്ണൻ മറുപടി നൽകിയതായി പുരാണത്തിലുണ്ട്.

നാഗകോപ പരിഹാരത്തിന് നാഗപഞ്ചമി വ്രതം ഉത്തമമാണെന്നും ഭഗവാൻ അരുളി ചെയ്തിട്ടുണ്ട്. ചതുർത്ഥി നാളിൽ ഒരു നേരം മാത്രം സാത്വിക ഭക്ഷണം കഴിച്ച് പഞ്ചമി നാളിൽ ഉപവസിച്ച് പാലും നിവേദ്യവും പുഷ്പവും ചന്ദനവുമെല്ലാം സമർപ്പിച്ച് നാഗങ്ങളെ ആരാധിക്കണം. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും അവരുടെ സന്തതികൾക്കും ബന്ധുക്കൾക്കും മേൽഗതിയുണ്ടാകും. ഒരു തരത്തിലുള്ള സർപ്പഭയവും ബാധിക്കില്ല. നാഗപഞ്ചമി വ്രത വേളയിലെ സർപ്പ ദോഷ നിവാരണ മന്ത്രം ഇതാണ്:

ഓം കുരു കു ല്ലേ ഹും ഫട് സ്വാഹാ

12 മാസത്തെയും കൃഷ്ണ പക്ഷ പഞ്ചമികൾ വിശേഷമാണ്. ഓരോ മാസത്തെയും പഞ്ചമിക്ക് ഒരോ നാഗങ്ങളത്രേ അധിപതി. ഭാദ്രപദത്തിൽ അനന്തൻ, ആശ്വിനത്തിൽ വാസുകി, കാർത്തിക മാസത്തിൽ ശംഖൻ, മാർഗ്ഗശീർഷത്തിൽ പത്മൻ, പൗഷത്തിൽ
കംബളൻ, മാഘത്തിൽ കാർക്കോടകൻ , ഫാൽഗുനത്തിൽ അശ്വരഥൻ, ചൈത്രത്തിൽ ധൃതരാഷ്ട്രൻ , വൈശാഖത്തിൽ ശംഖപാലൻ, ജ്യേഷ്ഠത്തിൽ കാളിയൻ, ആഷാഢത്തിൽ തക്ഷകൻ, ശ്രാവണത്തിൽ പിംഗളൻ ഇങ്ങനെ കണക്കാക്കണം.

രാഹു, കേതു ദോഷങ്ങള്‍ കാരണമുള്ള വിവാഹതടസം, സന്താനദുരിതം, സന്താനമില്ലായ്മ എന്നീ ദോഷങ്ങളെല്ലാം പരിഹരിക്കുന്നതിനും നാഗപഞ്ചമി വ്രതാചരണം നല്ലതാണ്. ഇത് അതിവിപുലമായി ആഘോഷിക്കുന്നത് പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഈ ദേശങ്ങളില്‍ പാമ്പുകളെ കുടത്തില്‍ സൂക്ഷിച്ച ശേഷം ഈ ദിവസം തുറന്നു വിടുന്ന പതിവുണ്ട്.

ഉത്തരേന്ത്യയിലും ശ്രാവണ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയാണ് നാഗപഞ്ചമി. സര്‍പ്പപ്രീതിക്ക് പൂജയും, വഴിപാടുകളും നടത്തുന്ന നാഗപഞ്ചമി ശ്രീകൃഷ്ണന്‍ കാളിയന്റെ മേല്‍ നേടിയ വിജയത്തിന്റെ ഓർമ്മയാണ് ഒരു കൂട്ടര്‍ക്ക്. നാഗകുലത്തെ നശിപ്പിക്കാന്‍ കുരുവംശ രാജാവ് ജനമേജയന്‍ സംഘടിപ്പിച്ച സര്‍പ്പസത്രത്തില്‍ നിന്നും ആസ്തിക മുനി നാഗങ്ങളെ രക്ഷിച്ച ദിനമാണ് മറ്റൊരു ഐതിഹ്യ പ്രകാരം നാഗപഞ്ചമി പിതാവ് പരീക്ഷത്തിനെ ദംശിച്ച അഷ്ട നാഗങ്ങളിലൊന്നായ തക്ഷകനോട് പകവീട്ടാനാണ് ജനമേജയന്‍ സര്‍പ്പങ്ങളെ ഒന്നൊന്നായി അഗ്‌നിയില്‍ ഹോമിക്കുന്ന സര്‍പ്പസത്രം നടത്തിയത്.

അഷ്ടനാഗ മന്ത്രങ്ങൾ
ഓം അനന്തായ നമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാർക്കോടകായ നമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
ഓം ഗുളികായ നമ:

നാഗരാജ മൂലമന്ത്രം
ഓം നമ: കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമ:

നാഗയക്ഷി മൂലമന്ത്രം
ഓം വിനായതനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷി യക്ഷിണീ സ്വാഹാനമ:

നാഗരാജഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്

അനന്തഗായത്രി
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്

വാസുകി ഗായത്രി
ഓം സർപ്പരാജായ വിദ്മഹേ
പദ്മഹസ്തായ ധീമഹി
തന്നോ വാസുകി: പ്രചോദയാത്

നവനാഗ സ്തോത്രം
അനന്തോ വാസുകി: ശേഷ: പത്മനാഭശ്ചകംബല:
ധൃതരാഷ്ട്ര ശംഖപാല: തക്ഷകകാളിയസ്തഥാ
ഏതാനി നവ നാമാനി നാഗാനാം ച മഹാത്മനാം
സായം കാലേ പഠേന്നിത്യം പ്രാത:കാലേ വിശേഷതം


ജ്യോതിഷന്‍ ഗോപകുമാരന്‍ പോറ്റി
മേല്‍ശാന്തി അന്തന്‍കാട് നാഗരാജാക്ഷേത്രം
+91 9633996052
Story Summary: Significance and Benefits of
Naga Panchami Vritham

error: Content is protected !!