Sunday, 24 Nov 2024
AstroG.in

നിണം തൂകി ഗുരുതി കഴിഞ്ഞു;
ശ്രീകോവിലടച്ച് കിഴിപ്പണം വാങ്ങി

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയായി. ജനുവരി 20 വ്യാഴാഴ്ച രാവിലെ അഞ്ചിന് നട തുറന്നു. 5.15-ന് ഗണപതിഹോമത്തിന് ശേഷം ആറുമണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ മടക്കയാത്ര തുടങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി ശങ്കര്‍ വര്‍മ്മ ദർശനത്തിനായി എത്തി. ഈസമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അദ്ദേഹം ദർശനം പൂർത്തിയാക്കിയ ഉടൻ തന്നെ ഹരിവരാസനം പാടി നട അടച്ചു. തുടർന്ന് മേൽശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി 18 പടികൾ ഇറങ്ങിവന്ന് ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിക്ക് കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും മേൽശാന്തിയെ ഏല്‍പ്പിച്ചു. പതിനെട്ടാംപടിക്ക് താഴെവച്ചാണ് ഈ ചടങ്ങ് നടന്നത്.

ബുധനാഴ്ച രാത്രി നടന്ന ഗുരുതിയോടെയാണ് ഈ തീർത്ഥാടനകാലത്തിന് സമാപനം കുറിച്ചത്. മാളികപ്പുറത്ത് മലദൈവങ്ങൾക്കും ഭൂതഗണങ്ങൾക്കും നടത്തുന്ന സമർപ്പണമാണ് ഗുരുതി. അത്താഴപൂജ കഴിഞ്ഞ് ശ്രീകോവിൽ അടച്ചപ്പോൾ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രനട അടച്ച് തിരുമുറ്റത്ത് നിന്ന് എല്ലാ ഭക്തരെയും താഴെയിറക്കി. മണിമണ്ഡപത്തിന് മുന്നിൽ കളം വരച്ച് വാഴപ്പോളയിൽ കുരുത്തോലകൾ കുത്തി അലങ്കരിച്ചു. അവിടെ മല ദൈവങ്ങൾക്ക് വിളക്കുവച്ച് ദേവതകളെയും ഭൂതഗണങ്ങളെയും കളത്തിലേക്കു ക്ഷണിച്ചു. റാന്നി അങ്ങാടി കുന്നയ്ക്കാട് അജിത്കുമാർ, ജെ.ജയൻ, രതീഷ്കുമാർ എന്നിവരുടെ കാർമ്മികത്വത്തിൽ കുമ്പളങ്ങ മുറിച്ച് ഗുരുതി നടത്തി. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ‘നിണം’ തൂകി നടത്തിയ ഗുരുതിക്ക് കാർമ്മികത്വം കുറുപ്പന്മാർക്ക് രാജപ്രതിനിധി ശങ്കർവർമ്മ പണക്കിഴി സമ്മാനിച്ചു.

ദർശനത്തിനുള്ള അവസാന ദിവസമായ ബുധനാഴ്ച രാവിലെ സന്നിധാനത്ത് വലിയ തിരക്കായിരുന്നു. വൈകിട്ട് 4 വരെ നിലയ്ക്കൽ എത്തിയ തീർഥാടകരെ ദർശനത്തിനു പോകാൻ പോലീസ് അനുവദിച്ചു. ഇന്നലെ രാത്രി 9ന് അത്താഴ പൂജയോടെ ഭക്തരുടെ ദർശനം പൂർത്തിയായി.

Story Summary: Sabarimala Temple closed after Mandala – Maksravilakku festival Season

error: Content is protected !!