Monday, 25 Nov 2024
AstroG.in

നാഗദോഷവും ശനിദോഷവും ഒഴിയാൻ ശുഭചിന്തയോടെ ഗണേശ ഉപാസന

ജ്യോതിഷരത്നം വേണു മഹാദേവ്
ഗണേശ ഭഗവാനെ ആരാധിക്കുന്നവർ ശുഭചിന്തയ്ക്ക് പ്രാധാന്യം നൽകാൻ എപ്പോഴും ശ്രദ്ധിക്കണം. വിഘ്ന നിവാരണത്തിനും അതിവേഗമുള്ള ആഗ്രഹസിദ്ധിക്കും ഗണപതിയെ ഉപാസിക്കുമ്പോൾ ഒരു കാരണവശാലും അശുഭ ചിന്തകൾ മനസിൽ വരരുത്. പ്രാർത്ഥനയിൽ പോസിറ്റീവായ വാക്കുകൾ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് എൻ്റെ രോഗം മാറ്റണേ എന്നല്ല എനിക്ക് പൂർണ്ണ ആരോഗ്യം നൽകണേ ഭഗവാനെ എന്നു വേണം പ്രാർത്ഥിക്കാൻ.

ഭഗവാൻ അരഞ്ഞാണമായി കെട്ടിയിരിക്കുന്ന നാഗം ഭക്തരുടെ നാഗദോഷങ്ങൾ ഹനിക്കും. ശനിയെ ബുദ്ധി കൊണ്ട് ജയിച്ചതിനാൽ ഗണപതി ഭക്തർക്ക് ശനി അനുഗ്രഹകാരകനായി മാറും. സുമനസോടെ ഏത് ആഗ്രഹവും പ്രാർത്ഥിച്ചാൽ ഭഗവാൻ നടത്തി തരും. ശത്രുവാണെങ്കിൽ പോലും ഒരിക്കലും അന്യർക്ക് നാശം വരുന്നതിനും മറ്റുളളവർക്ക് ദോഷം വരുത്തുന്നതിനും ഒന്നും ആവശ്യപ്പെടരുത്. അത് നമുക്കുള്ള പുണ്യം കൂടി നഷ്ടമാക്കും. ശത്രുത, കഷ്ടപ്പാടുകൾ, രോഗം, ദുരിതം ഇവയിൽ നിന്നും നമ്മളെ രക്ഷിക്കാനായി മാത്രം പ്രാർത്ഥിക്കുക. രാത്രി ഉറങ്ങും മുൻപ് അറിഞ്ഞോ അറിയാതെയാേ പറ്റിപ്പോയ തെറ്റുകൾക്ക് ഗണപതി ഭഗവാനോട് ക്ഷമ പറയണം. ദു:സ്വപ്നങ്ങളില്ലാതെ സുഖമായി ഉറങ്ങാനും അഭീഷ്ട സിദ്ധിക്കും പ്രാർത്ഥിക്കണം.

വീടിൻ്റെ കന്നിമൂല ഭാഗത്ത് കറുക നട്ടുവളർത്തുക എല്ലാ മാസവും ജന്മനാളുകളിൽ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ കൂട്ടുഗണപതി ഹോമത്തിന് നൽകുക. സന്ധ്യാനേരത്ത് ഗണപതി ധ്യാനം, ജപം ഇവ നടത്തുക. പൂജാമുറിയിലിരുന്ന് ഗണപതിയുടെ മൂല മന്ത്രം ഗണേശ ഗായത്രി ഗണപതിയുടെ ദ്വാദശ നാമാവലി തുടങ്ങിയ വ സന്ധ്യയ്ക്ക് ജപിക്കുക എന്നിവ ഗണപതി പ്രീതിക്ക് നല്ലതാണ്.

യഥാർത്ഥ ഭക്തന്റെ മനസിൽ ഒരിക്കലും കളങ്കം പാടില്ല. കളങ്കമില്ലാത്താ സ്വന്തം മനസാക്ഷിക്കുന്ന നിരക്കുന്ന പ്രാർത്ഥനകൾ തീർച്ചയായും ഫലിക്കും. ചെറിയ തെറ്റുകുറ്റങ്ങൾ പോലും ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് ചിത്തം ശുദ്ധമാക്കി വേണം പുതിയ പ്രാർത്ഥനകൾ ഗണേശനോട് പറയാൻ. നിരന്തരമായ പ്രാർത്ഥന നമ്മുടെ ഇച്ഛാശക്തിയിൽ ഉറയ്ക്കുമ്പോൾ ഭഗവാൻ ക്രിയാശക്തിയായി പരിണമിച്ച് ആഗ്രഹങ്ങൾ സാധിച്ചു തരും. ഭയം, അന്ധവിശ്വാസം, അസൂയ, ദേഷ്യം, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുർവികാരങ്ങൾ ഒഴിവാക്കണം. എങ്കിലേ പ്രാർത്ഥനകൾ ഫലിക്കൂ.

