നിങ്ങളുടെ ഇഷ്ട ദേവത ഇതാണ്; എന്നും ഭജിച്ചാൽ കാത്തുരക്ഷിക്കും
ജീവിത പ്രശ്നങ്ങൾക്കെല്ലാം കാരണം ജാതക ദോഷവും സമയ ദോഷവുമാണ്. ദശാപഹാര ദോഷങ്ങൾക്കും ജാതകാലുള്ള മറ്റ് ദോഷങ്ങൾക്കും ഗോചരാൽ സംഭവിക്കുന്ന ദുരിതങ്ങള്‍ക്കും പ്രധാന പരിഹാരം പ്രാർത്ഥനയാണ്. ഗ്രഹദോഷങ്ങൾക്ക് കാരണമാകുന്ന ദേവതകളെയും ഇഷ്ടദേവതയെയും കണ്ടെത്തി ആ ദേവതകളെ നിത്യേന ഭജിച്ചാൽ എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരമാകും. ഒരു വ്യക്തി നിരന്തരം ഇഷ്ടദേവതയെ ഭജിച്ചാൽ ആ മൂർത്തി എപ്പോഴും നമ്മെ കാത്തുകൊള്ളുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ പ്രതിസന്ധികളെ നേരിട്ട് അനായാസം നമുക്ക് മുന്നേറുവാൻ കഴിയും.
ജാതകം നോക്കി ഒരു വ്യക്തിയുടെ ഇഷ്ടദേവതയെ കണ്ടെത്തുന്നതിന് ജ്യോതിഷത്തിൽ നല്ല പരിജ്ഞാനം വേണം. ജാതകത്തിലെ അഞ്ചാം ഭാവാധിപന്‍, അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം, അഞ്ചില്‍ നോക്കുന്ന ഗ്രഹം, അതിൽ തന്നെ ഏറ്റവും ബലമുള്ള ഗ്രഹം എന്നിവ വിശകലനം ചെയ്താണ് ഇഷ്ടദേവതയെ കണ്ടെത്തുന്നത്.
എന്നാൽ ജന്മനക്ഷത്ര പ്രകാരം ഓരോ നാളുകാര്‍ക്കും ഓരോ ഇഷ്ടദേവതയുണ്ട്. അത് ഏതെല്ലാമാണെന്ന് മനസിലാക്കി പ്രാർത്ഥിച്ചാലും ആഗ്രഹസാഫല്യവും ദുരിതമോചനവുമുണ്ടാകും. ഒരോ നക്ഷത്രത്തിന്റെയും ഇഷ്ടദേവതകളും അനുഷ്ഠിക്കേണ്ട കർമ്മങ്ങളും:
അശ്വതി
ഇഷ്ടദേവത ഗണപതിയാണ്. ഭദ്രകാളിയെയും സുബ്രഹ്മണ്യനെയും ഭജിക്കുന്നതും ഫലപ്രദമാണ്. ഗണപതി ഭജനം, വിനായകചതുര്‍ത്ഥി വ്രതം എന്നിവ ഏറെ ഗുണകരമാണ്. ജന്മ നക്ഷത്രദിവസം ഗണപതി ഹോമം നടത്തുന്നത് ഐശ്വര്യം നൽകും . അശ്വതി, മകം, മൂലം ദിവസങ്ങൾ ക്ഷേത്ര ദർശനത്തിന് ഉത്തമം. ചൊവ്വ ഗ്രഹപ്രീതി വരുത്തണം. അശ്വതിയും ചൊവ്വയും ചേർന്നു വരുന്ന ദിവസം സുബ്രഹ്മണ്യനെ ഭജിക്കണം.
ഭരണി
ഭദ്രകാളിയെയാണ് ഇഷ്ടദേവത. സുബ്രഹ്മണ്യനെയും ശിവനെയും ഭജിക്കുന്നതും ഗുണകരമാണ്. നക്ഷത്രദേവത യമനാണ്. ഭരണി, പൂരം, പൂരാടം, നക്ഷത്രങ്ങളില്‍ ഭദ്രകാളി ക്ഷേത്രദര്‍ശനം, ജന്മനക്ഷത്രത്തില്‍ ലക്ഷ്മീപൂജ എന്നിവ നടത്തുന്നത് തടസങ്ങളും ദുരിതങ്ങളും കുറയാന്‍ സഹായിക്കും. വെള്ളി, ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേർന്നു വരുന്ന ദിവസം അനുഷ്ഠാനങ്ങൾ ഒഴിവാക്കരുത്.
