Sunday, 22 Sep 2024
AstroG.in

നെടുമംഗല്യം തരാൻ പാർവ്വതീദേവി ജനുവരി 9ന് നട തുറക്കുന്നു

വർഷത്തിലൊരിക്കൽ 12 ദിവസം മാത്രം ശ്രീ പാർവ്വതീദേവിയുടെ തിരുനട തുറന്ന് ഭക്തർക്ക് ദർശനം നൽകുന്നതിലൂടെ പ്രസിദ്ധമായ സന്നിധിയായ ആലുവ  തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് ഒരുങ്ങുന്നു. തിരുവാതിരയോടനുബന്ധിച്ച്  2020 ജനുവരി 9 ന് രാത്രി നട തുറക്കും; ജനുവരി 20 ന് രാത്രി  ഭഗവതിയുടെ നട അടയ്ക്കും. ധനുമാസത്തിലെ തിരുവാതിര നാൾ മുതലാണ് 12 ദിവസം  ശ്രീപാർവ്വതി ദേവിയുടെ തിരുനട തുറന്ന് ദർശന സൗഭാഗ്യം ലഭിക്കുന്നത്. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

നടതുറപ്പു വേളയിൽ ശ്രീപാർവ്വതീദേവിയെയും ശ്രീ പരമേശ്വരനെയും  ഉള്ളുരുകി  തൊഴുത്  പ്രാർത്ഥിക്കുന്നവരുടെ  ദാമ്പത്യ ദുരിതങ്ങളെല്ലാം അവസാനിക്കും. വിവാഹത്തിന്  തടസങ്ങളുണ്ടെങ്കിൽ അത് അകന്ന് മംഗല്യ സൗഭാഗ്യം ലഭിക്കും. സന്താനദുരിതം തീരും.  ഇഷ്ട സന്താനലബ്ധിയുണ്ടാകും. മനോവിഷമങ്ങൾമാറി സന്തോഷവും ഐശ്വര്യവും ലഭിക്കും.നെടുമംഗല്യം, തൊഴിൽ മേന്മ  തുടങ്ങിയവയാണ് മറ്റ് ഗുണഫലങ്ങൾ. 

ശ്രീപാർവ്വതീദേവിയുടെ തിരുനട വർഷത്തിൽ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം മാത്രമേ തുറക്കുകയുള്ളെങ്കിലും ദേവിയുടെ പൂർവ്വജന്മമായ  സതീദേവിയുടെ തിരുനട പ്രധാന പ്രതിഷ്ഠയായ മഹാദേവന്റേതുപോലെ നിത്യവും തുറക്കുകയും പൂജാ കർമ്മങ്ങൾ നടത്തുകയും ചെയ്യും. ഭക്തരുടെ  ആഗ്രഹങ്ങൾ അറിഞ്ഞ്  വരം  തരുന്ന  ക്ഷിപ്രപ്രസാദിയായ ശ്രീമഹാദേവനും ശ്രീപാർവ്വതി ദേവിയും ഒരേ ശ്രീകോവിലിൽ  വാണരുളുന്ന ഇവിടുത്തെ  വഴിപാടുകൾ ഇനി പറയുന്നവയാണ് : അന്നദാനം, അർച്ചന, ശ്രീവിദ്യാ മന്ത്രപുഷ്പാഞ്ജലി, മൃത്യുഞ്ജയ പുഷ്പാഞ്ജലി, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, സ്വയം വരപുഷ്പാഞ്ജലി, ധാര, താലി, പട്ട്, പുടവ, ഇണപ്പുടവ, മഞ്ഞൾപ്പൊടി, വാൽക്കണ്ണാടി, തൊട്ടിൽ, എണ്ണവിളക്ക്, നെയ്യ് വിളക്ക്, അരവണ പ്രസാദം, ആൾരൂപം, എള്ളുപറ, മഞ്ഞൾപറ, നെൽപ്പറ, അരിപ്പറ, മലർപ്പറ, ചുറ്റുവിളക്ക്, വേളി ഓത്ത്, ഉമാ മഹേശ്വരപൂജ, തളിക നിവേദ്യം, കളഭാഭിഷേകം, സർവ്വരോഗ ശമന മന്ത്രാർച്ചന. രോഗങ്ങൾ  ശമിക്കുന്നതിനും 
ആയുരാരോഗ്യ സിദ്ധിക്കും ശ്രീമഹാദേവന് നടത്തുന്ന  അർച്ചനയാണ് സർവ്വരോഗശമന ‘മന്ത്രാർച്ചന.

ഉദ്ദിഷ്ടകാര്യസിദ്ധിക്കായും കുടുംബ ഐശ്വര്യത്തിനായും നടത്തുന്ന വഴിപാടാണ് തളിക നിവേദ്യം. സതീദേവിയുടെ തിരുനാളിലാണ് തളിക നിവേദ്യത്തിന് പ്രാധാന്യം. സതീദേവിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തിരുവൈരാണിക്കുളമാണ്. സതീദേവിയും പാർവ്വതീദേവിയും ഒന്നിച്ചു വാണരുളുന്ന ക്ഷേത്രവും ഇതു തന്നെ.  നട തുറപ്പ് സമയത്ത് സതീദേവിയുടെ തിരുനടയിൽ തളികനിവേദ്യം നടത്തി  പ്രാർത്ഥിച്ചാൽ മംഗല്യ തടസവും ദാമ്പത്യ ക്ലേശങ്ങളും അകന്ന് മംഗല്യ സൗഭാഗ്യവും കുടുംബഭദ്രതയും ഐശ്വര്യവും ആഗ്രഹ സാഫല്യവും കൈവരും.

– സരസ്വതി ജെ.കുറുപ്പ്, 

+91 90745 80476

error: Content is protected !!