Thursday, 21 Nov 2024
AstroG.in

നിത്യേന 5 ഭാവങ്ങളിൽ കുമാരനല്ലൂരമ്മ; അത്താഴപൂജയ്ക്ക് സർവദേവതാ സാന്നിദ്ധ്യം

സദാനന്ദന്‍ എസ്, വൈക്കം
പുലര്‍കാലത്ത് സരസ്വതി. രാവിലെ ശ്രീ ഭഗവതിയായ മഹാലക്ഷ്മി, പന്തീരടി പൂജയ്ക്ക് ശ്രീ പാര്‍വ്വതി, ഉച്ചയ്ക്ക് രജോഗുണപ്രധാനിയായ ദുര്‍ഗ്ഗ, അത്താഴപൂജയ്ക്ക് വനദുര്‍ഗ്ഗ – ഇങ്ങനെ നിത്യേനയുള്ള 5 പൂജകള്‍ക്കും അഞ്ച് ഭാവങ്ങളിൽ വാഴുന്ന ദേവിയാണ് കുമാരനല്ലൂരമ്മ. ആദിപരാശക്തി സർവാനുഗ്രഹദായനിയായി കുടികൊള്ളുന്ന ദിവ്യ സന്നിധിയായ ശ്രീ കുമാരനല്ലൂര്‍ കാർത്യായിനി ക്ഷേത്രം കോട്ടയം ജില്ലയിലാണ്.

ദേശത്തിന്റെ കീർത്തിയും സവിശേഷതയും അവിടത്തെ ക്ഷേത്രത്തിന്റെയും ദേവതകളുടെയും പേരിൽ നിലനില്ക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിലുള്ള ഈ ക്ഷേത്രം. പണ്ട് പെരുമ്പായിക്കാടായിരുന്നു ഈ സ്ഥലം ദേവിയുടെ വരവോടെയാണ് കുമാരനല്ലൂരായത്.

ജഗദ്ഗുരു ആദിശങ്കരാചാര്യർ ആദിപരാശക്തിയെ ഉപാസിക്കാൻ പഞ്ചപീഠ സമര്‍പ്പണത്താൽ ധന്യമാക്കിയ അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ പ്രതിഷ്ഠിച്ച 2400 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ആദിശങ്കരൻ നിര്‍ദ്ദേശിച്ച പൂജകൾ ഇന്നും പിന്‍തുടരുന്നു.

ദ്വാദശാക്ഷരി മന്ത്രം കൊണ്ടുള്ള പന്തീരായിരം അര്‍ച്ചന കുമാരനല്ലൂര്‍ ദേവിയുടെ പ്രധാന വഴിപാടാണ്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഭദ്രദീപം വിളക്ക് തെളിയിക്കുക മറ്റൊരു പ്രധന വഴിപാടാണ്. വിവാഹ തടസ്സങ്ങള്‍ നീങ്ങുന്നതിനും ദീര്‍ഘസുമംഗലീയോഗത്തിനും കുമാരനല്ലൂര്‍ ഭഗവതിക്ക് മംഗല്യഹാര പൂജ നടത്തുന്നതും ഏറെ വിശേഷമാണ്.

രോഗക്ലേശം നേരിട്ട സമയത്ത് മഹാകൃഷ്ണഭക്‌തയായ കുറൂരമ്മ കുമാരനല്ലൂർ അമ്മയുടെ മാഹാത്മ്യം കേട്ടറിഞ്ഞെത്തി ഭജനം ഇരിക്കുകയും, രോഗശമനം നേടുകയും ചെയ്തു. അന്ന് ദേവിയുടെ കേശാദിപാദം വർണ്ണിച്ചുകാെണ്ട് ഒരു കീർത്തനം എഴുതുകയും ചെയ്തു.

മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും, വില്വമംഗലവും, ആദിശങ്കരനും, മഹാകവി കുഞ്ചന്‍ നമ്പ്യാരും, മധുര രാജാവ് തിരുമല നായ്ക്കനും, തിരുവിതാംകൂര്‍ രാജാക്കന്മാരായ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മ രാജാവ് എന്നിവരും ചെമ്പകശ്ശേരി നമ്പൂതിരി തുടങ്ങി നിരവധി പ്രമുഖരും കുമാരനല്ലൂര്‍ കാർത്ത്യായനി ഭഗവതിയെ ഭജിച്ച് അനുഗ്രഹം നേടിയവരാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഈ ക്ഷേത്രനടയില്‍ എത്തിയവരില്‍ പ്രധാനിയാണ്. കുഞ്ചന്‍ നമ്പ്യാര്‍ 12 ദിവസം ഭജനമിരുന്ന് ശ്രീകുമാരാലയ സ്‌തോത്രം രചിക്കുകയും ചെയ്തു.

അഞ്ജനശിലയില്‍ നിര്‍മ്മിച്ചതാണ് ദേവീ വിഗ്രഹം. പട്ടും ആഭരണങ്ങളും രത്‌നകിരീടവും വജ്രകുണ്ഡലങ്ങളും
ദേവിയുടെ ശോഭയ്ക്ക് മാറ്റ് കൂട്ടുന്നു. മുത്ത്, രത്‌നം, തുളസി, താമര മാലകൾ എന്നിവയാണ് അലങ്കാരങ്ങൾ. മഞ്ഞള്‍ കുറിയും മൂക്കുത്തിയും അണിഞ്ഞ് പുഞ്ചിരി പൊഴിക്കുന്ന തിരുമുഖം, താമര ഇതള്‍ പോലുള്ള നയനങ്ങള്‍. കണ്ഠത്തില്‍ താലിക്കൂട്ടം, മുത്തുമാല, പതക്കമാല, കട്ടപൂത്താലി, കൈവളയും, തോള്‍ വളകൾ വിരലുകളില്‍ പവിത്രക്കെട്ട് മോതിരം, രത്‌നമോതിരം കാലിൽ ചിലമ്പ്. പുറകില്‍ ഇരുവശത്തും ആലവട്ടം. ഇത്തരത്തിലാണ് സർവാഭരണ വിഭൂഷിതയായി കുമാരനല്ലൂര്‍ ഭഗവതിയെ അണിയിച്ചൊരുക്കുന്നത്.

വട്ടശ്രീകോവിലാണ് ക്ഷേത്രത്തിന്റെത്. മുകളില്‍ ചെമ്പുമേഞ്ഞ് സ്വര്‍ണ്ണതാഴികകുടത്തോടു കൂടിയുള്ള ശ്രീകോവിലിന് രണ്ട് തട്ടുകളുണ്ട്. ദേവിയുടെ നില്‍ക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠയ്ക്ക് ഏകദേശം നാലടിയില്‍ കൂടുതല്‍ ഉയരമുണ്ട്. ശ്രീകോവിവല്‍ സന്ധ്യാദീപാരാധന പതിവില്ല.ഭഗവതിയുടെ ശ്രീകോവിലില്‍ നിത്യവും നെയ്യ് വിളക്ക് തെളിക്കല്‍ പ്രധാനമാണ്. അത്താഴപൂജയ്ക്ക് നട തുറക്കുമ്പോള്‍ എല്ലാ ദേവീദേവിന്മാരുടെയും സാന്നിദ്ധ്യം ക്ഷേത്രത്തിലുണ്ടെന്നാണ് വിശ്വാസം ഉള്ളതുകൊണ്ട് ദേവീദര്‍ശനത്തിനായി ഭക്തജനതിരക്കാണ്. അത്താഴപൂജയ്ക്ക് ശേഷമാണ് ദീപാരാധന നടത്തുന്നത്.

സദാനന്ദന്‍ എസ്, വൈക്കം
+91 9744727929

error: Content is protected !!