കാര്‍ത്തിക
മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാരുടെ ഇഷ്ടദേവത സുബ്രഹ്മണ്യനാണ്. ഇടവക്കൂറുകാർ മഹാലക്ഷ്മിയെയും ഇഷ്ടദേവതയായി കണ്ട് പൂജിക്കണം. എന്നും സൂര്യദേവനെയോ ശിവനെയോ പ്രാര്‍ഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കണം. കാർത്തികയും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിലും കാർത്തിക, ഉത്രം, ഉത്രാടം ദിവസങ്ങളിലും ആദിത്യഹൃദയം ജപിക്കണം.
രോഹിണി
ദുർഗ്ഗ അല്ലെങ്കിൽ ഭദ്രകാളിയെ ഇഷ്ടദേവതയായി ആരാധിക്കാം. ശ്രീകൃഷ്ണ പൂജയും ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഗുണപ്രദമാണ്. തിങ്കളാഴ്ച വ്രതമെടുക്കുന്നത് നല്ല ഫലങ്ങള്‍ പ്രദാനം ചെയ്യും. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. പൗര്‍ണമിയില്‍ ദുര്‍ഗാദേവി ക്ഷേത്രത്തിലും അമാവാസിയില്‍ ഭദ്രകാളി ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നതും ഉചിതമാണ്. രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങളില്‍ ക്ഷേത്ര ദർശനം വേണം.
മകയിരം
സുബ്രഹ്മണ്യനും ഭദ്രകാളിയും ഇഷ്ടദേവതകൾ. മഹാലക്ഷ്മിയെയും ശ്രീകൃഷ്ണനെയും ആരാധിക്കുന്നതും ചൊവ്വാഴ്ച വ്രതം എടുക്കുന്നതും ഉത്തമമാണ്. ചൊവ്വാഴ്ചയും മകയിരവും ചേർന്നു വരുന്ന ദിവസവും മകയിരം ചിത്തിര, അവിട്ടം നക്ഷത്രദിവസങ്ങളിലും ക്ഷേത്ര ദർശനം മുടക്കരുത്. ഇടവക്കൂറുകാര്‍ ശുക്രനെയും മിഥുനക്കൂറുകാര്‍ ബുധനെയും പ്രീതിപ്പെടുത്തണം.
തിരുവാതിര
ഇഷ്ടദേവത പരമശിവനാണ്. രാഹുവിനെയും സര്‍പ്പദൈവങ്ങളെയും ആരാധിക്കുന്നതും ഗുണകരമാണ്. ജന്മനക്ഷത്ര ദിവസം രാഹുവിനെ ആരാധിക്കുക. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുന്നത് ഉചിതമാണ്. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്താൻ ശ്രീകൃഷ്ണ പൂജ നല്ലതാണ്. തിരുവാതിര, ചോതി, ചതയം നക്ഷത്രദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തണം.
പുണര്‍തം
ഇഷ്ടദേവത ശ്രീകൃഷ്ണനാണ്. ശ്രീരാമനെയും പാർവ്വതിയെയുംആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ദുരിതം കുറയ്ക്കാന്‍ സഹായിക്കും. പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് സദ്ഫലങ്ങള്‍ നൽകും. വ്യാഴാഴ്ചയും പുണർതവും ഒന്നിച്ചു വരുന്ന ദിവസം പ്രധാനമാണ്.
പൂയം
ഇഷ്ടദേവത വിഷ്ണുഭഗവാനാണ്. ശനിയാഴ്ച വ്രതവും ശാസ്താഭജനവും ദുർഗ്ഗാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും നേട്ടമുണ്ടാക്കും. ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഗുണകരമാണ്. പൂയവും ശനിയാഴ്ചയും ഒന്നിച്ചു വരുന്ന ദിവസം ശാസ്താവിന് എള്ളു പായസം വഴിപാട് നടത്തുന്നതും ശനീശ്വരപൂജ ചെയ്യുന്നതം ദുരിതങ്ങള്‍ കുറയ്ക്കും.
ആയില്യം
നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശ്രീകൃഷ്ണനെയും ശിവനെയും ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി സന്നിധികളിൽ ദര്‍ശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ഒന്നിച്ചു വരുന്ന ദിവസങ്ങളും ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങളും പ്രാർത്ഥനയ്ക്ക് അതി വിശേഷമാണ്. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം.
