നാഗപ്രീതി നേടാൻ പറ്റിയ സമയം; രാഹു ശനിദോഷത്തെക്കാൾ കടുപ്പം
ബ്രഹ്മശ്രീ ഗോപകുമാർ നമ്പൂതിരി
സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും കന്നിയിലെയും, തുലാത്തിലെയും ആയില്യം ഏറ്റവും ഉത്തമമാണ്. കന്നിയിലെ ആയില്യം നാഗരാജാവിന്റെ തിരുന്നാൾ ആയതിനാൽ എല്ലാ നാഗക്ഷേത്രങ്ങളിലും അതി വിശേഷമാണ്. മണ്ണാറശാലയിലെ മഹോത്സവമാണ് തുലാത്തിലെ ആയില്യത്തിന്റെ പ്രാധാന്യം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഈ ദിവസം ദർശനം നടത്തി ആയില്യ പൂജ നടത്തുന്നതും കരിക്കും കമുകിൻ പൂക്കുലയും സമർപ്പിക്കുന്നതും മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുന്നതും നൂറുംപാലും വഴിപാട് നടത്തുന്നതും നാഗ ദോഷങ്ങൾ തീരാൻ നല്ലതാണ്. വ്രതമെടുത്ത് ആയില്യ പൂജ നടത്തിയാൽ നിങ്ങളുടെയും സന്തതികളുടെയും കുടുംബത്തിന്റെയും എല്ലാ നാഗദോഷങ്ങളും അവസാനിക്കും. ആയില്യത്തിന്റെ തലേന്ന് മുതൽ വ്രതം തുടങ്ങണം. സാധാരണ വ്രതനിഷ്ഠകൾ പാലിക്കണം. ആയില്യത്തിന്റെ പിറ്റേന്ന് ശിവ ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. വ്രതമെടുക്കുന്നവർ ഓം നമ : ശിവായ പഞ്ചാക്ഷര മന്ത്രവും ഓം നമ : കാമരൂപിണേ നാഗരാജായ മഹാബലായ സ്വാഹാ എന്ന നാഗരാജ മന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. 2020 നവംബർ 8 ഞായറാഴ്ചയാണ് ഇത്തവണ തുലാമാസ ആയില്യം.
ഭൂമിയുടെ അധിപതി ആയതിനാൽ മനുഷ്യരാശിയുടെ കുലദേവതയായി കരുതിയാണ് നാഗങ്ങളെ ആരാധിക്കുന്നത്. നവഗ്രഹങ്ങളിൽ രാഹു കേതുക്കൾക്കാണ് സർപ്പദൈവങ്ങളുടെ ആധിപത്യം.
ജാതകത്തിൽ എന്തെല്ലാം ഭാഗ്യയോഗങ്ങൾ ഉണ്ടായാലും അതിന്റെ അനുഭവയോഗം തടയുന്ന മുഖ്യഘടകം രാഹുകേതുക്കളുടെ അപ്രീതിയാണ്. മറ്റെന്തെല്ലാം ഉണ്ടെങ്കിലും അനുഭവയോഗമില്ലെങ്കിൽ എന്ത് ഫലം. അനുഭവയോഗം നൽകുന്ന പ്രധാന ഘടകം രാഹുവിന്റെയും കേതുവിന്റെയും അനുഗ്രഹമാണ്. അതുകൊണ്ടാണ് ഒരു വ്യക്തിയുടെ ഗ്രഹനിലയിൽ ഛായാഗ്രഹങ്ങളായ രാഹു കേതുക്കളെ ഏറ്റവും
ഭയത്തോടെ കാണുന്നത്.
നാഗദോഷലക്ഷണങ്ങൾ നിരവധിയുണ്ട്. കടുത്ത സർപ്പദോഷത്താൽ ത്വക്‌രോഗങ്ങൾ, മാനസിക വിഭ്രാന്തികൾ, ഉദരവ്യാധികൾ, നാഡീ തകരാറുകൾ, കട ബാധ്യതകൾ, സന്താനദു:ഖം, ശാരീരിക വൈകല്യം, സന്താനമില്ലായ്മ എന്നിവ സംഭവിക്കാം. ജാതകത്തിലെ 3,11 ഭാവങ്ങളൊഴികെ എവിടെ രാഹുകേതുക്കൾ വന്നാലും സർപ്പദോഷം പറയാം. ഇത് അതത് ഭാവത്തെക്കൊണ്ടുള്ള ഗുണം കുറയ്ക്കും. സാമ്പത്തിക ക്ലേശം, കുടുംബബന്ധങ്ങളിൽ തകർച്ച, മന:സംഘർഷം, വിവാഹതടസം, പ്രണയദുരിതം, ദാമ്പത്യ ക്ലേശം, ഭൂമിദോഷം, വ്യവഹാരം, ഇങ്ങനെ ജാതകത്തിലെ ഒരോ ഭാവവുമായി ബന്ധപ്പെട്ട കഷ്ടതകൾ കാരണം വിഷമിക്കാം.
