Saturday, 23 Nov 2024
AstroG.in

നെയ്യാറ്റിൻകര വാഴും ഉണ്ണിക്കണ്ണന് പ്രിയം തൃക്കൈവെണ്ണയും കദളിപ്പഴവും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

നെയ്യാറ്റിൻകര വാഴും കണ്ണാ,
നിൻ മുന്നിലൊരു
നെയ് വിളക്കാകട്ടെ എന്റെ ജന്മം,
കണ്ണിനു കണ്ണായൊരുണ്ണിക്കു
തിരുമുമ്പിൽ
കർപ്പൂരമാകട്ടെ എന്റെ ജന്മം

നെയ്യാറ്റിൻകരയിൽ വാഴുന്ന ഉണ്ണിക്കണ്ണന് പുഷ്പാഞ്ജലി അർപ്പിക്കുന്ന ഈ ദിവ്യ മോഹന ഗാനം ഒരിക്കലെങ്കിലും കേൾക്കാത്ത കൃഷ്ണ ഭക്തർ കുറവാണ്. ഉദാത്തമായ കൃഷ്ണ ഭക്തി നിറഞ്ഞു തുളുമ്പുന്ന എസ്. രമേശൻ നായരുടെ ഈ വരികൾ നിത്യവസന്തമാക്കി മാറ്റിയതിൽ ഭാവഗായകൻ പി ജയചന്ദ്രനും സംഗീതമൊരുക്കിയ പി.കെ. കേശവൻനമ്പൂതിരിക്കും ഉള്ള പങ്ക് ഒട്ടും ചെറുതല്ല. ഒരു പക്ഷേ നെയ്യാറ്റിൻകര വാഴുന്ന നവനീത കണ്ണനെ കേരളീയർക്ക് സുപരിചിതമാക്കിയതിൽ ഈ പാട്ടിനുള്ള പങ്ക് വളരെ വലുതാണ്. കേരളത്തിലെ അതി മനോഹരമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഉണ്ണിക്കണ്ണൻ നവനീത കണ്ണനായി വാഴുന്ന നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രം. തൃക്കൈയിൽ വെണ്ണയുമായി വാഴുന്ന കണ്ണനായത് കൊണ്ടു തന്നെ പ്രധാന വഴിപാട് തൃക്കൈവെണ്ണയാണ്. നെയ്യാറ്റിന്‍കര കണ്ണന്റെ അപ്പം അമ്പലപ്പുഴ പാല്‍പ്പായസം പോലെ പ്രസിദ്ധമാണ്. ഇവിടുത്തെ തൃക്കൈവെണ്ണ ഉദരരോഗ ശമനത്തിന് ഉത്തമമെന്ന് അനേകായിരം അനുഭവസ്ഥര്‍ പറയുന്നു. ഇരുകൈകളിലും വെണ്ണയും കദളിപ്പഴവുമായി നില്‍ക്കുന്ന നെയ്യാറ്റിന്‍കരയിലെ ഉണ്ണിക്കണ്ണന്റെ ദര്‍ശനം ദിവ്യാനുഭൂതി തന്നെയാണ്.

ഘൃതമാലാനദി നെയ്യാറായി

നെയ്യാറിന്റെയും കരമനയാറിന്റേയും ഉത്ഭവസ്ഥാനമായ അഗസ്ത്യകൂടം പുരാണപ്രസിദ്ധമാണ്.
വില്വമംഗലം സ്വാമിയാര്‍ ഒരിക്കല്‍ അഗസ്ത്യമുനിയെ പരീക്ഷിക്കാനായി അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി. തത്സമയം ഹോമകുണ്ഡത്തില്‍ നിവേദിക്കുന്ന നെയ്യ് ഇരുകരങ്ങളിലാക്കി ഭക്ഷിക്കുന്ന ശ്രീകൃഷ്ണനെയാണ് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്. അന്നു രാത്രിയില്‍ ഭഗവാന്‍ വില്വമംഗലത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്റെ വിഗ്രഹം തെക്കുഭാഗത്ത് ഒരു ഭക്തയ്ക്ക് നെയ്യാറില്‍നിന്ന് ലഭിക്കുമെന്നും അത് കരയില്‍ പ്രതിഷ്ഠിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ അവർ പ്രതിഷ്ഠിച്ച് പൂജ നടത്തിയ കൃഷ്ണവിഗ്രഹം നാട്ടുകാരുടെ ദേവനായി മാറി. ദേവന് അഭിഷേകത്തിന് ഉപയോഗിക്കുന്ന നെയ് ദിവ്യ ഔഷധമായി. ഒരു ഘട്ടത്തിൽ അഭിഷേകത്തിന് നെയ്യോ ജലമോ കിട്ടാതെയായപ്പോൾ ദുഃഖിതയായ കൃഷ്ണഭക്ത ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന് ഭാവാനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഇതിന്റെ ഫലമായി അഗസ്ത്യ പര്‍വ്വതത്തില്‍ മഹായാഗം നടത്തിവന്ന അഗസ്ത്യമുനിയുടെ കമണ്ഡലു മറിഞ്ഞ് അതിലുണ്ടായിരുന്ന നറു നെയ് ഭൂമിയിൽ പ്രവഹിക്കാൻ തുടങ്ങുകയും നദിയായി രൂപപ്പെടുകയും ചെയ്തു. അതാണത്രേ നെയ്യാർ. ഭാഗവതം അഷ്ടമസ്‌കന്ധത്തിൽ മത്സ്യാവതാരകഥയില്‍ പരാമര്‍ശിക്കുന്ന ഘൃതമാലാനദി നെയ്യാറാണെന്നാണ് വിശ്വാസം.