മകം
ഇഷ്ടദേവത ഗണപതിയാണ്. നക്ഷത്രാധിപൻ കേതുവായതിനാൽ പതിവായി ഗണേശഭജനവും ജന്മനക്ഷത്ര ദിവസം ഗണപതിഹോമവും ഗുണം ചെയ്യും. രാശ്യാധിപൻ ആദിത്യനായതിനാൽ സൂര്യോപാസനയും ശിവപ്രീതികരമായ കർമ്മങ്ങളും നല്ലതാണ്. മകം, മൂലം, അശ്വതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം മുടക്കരുത്. മകവും ഞായറാഴ്ചയും ഒന്നിച്ചു വരുമ്പോൾ ശിവന് വഴിപാട് നടത്തണം. .
പൂരം
ഇഷ്ടദേവത ശിവനാണ്. മഹാലക്ഷ്മിയെയും അന്നപൂർണ്ണേശ്വരിയെയും യക്ഷിയമ്മയെയും ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളിലും പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിലും ക്ഷേത്രദര്‍ശനവും വഴിപാടുകളും ഗുണകരമാണ്. പൂരം നാളില്‍ ശിവപൂജയും ലക്ഷ്മീപൂജയും നടത്തുന്നത് അനുകൂല ഫലങ്ങള്‍ നല്‍കും.
ഉത്രം
ധർമ്മശാസ്താവാണ് ഇഷ്ടദേവത. ശിവനെയും ആരാധിക്കാം. ഉത്രം ചിങ്ങക്കൂറുകാർ പതിവായി ശാസ്താ, ശിവ ക്ഷേത്രദര്‍ശനം നടത്തുന്നത് നല്ലതാണ്. ഞായറാഴ്ചയും ഉത്രവും വരുന്ന ദിവസങ്ങളിലെ പ്രാർത്ഥന കൂടുതൽ ഗുണപ്രദമാണ്. ഉത്രം, ഉത്രാടം, കാര്‍ത്തിക നക്ഷത്രങ്ങളിലെ ശിവക്ഷേത്രദര്‍ശനം ഗുണം ചെയ്യും. കന്നിക്കൂറുകാർക്ക് ശ്രീകൃഷ്ണ ഭജനം നല്ലതാണ്.
അത്തം
ഗണപതിയുടെ ജന്മക്ഷത്രമാണ്. ഇഷ്ടദേവത ഗണപതി. ദുർഗ്ഗയെയും ഭദ്രകാളിയെയും പൂജിക്കുന്നതും നല്ലതാണ്. രാശ്യാധിപൻ ബുധനായതിനാൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനവും ഗുണം ചെയ്യും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളില്‍ ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി കറുകമാല സമർപ്പിക്കുക. നക്ഷത്ര ദേവത സൂര്യനായതിനാൽ ശിവപ്രീതി ഉപകരിക്കും.
ചിത്തിര
ഭദ്രകാളിയാണ് ഇഷ്ടദേവത. ദേവീ ഉപാസന ഗുണകരമാണ്. ലളിതാസഹസ്രനാമജപം ഗുണം ചെയ്യും. ചൊവ്വാഴ്ച ഭദ്രകാളീ, സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം നല്ലതാണ്. ചൊവ്വാ പ്രീതിക്കായുള്ള
കര്‍മ്മങ്ങളും ചിത്തിര, അവിട്ടം, മകയിരം ദിവസങ്ങളിലെ ക്ഷേത്ര ദർശനവും ഗുണകരമാകും. കന്നിക്കൂറുകാർ ശ്രീകൃഷ്ണനെയും തുലാക്കൂറുകാർ മഹാലക്ഷ്മിയെയും പ്രത്യേകമായി ആരാധിക്കണം.
ചോതി
ഇഷ്ടദേവത വായുപുത്രനായ ഹനുമാനാണ്. സര്‍പ്പാരാധനയും മഹാലക്ഷ്മീഭജനവും ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും വരുന്ന ദിവസത്തെ അനുഷ്ഠാനങ്ങൾക്ക് ഫലസിദ്ധി കൂടും. ചോതി, ചതയം, തിരുവാതിര ദിവസങ്ങളിലെ ക്ഷേത്ര ദർശനവും വഴിപാടുകളും നന്മയേകും. സർപ്പ പ്രീതികരമായ കർമ്മങ്ങൾ മുടക്കരുത്.
