Saturday, 23 Nov 2024
AstroG.in

നാഗപ്രീതിയാൽ കുടുംബഐശ്വര്യം; 28 ദിവസം രണ്ടു നേരം ഇത് ജപിക്കുക

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നാഗദോഷത്താൽ സർവനാശംതന്നെ സംഭവിക്കും എന്നാണ് വിശ്വാസം. മറാരോഗങ്ങൾ, സന്താനക്ലേശം, അനപത്യദുഃഖം അതായത് സന്താനഭാഗ്യം ഇല്ലാതെ വരിക, ദാമ്പത്യദുരിതം, ശത്രുദോഷം, ത്വക് രോഗങ്ങൾ, കർമ്മപുഷ്ടിക്കുറവ്, കുടുംബത്തിൽ ദാരിദ്ര്യം എന്നിവയെല്ലാം സർപ്പപ്രീതി ഇല്ലാത്തതു കാരണം സംഭവിക്കാം.നാഗശാപം മൂലമാണ് മിക്കയാളുകളും സന്താനദോഷം അനുഭവിക്കുന്നതെന്നാണ് കരുതുന്നത്.

നാഗശാപം മൂലം സന്താനങ്ങൾ ഉണ്ടാകാതെ വരികയോ ഉണ്ടായാൽ തന്നെ നാശംസംഭവിക്കുകയോ ചെയ്യാം. ജ്യോതിഷത്തിൽ നാഗദോഷം കണ്ടാൽ നാഗ പ്രീതി വരുത്തുക തന്നെ വേണം. മാസം തോറും ആയില്യം നക്ഷത്ര ദിവസം സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി നൂറും പാലും, ആയില്യ പൂജ തുടങ്ങിയ വഴിപാട് കഴിച്ച് പ്രാർത്ഥിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആയില്യദിവസം ഉപവസിക്കുക, സർപ്പക്കാവുകൾ സംരക്ഷിക്കുക, നാഗരാജപൂജ, സർപ്പബലി തുടങ്ങിയവയാണ് മറ്റ് പ്രതിവിധികൾ. സർപ്പപ്രീതിക്ക് വേണ്ടി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങളാണ് സർപ്പബലി. പ്രത്യേകം പത്മം തയ്യാറാക്കി അതിൽ ശിവനെ ആവാഹിച്ച് പൂജിച്ച് നാഗചൈതന്യം ആവാഹിച്ച് ഹവി‌സു കൊണ്ട് ബലി തൂകിയാൽ അതി ശക്തമായ സർപ്പദോഷം പോലും മാറ്റാനാകും.

സർപ്പക്കാവുകളിൽ നിത്യേന വിളക്കുവയ്ക്കുകയും വാർഷികപൂജ മുടങ്ങാതെ ചെയ്യുകയും ചെയ്താൽ ഏത്ര കടുത്ത നാഗദോഷവും മാറി സർപ്പദേവതകളുടെ അനുഗ്രഹം നേടാനാകും. നാഗപ്രീതി ലഭിച്ചാൽ തീർച്ചയായും വ്യക്തിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാകും. പൂജാകർമ്മങ്ങൾ മുടങ്ങി കാടുകയറി ക്ഷയിച്ചു കിടക്കുന്ന സർപ്പക്കാവുകൾ ധാരാളമുണ്ട്. പല സ്ഥലങ്ങളിലും പൗരാണികവിഗ്രഹം, സർപ്പത്തറ എന്നിവയെല്ലാം കേടുപാട് വന്ന് നശിച്ചു കിടക്കുന്നുണ്ട്. അതെല്ലാം വൃത്തിയാക്കി പരിപാലിച്ച് പൂജാകർമ്മങ്ങൾ അനുഷ്ഠിച്ചാൽ ഐശ്വര്യാഭിവൃദ്ധി ഉണ്ടാകും. സർപ്പക്കാവ്, തറ എന്നിവ ക്ഷയിച്ചു കിടക്കുന്ന കുടുംബങ്ങൾ നശിക്കുന്നതിന്റെ കാരണം ഇതാണ്.

നാഗദോഷം അനുഭവിക്കുന്നവർ അതിൽ നിന്നുള്ള മോചനത്തിനും കുടുംബ ഐശ്വര്യത്തിനും നാഗാഷ്ടമന്ത്രം ജപിക്കുന്നതും നല്ലതാണ്. ഈ എട്ട് മന്ത്രങ്ങളും 5 പ്രാവശ്യം വീതം ആയില്യ നക്ഷത്രം തുടങ്ങി 28 ദിവസം രണ്ടു നേരം ജപിക്കുക. നാഗപ്രീതിക്ക് ഏറ്റവും ഗുണകരമായ 8 മന്ത്രങ്ങളാണ് ഇവ. ഭക്തിയോടെ ജപിച്ചാൽ നാഗപ്രീതിയാൽ എല്ലാ ഐശ്വര്യവും ലഭിക്കും.

1. ഓം നാഗാത്മികായൈ നാഗാരൂഢായൈ നമ:

2. ഓം ആകാശബീജായ നാഗായ പ്രമോദായ നമ:

3. ഓം പൃഥ്വീകല്പായ നാഗായ നാഗരാജായ ആഗ്‌നയേ നമ:

4. ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവഗന്ധർവ്വപൂജകായ ഹ്രീം നാഗായ ഹ്രീം നമ:

5. ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘനാദായ സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമ:

6. ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമ:

7. ഓം കേശവായ കേശിഘ്‌നേ സാഗരായ സത്യായ ചിത്രായ വശ്യായ സായുഗാത്മനേ നാഗാനന്ദായ നമ:

8. ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേ രുദ്രായ സത്യായ പഞ്ചായുധ ധാരിണേ പഞ്ചാംഗഘോഷായ ഹ്രീം നമ:

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 944 702 0655

error: Content is protected !!