Sunday, 6 Oct 2024
AstroG.in

നിഷ്‌കളങ്ക ഭക്തി മതി ശ്രീരാമസ്വാമി
അനുഗ്രഹിക്കും; ജയന്തി വ്യാഴാഴ്ച

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ ഒൻപതാം ദിവസമായ മാർച്ച് 30 വ്യാഴാഴ്ച ശ്രീരാമനവമിയാണ്. രാജ്യം ശ്രീരാമദേവൻ്റെ ജയന്തിയായി ആഘോഷിക്കുന്ന ഈ പുണ്യ ദിനം രാമ മന്ത്രങ്ങൾ ജപിച്ച് ശ്രീരാമ പ്രീതി നേടാൻ അത്യുത്തമമാണ്. ചൈത്രമാസ നവരാത്രിയിലെ അവസാന ദിവസമായ ശ്രീരാമനവമി അയോദ്ധ്യ മുതൽ രാമേശ്വരം വരെയുള്ള രാമപഥത്തിലെമ്പാടും എല്ലാ വർഷവും ആഘോഷപൂർവമാണ് കൊണ്ടാടുന്നത്. മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീ രാമ ദേവനൊപ്പം ഈ ദിവസം സീതാദേവിയെയും ഹനുമാൻ സ്വാമിയെയും ലക്ഷ്മണനെയുമെല്ലാം ഭക്തർ രാമായണം വായിച്ചും മന്ത്രങ്ങൾ ജപിച്ചും സ്തുതി ഗീതം ആലപിച്ചും ആരാധിക്കുന്നു.

സ്ഥാനമാനങ്ങൾ നേടാം
ശ്രീരാമചന്ദ്രന്റെ അനുഗഹത്തിന് ശ്രീരാമനവമി പോലെ ഉത്തമമായ മറ്റൊരു ദിവസമില്ല. ഈ ദിവസം നടത്തുന്ന എല്ലാ പൂജാകർമ്മങ്ങളും പ്രാർത്ഥനകളും ശ്രീരാമന്റെ മാത്രമല്ല, സീതാദേവിയുടെയും ഹനുമാൻ സ്വാമിയുടെയും സൂര്യദേവന്റെയും നവഗ്രഹങ്ങളുടെയും അനുഗ്രഹങ്ങൾ സമ്മാനിക്കും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാകുക, പരസ്പര വശ്യതയുണ്ടാക്കുക, പ്രവൃത്തി മണ്ഡലത്തിൽ വിജയം നേടുക, സമൂഹത്തിൽ ഉന്നതമായ സ്ഥാനമാനങ്ങൾ കൈവരിക്കുക എന്നിവയാണ് രാമനെ ആരാധിക്കുന്നതിന്റെ ഫലങ്ങൾ. ബുധൻ, വ്യാഴം ദിനങ്ങൾ ഉപാസനയ്ക്ക് പ്രധാനമാണ്. മഹാവിഷ്ണുവിനുളള എല്ലാ വഴിപാടുകളും ശ്രീരാമദേവനും ഉത്തമമാണ്.

മൂലമന്ത്രം ജപം
ശ്രീരാമമൂലമന്ത്രം, അഷ്‌ടോത്തരശതനാമ സ്തോത്രം, സഹസ്രനാമാവലി എന്നിവയെല്ലാം ശ്രീരാമ പ്രീതി നേടാൻ ഗുണകരമാണ്. ഓം രാം രാമായ നമഃ എന്നതാണ് ഭഗവാന്റെ മൂലമന്ത്രം. തുളസിയിലകൊണ്ട് ഈ മന്ത്രങ്ങൾ അർച്ചന ചെയ്യുന്നത് പുണ്യകരമാണ്. അർച്ചനയ്ക്ക് താമരയും ഉത്തമമാണ്. അതികഠിനമായ തപശ്ചര്യകൾ ഒന്നും തന്നെ വേണ്ട നിഷ്‌കളങ്കമായ ഭക്തിമാത്രമാണ് ശ്രീരാമസ്വാമിയുടെ അനുഗ്രഹം ലഭിക്കുന്നതിന് ആവശ്യം.

കലി സന്തരണ മന്ത്രം
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രം യാതൊരുവിധ ശുദ്ധചാരനിയമങ്ങളും കൂടാതെ തന്നെ ശ്രീരാമ ഉപാസനയ്ക്ക് ജപിക്കാവുന്നതാണ്. രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. 2 നേരവും കുളിക്കണം. ആരോഗ്യം അനുവദിക്കാത്തവർക്ക് കൈകാൽ കഴുകി ജപിക്കാം.

