Monday, 30 Sep 2024
AstroG.in

നാവാമുകുന്ദനെ പൂജിച്ച് സുധീർ നമ്പൂതിരി അയ്യപ്പ തൃപ്പാദങ്ങളിൽ

തിരൂർ, തിരുനാവായ അരീക്കര മനയിലെ എ.കെ.സുധീർ നമ്പൂതിരിയെ അടുത്ത ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. ആലുവ പുളിയനം മാടവന മനയിലെഎം.എസ്.പരമേശ്വരൻ നമ്പൂതിരിയാണ് പുതിയ  മാളികപ്പുറം മേൽശാന്തി. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ  മേല്‍ശാന്തിയായിരുന്നു സുധീർ നമ്പൂതിരി.
ചിങ്ങപ്പുലരിയിൽ ശബരിമല സന്നിധാനത്ത് അയ്യപ്പഭഗവാന്റെ തിരുനടയിൽ നടന്ന നറുക്കെടുപ്പിലാണ്  ഇവരെ മേൽശാന്തിമാരായി തിരഞ്ഞെടുത്തത്. മുൻപ് തുലാമാസം ഒന്നിനായിരുന്നു മേൽശാന്തിമാരുടെ നറുക്കെടുപ്പ്.  മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നു മുതൽ ഒരു വർഷമാണ് മേൽശാന്തിമാരുടെ കാലാവധി.

എ.കെ.സുധീർ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്കുള്ള വരെ തിരഞ്ഞെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്  ആഗസ്റ്റ്  8, 9 തീയതികളില്‍  അഭിമുഖ പരീക്ഷ നടത്തിയിരുന്നു. ഇതിൽ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ രണ്ട് ക്ഷേത്രങ്ങളിലേക്കും ഒമ്പത്  വീതം പേരുകളടങ്ങിയ പട്ടിക തയ്യാറാക്കി.  നറുക്കെടുപ്പിനായി ഇവരു പേരുകള്‍ എഴുതിയ കടലാസുകൾ ചുരുട്ടി  വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. ഒന്നാമത്തെ വെള്ളിക്കുടത്തില്‍ ശബരിമല മേല്‍ശാന്തിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരുകള്‍ എഴുതിയ ഒമ്പത് കടലാസ് തുണ്ടുകളും രണ്ടാമത്തെ കുടത്തില്‍ മേല്‍ശാന്തി എന്നെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത എട്ടു തുണ്ടുകളും അടക്കം ഒമ്പതെണ്ണം നിക്ഷേപിച്ചു.  രണ്ടു കുടങ്ങളും  ശ്രീകോവിലിനുള്ളില്‍ പൂജിച്ച ശേഷം  നറുക്കെടുക്കാന്‍ മേൽശാന്തി പുറത്തേക്ക് നല്‍കി ക്ഷേത്ര സോപാനത്തില്‍ വച്ച് നറുക്കെടുപ്പ് നടന്നു.

എം.എസ്.പരമേശ്വരൻ നമ്പൂതിരി

പന്തളം കൊട്ടാരത്തില്‍ നിന്ന് വന്ന കുട്ടികളെയാണ്  നറുക്കെടുപ്പിനായി നിയോഗിച്ചത്. മാധവ് കെ.വര്‍മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയുടെ പേര് നറുക്കെടുത്തത്.
പിന്നീട് ഇതേ രീതിയില്‍ തന്നെ മാളികപ്പുറം മേല്‍ശാന്തിയെ തീരുമാനിക്കാനുള്ള നറുക്കെടുപ്പും നടന്നു. തുടര്‍ന്ന് ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അടുത്ത ഒരു വര്‍ഷത്തെ താന്ത്രിക ചുമതല വഹിക്കുന്ന  തന്ത്രി കണ്ഠര് മഹേഷ് മോഹനര്,  മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാര്‍, സന്നിധാനം സ്പെഷൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച്.ഹർഷൻ, എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു  രാവിലെ എട്ടുമണിക്ക്  മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്.

error: Content is protected !!