ഗണപതി ഭഗവാന്റെ രൂപം മനസിൽ സങ്കല്പിച്ച് ഓം ഗം ഗണപതയേ നമ: എന്ന് കഴിയുന്നത്ര തവണ ജപിച്ച ശേഷം ഇഷ്ടമുള്ള മറ്റ് ഗണേശ മന്ത്രങ്ങൾ ജപിക്കണം. ഇങ്ങനെ മാനസ പൂജ കഴിഞ്ഞ ശേഷം തൻ്റെ ആവശ്യങ്ങൾ ഭഗവാനോട് പറയണം. ധർമ്മത്തിനും സത്യത്തിനും നീതിക്കും നിരക്കുന്ന എന്ത് ആവശ്യവും ഗണേശൻ നടത്തിത്തരും. ഗണപതി ഭഗവാനാൽ ഭൂമിയിലെ അഷ്ടകർമ്മങ്ങളും സിദ്ധമാണ്. ഒടുവിൽ ശാന്തിയും മോക്ഷവും വരെ നൽകി നമ്മെ രക്ഷിക്കും. ഗണപതി ദ്വാദശനാമാവലിയുടെ ഫലശ്രുതിയിൽ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

പ്രഭാതവും സന്ധ്യാ വേളയും ഗണപതിയെ ധ്യാനിക്കാൻ ഉത്തമമാണ്. പ്രഭാതത്തിൽ ഉദയത്തിന് തൊട്ടു മുൻപ് ഗണേശ പുജ ചെയ്യുന്നത് അത്യുത്തമമാണ്. കണ്ണടച്ച് നട്ടെല്ല് നിവർത്തി ഇരിക്കണം. മനസ്സിനെ ഭ്രുമധ്യത്തിൽ അതായത് ഇരുപുരികങ്ങൾക്കും മദ്ധ്യേ നിറുത്തുക. ശരീരമാകുന്ന ക്ഷേത്ര ശ്രീകോവിൽ ദീപാരാധനയ്ക്ക് അടച്ചിട്ടിരിക്കുന്നതായി സങ്കല്പിക്കുക. മനസ്സിൽ മറ്റു ചിന്തകൾ വന്നാൽ ഉപാസന കഴിയുന്നതുവരെ മാറി നിൽക്കാൻ കർശനമായി ആജ്ഞ നൽകുക. ക്ഷേത്ര ശ്രീകോവില ദീപാരാധനയ്ക്ക് തുറക്കുന്ന പോലെ നമ്മുടെ മനസിന്റെ വാതിൽ തുറക്കുന്നതായി സങ്കൽപ്പിക്കുക. പൂർണ്ണചന്ദ്രനെപ്പോലെ സുന്ദരമായ പ്രകാശ വലയം
സങ്കല്പിക്കുക. അതിന് മദ്ധ്യത്തിൽ സന്തോഷവദനനായി ഗണപതി പുഞ്ചിരിച്ച് നമ്മെ അനുഗ്രഹിക്കുന്നതായി സങ്കല്പിക്കുക .

ഗണേശ മൂലമന്ത്രം
ഓം ഗം ഗണപതയേ നമ:

ഗണേശ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
വക്ര തുണ്ഡയെ ധീമഹി
തന്നോ ദന്തി പ്രചോദയാത്

ഗണപതി ദ്വാദശനാമാവലി

പ്രണമ്യ ശിരസാ ദേവം
ഗൗരിപുത്രം വിനായകം
ഭക്ത്യാവ്യാസ സ്മരേന്നിത്യം
ആയുർകാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണ പിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം

ലാബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവച
സപ്തകം വിഘ്നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം

ദശമം തു വിനായകം
നവമം ഫാലചന്ദ്രം ച
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യാ: യ
പഠേന്നര :
ന ച വിഘ്നം ഭയം തസ്മൈ
സർവ്വസിദ്ധികരം ധ്രുവം
വിദ്യാർത്ഥി ലഭതേ വിദ്യാം
ധനാർത്ഥി ലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രാൻ
മോക്ഷാർത്ഥി ലഭതേ ഗതിം
ജപേത് ഗണപതി സ്തോത്രം
ഷഡ്ഭിർ മാസൈ ഫലം ലഭേത്
സംവത്സരേണ സിദ്ധിം ച ലഭതേ
നാത്ര സംശയം

ജ്യോതിഷരത്നം വേണു മഹാദേവ്, +91 984 747 5559

error: Content is protected !!