വിശാഖം
ഇഷ്ടദേവത മഹാവിഷ്ണു. വ്യാഴാഴ്ചകളില്‍ വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണം ചെയ്യും. വിശാഖം, പൂരുരുട്ടാതി, പുണർതം നക്ഷത്രദിവസങ്ങളിലും വ്യാഴാഴ്ചയും വിശാഖവും ഒന്നിക്കുമ്പോഴും ക്ഷേത്രദർശനം ഒഴിവാക്കരുത്. തുലാക്കൂറിലെ വിശാഖക്കാർ മഹാലക്ഷ്മിയെയും വൃശ്ചികക്കൂറുകാർ സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ പൂജിക്കുന്നത് അനുകുലമാകും.
അനിഴം
ഇഷ്ടദേവത ഭദ്രകാളിയാണ്. കാളീമന്ത്രജപം ദുരിതങ്ങളെ മറികടക്കാന്‍ സഹായിക്കും. സുബ്രഹ്മണ്യനെയും ശാസ്താവിനെയും ഭജിക്കുന്നത് ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും വരുന്ന ദിവസം ശാസ്താവിന് നീരാജനം തെളിക്കണം. അനിഴം, ഉത്തൃട്ടാതി, പൂയം നക്ഷത്രത്തിൽ ക്ഷേത്രദര്‍ശനം ഒഴിവാക്കരുത്.
തൃക്കേട്ട
ശ്രീകൃഷ്ണനെയാണ് പ്രധാനമായും പൂജിക്കേണ്ടത്. തൃക്കേട്ടയും ബുധനാഴ്ചയും ഒത്തുവരുന്ന ദിവസങ്ങളില്‍ ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനവും വഴിപാടും നടത്തുക. തൃക്കേട്ട, ആയില്യം, രേവതി നക്ഷത്രങ്ങളിലെ അനുഷ്ഠാനങ്ങൾ ഗുണകരമാകും. സുബ്രഹ്മണ്യനെയും, ഭദ്രകാളിയെയും ആരാധിച്ച് ചൊവ്വ പ്രീതി നേടുന്നതും നല്ലതാണ്.
മൂലം
ഇഷ്ടദേവന്‍ ഗണപതിയാണ്. ഓം നമ: ശിവായ ജപം ഒരു ദിവസവും മുടക്കരുത്. പതിവായി ഗണപതി ഭജനവും മൂലം നക്ഷത്രത്തിൽ ഗണപതി ഹോമവും നടത്തണം. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസങ്ങളിലും മൂലം, അശ്വതി, മകം നക്ഷത്രത്തിലും ക്ഷേത്രദര്‍ശനം ഒഴിവാക്കരുത്. രാശ്യാധിപനായ വ്യാഴപ്രീതി നേടാൻ വിഷ്ണു ക്ഷേത്ര ദർശനം ഗുണകരമാകും.
പൂരാടം
മഹാലക്ഷ്മിയാണ് ഇഷ്ടദേവത. മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി, മഹാവിഷ്ണു ഭജനം ശുഭഫലങ്ങള്‍ നല്‍കും. വ്യാഴാഴ്ചയും പൂരാടവും ചേർന്നു വരുന്ന ദിവസം വിഷ്ണുപുജയും വെള്ളിയാഴ്ചയും പൂരാടവും ഒന്നിച്ചു വരുമ്പോഴും ജന്മനക്ഷത്ര ദിവസവും ലക്ഷ്മീപൂജ നടത്തുന്നതും നല്ലതാണ്. പൂരാടം, ഭരണി, പൂരം നക്ഷത്രത്തിൽ ക്ഷേത്ര ദർശനം മുടക്കരുത്.
ഉത്രാടം
ഇഷ്ട ദേവതകൾ ശിവനും മഹാവിഷ്ണുവും. സൂര്യനെ ആരാധിക്കുന്നതും ഞായറാഴ്ച വ്രതവും ശിവ ക്ഷേത്രദർശനവും ഗുണം ചെയ്യും. ഉത്രാടം, കാർത്തിക, ഉത്രം ദിവസങ്ങളിൽ ക്ഷേത്ര ദർശനം ഒഴിവാക്കരുത്. ഞായറും ഉത്രാടവും ഒന്നിച്ചു വരുമ്പോൾ ശിവഭജനം നടത്തണം. ധനുക്കൂറുകാർ മഹാവിഷ്ണുവിനെയും മകരക്കൂറുകാർ ശാസ്താവിനെയും വിശേഷാൽ പുജിക്കണം.
