Monday, 23 Sep 2024
AstroG.in

നിത്യവും മഹാലക്ഷ്മ്യഷ്ടകം ഇങ്ങനെ ജപിച്ചാൽ

പ്രജീഷ് രാജ് വെട്ടിക്കോട്

ജീവിതത്തിൽ സർവ്വസൗഭാഗ്യങ്ങളും എല്ലാഭൗതിക സുഖസമൃദ്ധിയും സമ്പത്തും കീർത്തിയും നല്കുന്നത് ഐശ്വര്യദേവതയായ മഹാലക്ഷ്മിയാണ്. പാലാഴിയിൽ നിന്നും സമുദ്ഭൂതയായി വിഷ്ണു ഭഗവാനെ സ്വീകരിച്ച മഹാലക്ഷ്മിയെ ഭക്തിപൂർവ്വം ഭജിക്കുന്നവരെ ദാരിദ്ര്യം തൊട്ടു തീണ്ടില്ല.

മഹാലക്ഷ്മിയെ സ്തുതിക്കുന്ന അനേകം മന്ത്രങ്ങളും സ്‌തോത്രങ്ങളും ഉണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള, ശക്തിയുള്ള ഒന്നാണ് മഹാലക്ഷ്മി അഷ്ടകം. ദേവിയുടെ എട്ടു ഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയാണ് ഈ സ്‌തോത്രം കൊണ്ട് സ്തുതിക്കുന്നത്. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൗര്യ ലക്ഷ്മി, വിദ്യാ ലക്ഷ്മി, കീർത്തി ലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാർ.

നിത്യേന മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നതിലൂടെ സർവ്വ ഐശ്വര്യവും നേടാൻ സാധിക്കും. അഷ്ടകത്തിലെ എട്ടു മന്ത്രങ്ങളും എന്നും രാവിലെയും വൈകിട്ടും ശരീര ശുദ്ധി വരുത്തി കുറഞ്ഞത് എട്ടു തവണ വീതമെങ്കിലും മുടങ്ങാതെ ജപിക്കണം. മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ നെയ് വിളക്ക് തെളിച്ച് ജപിച്ചാൽ കൂടുതൽ ഫലം ‘ ലഭിക്കാം. ദേവീ പ്രധാനമായ വെള്ളിയാഴ്ച, ദീപാവലി ദിവസങ്ങളിലെ ജപത്തിന് വിശേഷ ഫലസിദ്ധിയുണ്ട്.

ജ്യോതിഷ പ്രകാരം സമ്പത്ത്, വസ്ത്രാഭരണങ്ങൾ, വാഹനം, വിവിധ ഭൗതിക ക്ഷേമൈശ്വര്യങ്ങൾ ഇവയുടെ കാരകൻ ശുക്രനാണ്. ശുക്രന്റെ അധിദേവതയാണ് മഹാലക്ഷ്മി. മഹാലക്ഷ്മീ ഭജനം കൊണ്ട് ശുക്രന്റെ ഫലദാനശേഷി വർദ്ധിക്കുന്നു. നിത്യേന മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് ഭാഗ്യാനുഭവങ്ങൾ വർദ്ധിപ്പിക്കും. പ്രത്യേകിച്ച് ശുക്രദശയോ ശുക്രാപഹാരമോ നടക്കുന്നവർ തീർച്ചയായും ലക്ഷ്മീഭജനം ചെയ്യണം. മഹാലക്ഷ്മി അഷ്ടകത്തിന്റെ ജപം അഷൈ്ടശ്വര്യ സിദ്ധിയേകും.

ദാരിദ്ര്യനാശമാണ് മഹാലക്ഷ്മി അഷ്ടക ജപത്തിന്റെ പ്രഥമഫലം. ധനധാന്യസമൃദ്ധിയും സർവ്വകാര്യവിജയവും അന്തിമഫലം. ഭൗതികമായ ഇല്ലായ്മ, പോരായ്മ, ദൗർഭാഗ്യങ്ങൾ, ജന്മനാലുള്ള ദാരിദ്ര്യയോഗങ്ങൾ ഇവ ഈ മന്ത്രത്തിന്റെ ജപത്താൽ നശിക്കുന്നു. അതോടൊപ്പം വിദ്യാവിജയവും, തൊഴിൽ പരമായ നേട്ടങ്ങളും, കുടുംബഐശ്വര്യവും, സമൃദ്ധമായ ധനലാഭവും സ്വയം വന്നുചേരുന്നു. മഹാലക്ഷ്മി അഷ്ടകത്തിലെ ഓരോ മന്ത്രം കൊണ്ടും അഷ്ടലക്ഷ്മിമാരെ സ്തുതിക്കുന്നു.

ധനലക്ഷ്മീ മന്ത്രം
നമസേ്തസ്തു മഹാമായോ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസേ്ത
മഹാലക്ഷ്മി നമോസ്തുതേ!

