Saturday, 23 Nov 2024
AstroG.in

നിങ്ങളുടെ മക്കൾക്ക് പ്രതീക്ഷിക്കുന്ന വിദ്യാവിജയം ഉണ്ടാകാൻ ഇത് ചെയ്യുക

ജോതിഷി പ്രഭാ സീന സി.പി

ഇന്ന് എസ്എസ് എൽ സി പരീക്ഷാ ഫലം വന്ന ദിവസമാണ്. കോവിഡ് മഹാമാരിയുടെ കാലത്തും കേരളത്തിലെ കുട്ടികൾ അത്യുജ്ജ്വല വിജയമാണ് നേടിയത്. പ്രതിസന്ധികൾക്കിടയിലും വലിയ വിജയം നേടിയ കുട്ടികൾ ആഹ്ലാദാതിരേകത്തിലാണ്. എന്നാൽ രക്ഷിതാക്കൾ സംതൃപ്തി, സന്തോഷം എന്നിവയ്ക്കിടയിലും ആശങ്കയിലാണ്. മക്കളുടെ മുന്നോട്ടുളള വിദ്യാഭ്യാസത്തെക്കുറിച്ച് ഓർത്താണ് ഇന്ന് പല രക്ഷിതാക്കളും മാനസിക പിരിമുറുക്കം അനുഭവിക്കുന്നത്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി ഭാവി സുരക്ഷിതമാക്കുക എന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. തന്റെ കുട്ടികൾ നന്നായി പഠിച്ച് ഉയർന്ന നിലയിലെത്തണമെന്നാണ് ഓരോ രക്ഷിതാവിന്റെയും ആഗ്രഹം. എന്നാൽ ഭൂരിഭാഗം ആൾക്കാർക്കും ഇത് സാധിക്കുന്നില്ല. കാരണമെന്താണ്? കാരണം കണ്ടുപിടിച്ചാൽ പരിഹാരം സാധ്യമാണ്. മക്കളുടെ കഴിവുകൾ നന്നായി മനസ്സിലാക്കിയാലേ ഇതിന് കഴിയൂ. ഇക്കാര്യത്തിൽ ജ്യോതിഷം വലിയൊരു അളവിൽ നമ്മെ സഹായിക്കും. ഏറ്റവും പ്രധാനം ജനനസമയമാണ്.

ജ്യോതിഷത്തിൽ ബുധനാണ് വിദ്യാകാരകൻ. ജാതകത്തിൽ ബുധന് ബലമുണ്ടെങ്കിൽ ആ വ്യക്തിക്ക് ബുദ്ധിവികാസമുണ്ടാകും. വ്യക്തിയുടെ ജന്മഫലത്തെയും കർമ്മഫലത്തെയും ആശ്രയിച്ചാണ് വിദ്യാവിജയം നിശ്ചയിക്കുക. ശരിയായ രീതിയിൽ ജാതക പരിശോധന നടത്തിയാൽ വ്യക്തിയുടെ വിദ്യയിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താനാകും.

ചില കുട്ടികൾക്ക് എത്ര പഠിച്ചാലും മനസ്സിൽ നിൽക്കില്ല. ചിലർക്ക് മനസ്സിലായവ പെട്ടെന്ന് മറന്നു പോകും. മറ്റ് ചിലർക്ക് മനസിൽ ഉണ്ടെങ്കിലും എഴുതി ഫലിപ്പിക്കാൻ കഴിയാതെ വരും. ഇങ്ങനെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രശ്നങ്ങൾ നിരവധിയാണ്. പരീക്ഷ അടുക്കുന്ന സമയത്ത് പേന പൂജിച്ചത് കൊണ്ടോ, പരീക്ഷ എഴുതിയ ശേഷം വഴിപാടുകൾ നടത്തിയതുകൊണ്ടോ പരിഹരിക്കാൻ സാധിക്കുന്ന വിഷയം അല്ല ഇത്. നന്നേ ചെറുപ്പത്തിലെ കുട്ടികളുടെ പോരായ്മ മനസിലാക്കി അതിനുള്ള പരിഹാരം കാണുകയാണെങ്കിൽ അവർക്ക് മികച്ച വിജയം നേടാൻ സാധിക്കും.

മലയാള ഭാഷാശാസ്ത്രത്തിലെ ആചാര്യനായിരുന്ന എ ആർ രാജരാജവർമ്മയ്ക്ക് കുട്ടിയായിരിക്കുമ്പോൾ ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ അദ്ദേഹത്തിന്റെ പിതാവ് കുട്ടിയെയും കൊണ്ട് കോട്ടയത്തിനടുത്തുള്ള പനച്ചിക്കാട് ക്ഷേത്രത്തിലെത്തി 41 ദിവസം ഭജനം പാർപ്പിക്കുകയും ബ്രഹ്മീഘൃതം സാരസ്വത മന്ത്രം ജപിച്ച് കുട്ടിക്ക് കൊടുക്കുകയും ചെയ്തു. ബുദ്ധിമാന്ദ്യം മാറിയ കുട്ടി മലയാള ഭാഷയുടെ വ്യാകരണ ശാസ്ത്രം വരെ പിന്നീട് രചിച്ചു. ഇതിന്റെ സ്മരണാർത്ഥം തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും അവിടെ പൂജകൾ നടത്തുന്നുണ്ട്. മഹാകവി ഉള്ളൂരടക്കം ഒട്ടേറെപ്പേർ ഇത്തരത്തിൽ അവിടെ ഭജനം പാർത്തിട്ടുണ്ട്.