കേതു അനിഷ്ടത്തിലായാൽ കുടുംബസ്വത്ത് കിട്ടില്ല. വഞ്ചനയ്ക്ക് ഇരയാകും. സാമ്പത്തിക നഷ്ടം. ചൂതു കളിയിൽ താത്പര്യം, യാത്രകൾ വഴി നഷ്ടം, മുറിവ്, ചതവ്, അപകടം, കാര്യതടസം എന്നിവയുണ്ടാകാം രാഹുവാണ് അനിഷ്ടത്തിലാകുന്നതെങ്കിൽ വിഷബാധ, കൈവിഷദോഷം എന്നിവ സംഭവിക്കാം.
ആയില്യം വ്രതം, നാഗപഞ്ചമിവ്രതം എന്നിവ അനുഷ്ഠിക്കുന്നത് നാഗ ദോഷങ്ങൾക്കും രാഹു-കേതു ദോഷങ്ങൾക്കും ശാന്തി നൽകും. വ്രതാനുഷ്ഠാനങ്ങൾ നടത്തുമ്പോൾ സർപ്പം പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രദർശനം വളരെ ഗുണകരമാകും. എത്ര കടുത്ത നാഗദോഷവും പയ്യന്നൂർ ശ്രീസുബ്രഹ്മണ്യപെരുമാൾ ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടുതവണ മാത്രം നടന്നുവരുന്ന നാഗാരാധനയിൽ പങ്കെടുത്താൽ മാറുമെന്ന് ജ്യോതിഷ പണ്ഡിതന്മാർ പറയുന്നു.
12 മാസം തുടർച്ചയായി നൂറും പാലും കവുങ്ങിൻ പൂക്കുല സമർപ്പണം, അഷ്ടദ്രവ്യാഭിഷേകം അഷ്ടനാഗപൂജ, നാഗരൂപസമർപ്പണം, പുള്ളുവനെ കൊണ്ട് പാടിക്കുക. നാഗരൂട്ട്, സർപ്പബലി, നാഗാലങ്കാരം ഇവയിൽ ഏതു വഴിപാടാണെന്ന് ജാതക പരിശോധനയിൽ ഒഴിവു കാണുന്നത് അത് ക്ഷേത്രത്തിൽ നടത്തി പ്രാർത്ഥിച്ചാൽ ഫലസിദ്ധി വരും.
നാഗർകോവിൽ നാഗരാജക്ഷേത്രം, അനന്തൻകാട് ശ്രീനാഗരാജക്ഷേത്രം, പൂജപ്പുര നാഗർക്കാവ് ക്ഷേത്രം കൊല്ലത്തെ മധുരപ്പ നാഗരാജക്ഷേത്രം, വെട്ടിക്കോട്ട് നാഗരാജക്ഷേത്രം, മണ്ണാറശാല നാഗരാജക്ഷേത്രം, വയലാർ തിരുനാഗർകുളങ്ങര നാഗയക്ഷി മഹാദേവ ക്ഷേത്രം, എറണാകുളം ആമേട നാഗക്ഷേത്രം, തൊടുപുഴ പുതുക്കുളം നാഗരാജക്ഷേത്രം, കോട്ടയം നാഗമ്പൂഴി മന, മാള പാമ്പുമ്മേക്കാട്ടു മന, ഷൊർണൂർ പാതിരിക്കുന്നത്ത് മന, പാലക്കാട് അത്തിപ്പറ്റ മന, തിരുവില്വാമല പാമ്പാടി ശ്രീപാമ്പുംകാവ്, കോഴിക്കോട് നെല്യാടി നാഗകാളി ക്ഷേത്രം, കണ്ണൂർ പെരളശേരി ശ്രീ സുബ്രഹ്മണ്യക്ഷേത്രം, കണ്ണൂർ കരിപ്പാൽ നാഗം കയ്യത്തു നാഗം, കുക്കെ സുബ്രഹ്മണ്യം എന്നിവ നാഗദേവതകൾക്ക് സവിശേഷ പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്.
ബ്രഹ്മശ്രീ ഗോപകുമാർ നമ്പൂതിരി,
അനന്തൻകാട് ശ്രീനാഗരാജക്ഷേത്രം മേൽ ശാന്തി
+91 6282434247