ധനലക്ഷ്മി മന്ത്രത്താൽ ശംഖ്, ചക്രം, ഗദ ഇവ കയ്യിൽ ധരിച്ച് സിംഹാസനത്തിൽ ദേവന്മാരാൽ സേവിക്കപ്പെട്ട് കഴിയുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ധനലബ്ധി ഫലം.

ധാന്യലക്ഷ്മി മന്ത്രം
നമസേ്ത ഗരുഡാരൂഢേ
കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ!

ധാന്യലക്ഷ്മി മന്ത്രത്താൽ കോലാസുരനെ വധിച്ച്, ഗരുഡന്റെ മേൽ ഇരിക്കുന്ന, ആശ്രയിക്കുന്നവരുടെ സർവ്വപാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. മുജ്ജന്മ പാപനാശവും, ധാന്യ ലബ്ധിയുമാണ് ഫലം.

ധൈര്യലക്ഷ്മി മന്ത്രം
സർവ്വജ്ഞേ സർവ്വവരദേ
സർവ്വ ദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ!

ധൈര്യലക്ഷ്മി മന്ത്രത്താൽ സർവ്വർക്കും എല്ലാ വരങ്ങളും നല്കി, എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിച്ച്, എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന ജ്ഞാനമൂർത്തിയായ മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ഭയങ്ങൾ മാറി ആത്മധൈര്യം ഇതിന്റെ ജപത്തിലൂടെ വന്നുചേരും.

ശൗര്യലക്ഷ്മി മന്ത്രം
സിദ്ധിബുദ്ധിപ്രദേ ദേവീ
ഭക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ!

ശൗര്യലക്ഷ്മി മന്ത്രത്താൽ ആശ്രയിക്കുന്നവർക്ക് സർവ്വസിദ്ധികളും, വിശേഷബുദ്ധിയും, ഭൗതിക ഐശ്വര്യങ്ങളും, ആത്മജ്ഞാനവും നല്കുന്ന മന്ത്രമൂർത്തിയായിരിക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ബുദ്ധിശക്തിയും, വിശേഷപ്പെട്ട സിദ്ധികളും സർവ്വഐശ്വര്യവും ഫലം.

വിദ്യാലക്ഷ്മി മന്ത്രം
ആദ്യന്തേ രഹിതേ ദേവീ
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ!
വിദ്യാലക്ഷ്മി മന്ത്രത്താൽ അനാദിയും അനന്തവുമായി, കാലദേശങ്ങളാൽ സ്പർശിക്കപ്പെടാതെ യോഗമായാ ശക്തിയായിരിക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. വിദ്യാവിജയം ഫലം.

കീർത്തിലക്ഷ്മി മന്ത്രം
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ
മഹാലക്ഷ്മി നമോസ്തുതേ!

കീർത്തിലക്ഷ്മി മന്ത്രത്താൽ സ്ഥൂലവും സൂക്ഷ്മവുമായി വിശ്വമാകെ നിറഞ്ഞിരിക്കുന്ന മഹാപ്രകൃതിശക്തിയായി ഏത് മഹാപാപത്തെയും സംഹരിക്കാൻ കഴിവുള്ള മഹാലക്ഷ്മിയെ സ്തുതിക്കുന്നു. പാപശമനം, സൽകീർത്തി ഫലം.

വിജയലക്ഷ്മി മന്ത്രം
പത്മാസനസ്ഥിതേ ദേവീ
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗത്മാത:
മഹാലക്ഷ്മി നമോസ്തുതേ

വിജയലക്ഷ്മി മന്ത്രത്താൽ പത്മാസനത്തിൽ ഇരുന്ന് പരബ്രഹ്മസ്വരൂപിണിയായി, സർവ്വചരാചരങ്ങളുടെയും മാതാവായി വിളങ്ങുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു സർവ്വകാര്യവിജയം ഫലം.
രാജലക്ഷ്മി മന്ത്രം
ശ്വേതാംബരധരേ ദേവീ
നാനാലങ്കാരഭൂഷിതേ
ജഗൽസ്ഥിതേ ജഗത്മാതപ്പർ
മഹാലക്ഷ്മി നമോസ്തുതേ

രാജലക്ഷ്മി മന്ത്രത്താൽ വെളുത്ത വസ്ത്രവും പലവിധമായ ആഭരണങ്ങളും അലങ്കാരങ്ങളുമായി ജഗത്തിന്റെ മാതാവായി എങ്ങും നിറഞ്ഞുനിൽക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. അധികാരം, പ്രൗഢി, പ്രതാപം ഇവ ഫലം.

പ്രജീഷ് രാജ് വെട്ടിക്കോട്,

  • 91 9847095497
    (ആസ്‌ട്രോളജർ & വാസ്തു കൺസൾട്ടന്റ്)
    ശ്രീരുദ്രം ജ്യോതിഷനിലയം, കറ്റാനം, ആലപ്പുഴ ജില്ല.

Story Summary: Significance and Benefits of Maha Lakshmi Ashtakam Recitation

Tags

error: Content is protected !!