തിരുവോണം
ഇഷ്ടദേവത ദുർഗ്ഗാ ഭഗവതി. രാശ്യാധിപൻ ശനി ആയതിനാൽ ശാസ്താഭജനം, ശനീശ്വരപൂജ, എന്നിവ ജന്മനാളില്‍ നടത്തുന്നതും ഗുണപ്രദമാണ്. പൗർണ്ണമിയിൽ ദുർഗ്ഗാ പൂജയും കറുത്തവാവിന് ഭദ്രകാളീ ആരാധനയും നല്ലതാണ്. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളിൽ ക്ഷേത്ര ദർശനം ഒഴിവാക്കരുത്.
അവിട്ടം
ഇഷ്ടദേവത ഭദ്രകാളിദേവിയാണ്. അല്ലെങ്കില്‍ സുബ്രഹ്മണ്യനെയാണ് ആരാധിക്കേണ്ടത്. നക്ഷത്രാധിപന്‍ ചൊവ്വ ആയതിനാല്‍ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ ഗുണകരമാകും. അവിട്ടം, മകയിരം, ചിത്തിര ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. അവിട്ടവും ചൊവ്വാഴ്ചയും ഒന്നിച്ചു വരുമ്പോൾ ഭദ്രകാളി / സുബ്രഹ്മണ്യഭജനം നല്ലതാണ്. ശനിപ്രീതിയ്ക്ക് വേണ്ടത് ചെയ്യണം
ചതയം
ഇഷ്ടദേവത സർപ്പ ദൈവങ്ങളും ശാസ്താവുമാണ് . ചതയത്തിന് രാഹുപൂജ നടത്തുന്നത് നല്ലതാണ്. കുടുംബത്തിലെ സര്‍പ്പക്കാവ് സംരക്ഷിക്കുന്നതു ഗുണഫലങ്ങള്‍ നല്‍കും. ചതയം, തിരുവാതിര, ചോതി ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. രാശ്യാധിപനായ ശനിപ്രീതിക്ക് ശനിയാഴ്ചകളിൽ നീരാജനം തെളിക്കണം.
പൂരുരുട്ടാതി
മഹാവിഷ്ണുവാണ് ഇഷ്ടദേവത. ജന്മനക്ഷത്രം തോറും മഹാവിഷ്ണുപൂജയും വിഷ്ണുസഹസ്രനാമ പാരായണവും നല്ലതാണ്. നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്താൻ ശാസ്താവിന് ശനിയാഴ്ച നീരാജനം തെളിക്കുക. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേർന്നു വരുന്ന ദിവസത്തെ ആരാധന ഗുണം ചെയ്യും. പൂരുരുട്ടാതി, പുണർതം, വിശാഖം ദിവസങ്ങളിൽ ക്ഷേത്രദർശനം മുടക്കരുത്.
ഉത്തൃട്ടാതി
ശ്രീരാമനും ശാസ്താവുമാണ് ഇഷ്ടദേവത. പതിവായുള്ള മഹാവിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണകരം. ഉത്തൃട്ടാതി, പൂയം, അനിഴം ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. ശനിയും ഉത്തൃട്ടാതിയും ചേർന്നു വരുന്ന ദിവസവും ജന്മനക്ഷത്ര ദിവസവും ക്ഷേത്രദർശനവും അനുഷ്ഠാനങ്ങളും ഒഴിവാക്കരുത്.
രേവതി
ഇഷ്ടദേവത ശ്രീകൃഷ്ണനും മഹാവിഷ്ണുവുമാണ്. വിഷ്ണുമന്ത്രമോ ലക്ഷ്മി മന്ത്രമോ ദിവസവും ജപിക്കുന്നത് ക്ലേശങ്ങള്‍ ഇല്ലാതാക്കും. രേവതി നക്ഷത്രദിവസവും രേവതിയും ബുധനാഴ്ചയും ചേർന്നു വരുന്ന ദിവസവും അനുഷ്ഠാനങ്ങൾ ഗുണകരമാണ്. രേവതി, ആയില്യം, തൃക്കേട്ട ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. ശ്രീകൃഷ്ണ പൂജ നക്ഷത്രാധിപനായ ബുധനെ തൃപ്തിപ്പെടുത്തും.
എൽ. ആർ. ഹരികൃഷ്ണൻ