മൂകാംബികയിൽ വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ ഭാവിയിൽ ബഹുസമർത്ഥരായി മാറിയ എത്രയോ കഥകൾ പറയാനുണ്ട്. വിദ്യാവിജയത്തിന് ഈശ്വരീയമായി ധാരാളം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും പൊതുവായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

1
ജാതക പരിശോധനയിലൂടെ വിദ്യാ തടസ്സമുണ്ടാക്കുന്ന ദോഷങ്ങൾ തിരിച്ചറിയണം. ബുധമൗഢ്യമാണെങ്കിൽ വിഷ്ണുവിന്റെ അവതാരമൂർത്തികളിൽ ആരെ പ്രീതിപ്പെടുത്തണമെന്ന് മനസ്സിലാക്കി ഔഷധം, ധ്യാനം, ജപം, അർച്ചന , യന്ത്ര ധാരണം എന്നിവ വേണ്ടി വരും. വ്യാഴ പ്രീതിക്കുറവാണെങ്കിൽ പരദേവതാ കോപം, ശാപം , ദേവതാ അപ്രീതി ഇവയിൽ എന്താണെന്നറിഞ്ഞ് പരിഹരിക്കണം. സർപ്പദോഷമാണെങ്കിൽ സർപ്പം പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പരിഹാരം ചെയ്യണം. വിദ്യാകാരകഗ്രഹങ്ങളെ ഉത്തേജിപ്പിക്കാൻ പോന്ന രത്നധാരണം ഒരു പരിധി വരെ ഗുണകരമാണ്. ഏലസ് ധരിക്കുന്നവർ ഏത് ഗ്രഹത്തിന്റെ പിഴവും ശാപമോഷവും എന്നു തിരിച്ചറിഞ്ഞു മാത്രം ധരിക്കുക. അല്ലെങ്കിൽ ഫലം പ്രതികൂലമാവും

2
കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവാധിപസ്ഥാനം വഹിക്കുന്ന ഗ്രഹത്തിന്റെ ദേവതയുടെ മന്ത്രം പതിവായി കുട്ടിയെ കൊണ്ട് ജപിപ്പിക്കുക. ഇതിന് ഒരു ജ്യോതിഷന്റെ സഹായം തേടുക.

3
പനച്ചിക്കാട്, പറവൂർ , മൂകാംബിക എന്നീ ക്ഷേത്രങ്ങളിൽ ഒന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെ സൗകര്യമുള്ളത്ര ദിവസം ഭജനം പാർക്കുക. നാല്പത്തിയൊന്ന് ദിവസമായാൽ ഏറെ ശ്രേഷ്ഠം. ഭജനത്തോടൊപ്പം സാരസ്വതഘൃതം സേവിപ്പിക്കുക. പനച്ചിക്കാട്ടിലും പറവൂരും ക്ഷേത്രങ്ങളിൽ ഇത് ലഭ്യമാണ്. അവിടുത്തെ ആചാര്യന്റെ നിർദ്ദേശത്തോടെ ചെയ്യുന്നത് കൂടതൽ ഉത്തമം.

4
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

എന്ന മന്ത്രം കഴിയാവുന്നിടത്തോളം പതിവായി ജപിക്കുക. അദ്ഭുതകരമായ ഫലം ഈ മന്ത്രജപം കൊണ്ട് ലഭിക്കും. ഒപ്പം സരസ്വതീ മന്ത്രവും ജപിക്കണം. സരസ്വതി ദേവിയുടെ മൂല മന്ത്രം ഇതാണ് :

ഓം സം സരസ്വത്യൈ നമ:

5
പഠിക്കാനിരിക്കും മുമ്പ് മൂന്ന് വട്ടം ദക്ഷിണാമൂർത്തി മന്ത്രം ജപിക്കുക.

‘ഓം ദക്ഷിണാമൂർത്തയേ നമ: ‘ എന്നതാണ് ദക്ഷിണാമൂർത്തി മൂലമന്ത്രം .

6
ബുധഗ്രഹ സ്തോത്രം പതിനൊന്നു വട്ടം ജപിക്കുക.
പ്രിയംഗുകലികാ ശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോ പേതം തം ബുധം പ്രണമാമ്യഹം

7
വിദ്യാ രാജഗോപാലമന്ത്രാർച്ചന ശ്രീകൃഷ്ണക്ഷേത്രത്തിൽ ജന്മനാൾ തോറും നടത്തുക. ഒപ്പം തൃക്കൈവെണ്ണ നടത്തി പ്രസാദം സേവിക്കുക. മൂകാംബികയിലെ ത്രി മധുരം പതിവായി കൊടുക്കുന്നതും ശ്രേഷ്ഠമാണ്.

8
വിധി പ്രകാരം തയ്യാറാക്കിയ ലിപി സരസ്വതി യന്ത്രം, ബാലസുബ്രമണ്യ യന്ത്രം, വിദ്യാരാജഗോപാല യന്ത്രം., താരായന്ത്രം , ബാലയന്ത്രം, സരസ്വതി യന്ത്രം ഇവയിൽ ഒന്ന് ജാതകാൽ വിദ്യയിലും, ഉന്നത വിദ്യയിലും കർമ്മത്തിനും തടസ്സം ഏതൊക്കെ ഗ്രഹങ്ങളെന്ന് ജാതകാൽ ഒരു ഉത്തമജ്യോതിഷ നിർദ്ദേശം സ്വീകരിച്ച് ധരിക്കുക.

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

Story Summary: Devotional Remedies for Educational problems

error: Content is protected !!