കിട്ടാക്കടം കിട്ടാൻ
ശ്രീരാമം സരസീരുഹാക്ഷമമലം എന്ന് തുടങ്ങുന്ന ശ്രീരാമ ശ്ലോകം പതിവായി ജപിക്കുന്നത് ഐശ്വര്യസമൃദ്ധിക്കും ധനവർദ്ധനവിനും കടബാധ്യതകളകലാനും നല്ലതാണ്. ഒരു ബുധനാഴ്ച അല്ലെങ്കിൽ ശ്രീരാമനവമിക്ക് തുടങ്ങി 41 ദിവസം രാവിലെയും വൈകിട്ടും ഈ ശ്ലോകം 8 പ്രാവശ്യം ജപിച്ച് ശ്രീരാമചന്ദ്രനെ പ്രാർത്ഥിക്കുക. ഭാഗ്യം തെളിയും. കിട്ടാനുള്ള ധനം ലഭിക്കും. കിട്ടുന്ന ധനം നിലനിൽക്കും :
ശ്രീരാമം സരസീരുഹാക്ഷമമലം
ദൂർവ്വാങ്കുരശ്യാമളം
വിദ്യുത്‌കോടി നിഭപ്രഭാംബരധരം
വീരാസനാധിഷ്ഠിതം
വാമാങ്കോപരിസംസ്ഥിതം
ജനകജാമാലിംഗ്യ താം ബാഹുനാ തത്വം
ചാവര പാണിനാ മുനി ഗണാനാ
ജ്ഞാപയന്തം ഭജേ

ഉദ്യോഗക്കയറ്റം കിട്ടാൻ

തൊഴിൽ മേഖലയിലെ തടസ്സങ്ങൾ അകലുന്നതിനും ഉദ്യോഗക്കയറ്റം പോലുള്ള നേട്ടങ്ങൾക്കും ഗുണകരമായ ശ്രീരാമ മന്ത്രം 28 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുക. ഇങ്ങനെ 18 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടു തുടങ്ങും :
ഓം രാം രാമായ രാമചന്ദ്രായ
രാമഭദ്രായ രഘുകുലതിലകായ
വശ്യശക്തിപ്രദായിനേ
ധർമ്മജ്ഞായ നമഃ

ശത്രുദോഷം, ദൃഷ്ടിദോഷം മാറാൻ
ശത്രുദോഷശാന്തിക്കും ദൃഷ്ടിദോഷം മാറുന്നതിനും ശ്രീരാമ ദേവന്റെ 12 മന്ത്രങ്ങൾ തുടർച്ചയായി ജപിക്കുക ഗുണകരമാണ്. 12 മന്ത്രവും ദിവസവും രാവിലെ ഏഴ് പ്രാവശ്യം വീതം ചൊല്ലണം. 21 ദിവസം ചെയ്യുക. മാറ്റം പ്രകടമാകും. ശ്രീരാമനവമി ദിവസം ജപം തുടങ്ങാം:
ഓം രാമായ നമഃ
ഓം രാമചന്ദ്രായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രഘുകുലതിലകായ നമഃ
ഓം സീതാപതയേ നമഃ
ഓം തേജോപതയേ നമഃ
ഓം യോഗസ്ഥായ നമഃ
ഓം ശംഭുവന്ദ്യായ നമഃ
ഓം ഋഷിവന്ദിതായ നമഃ
ഓം നിത്യയോഗിനേ നമഃ
ഓം സമുദ്ര ഉത്തരണായ നമഃ
ഓം ശത്രുഘാതകായ നമഃ

ശ്രീരാമസ്വാമിക്ക് വഴിപാടുകൾ
ശ്രീരാമസ്വാമിയുടെ പ്രീതിക്കാൻ ക്ഷേത്രങ്ങളിൽ നടത്താവുന്ന വഴിപാടുകൾ ചിലതുണ്ട്. വീടിനടുത്ത് ശ്രീരാമ ക്ഷേത്രം ഇല്ലെങ്കിൽ ഈ വഴിപാടുകൾ വിഷ്ണു ക്ഷേത്രത്തിലോ, കൃഷ്ണ ക്ഷേത്രത്തിലോ നരസിംഹ ക്ഷേത്രത്തിലോ നടത്താവുന്നതാണ്. ശ്രീരാമ മന്ത്രജപം, രാമായണപാരായണം എന്നിവയോടൊപ്പം ഇവിടെ പറഞ്ഞിരിക്കുന്ന നേർച്ചകളും യഥാശക്തി ചെയ്യാം. നേർച്ചകൾ തുടർച്ചയായി 28 ദിവസമോ 21 ദിവസമോ നടത്തുന്നത് ഉത്തമമാണ്. സാധിക്കാത്തവർക്ക് 3,5, വ്യാഴാഴ്ചയോ ബുധനാഴ്ചയോ ചെയ്യാവുന്നതാണ് :

തുളസിമാല………. പാപശാന്തി, മന:ശാന്തി
താമരമാല…………. സമൃദ്ധി, ദാരിദ്ര്യശമനം
മുല്ലമാല……………… ദാമ്പത്യഭദ്രത, പ്രേമസാഫല്യം
പാൽപ്പായസം നിവേദ്യം…… കാര്യസിദ്ധി, കർമ്മവിജയം
കളഭചാർത്ത് …………….ആരോഗ്യം, രോഗശാന്തി
ത്രിമധുരം നിവേദ്യം ………. വിഘ്‌നനിവാരണം.
പുരുഷസൂക്തപുഷ്പാഞ്ജലി ……..ദുരിതശമനം
മഞ്ഞപ്പട്ട് സമർപ്പണം ………..കുടുംബഭദ്രത, ഐശ്വര്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Sree Rama Navami 2023 : Date, Significance and Mantras


error: Content is protected !!