ഇരുകൈകളിലും വെണ്ണയും കദളിപ്പഴവും

തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാതയില്‍ നെയ്യാറ്റിന്‍കര നഗരമദ്ധ്യത്തിലാണ് ക്ഷേത്രം. തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ. ചതുരാകൃതിയില്‍ ചെമ്പുമേഞ്ഞ ശ്രീകോവിലില്‍ പഞ്ചലോഹ നിർമ്മിതമായ നവനീത കൃഷ്ണനാണ് വിഗ്രഹം. ഉപദേവതകള്‍ ഗണപതിയും നാഗരും. ശ്രീരാമപട്ടാഭിഷേകം, ലക്ഷ്മീനാരായണന്‍, കിരാതമൂര്‍ത്തി, നരസിംഹമൂര്‍ത്തി, ശ്രീകൃഷ്ണന്‍, ശാസ്താവ്, നടരാജമൂര്‍ത്തി മുതലായ ചുമര്‍ ചിത്രങ്ങള്‍ ശ്രീകോവിലിന് ചുറ്റിലുമുണ്ട്. ശ്രീകോവിലിന് മുന്നില്‍ മണ്ഡപവും ചുറ്റും നാലമ്പലവും ബലിക്കല്ലും ബലിക്കല്‍പുരയും വിളക്കുമാടവും സ്വര്‍ണ്ണക്കൊടിമരവും ചുറ്റുമതിലുമുണ്ട്.

നവനീത കണ്ണൻ

രണ്ടു കൈകളിലും വെണ്ണയും കദളിപ്പഴവും ഏന്തി ചിരി തൂകി നില്‍ക്കുന്ന നവനീത കൃഷ്ണന്റെ ദര്‍ശനം ഭക്തജനങ്ങളിലുണ്ടാക്കുന്ന അനുഭൂതി തികച്ചും അവിസ്മരണീയമാണ്. നിത്യേന ക്ഷേത്രത്തില്‍ അഞ്ചു പൂജകളുണ്ട്. അഷ്ടമി രോഹിണി, വിഷു, തിരുവോണം, സ്വര്‍ഗ്ഗവാതില്‍ ഏകാദശി മുതലായവ ആട്ടവിശേഷങ്ങളായി ആഘോഷിക്കുന്നു. മീനത്തിലെ തിരുവോണം നാളിലാണ് കൊടിയേറ്റ്. രോഹിണിക്ക് തെക്കുഭാഗത്തുള്ള കൃഷ്ണപുരത്ത് ആറാട്ടോടുകൂടി പത്തു ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു. തന്ത്രം തരണനല്ലൂരിനാണ്. ഈ വർഷം 2021 ഏപ്രിൽ 16 നാണ് ആറാട്ട്. വഴിപാടുകളുടെ കൂട്ടത്തില്‍ തൃക്കൈവെണ്ണ, അപ്പം, പാല്‍പായസം, വെണ്ണ മുഴുക്കാപ്പ് എന്നിവ പ്രധാനമാണ്.

മാര്‍ത്താണ്ഡവര്‍മ്മയുടെ കണ്‍കണ്ട ദേവൻ

1755 ൽ ഈ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കണ്‍കണ്ട ദേവനായിരുന്നു സാക്ഷാല്‍ നവനീതകൃഷ്ണന്‍. സംഭവബഹുലമായ അദ്ദേഹത്തിന്റെ ഭരണകാലത്ത് തിരുവിതാംകൂറില്‍ ആഭ്യന്തര കലഹം ചരിത്രത്തിലുണ്ട്. പ്രഭുക്കന്മാരായ എട്ടുവീട്ടില്‍ പിള്ളമാര്‍ ഒരു വശത്തും മഹാരാജാവ് മറുവശത്തുമായി നടന്ന കലാപത്തില്‍ എട്ടുവീട്ടില്‍പിള്ളമാര്‍ക്ക് ജീവഹാനി നേരിട്ടു.അവരുടെ ബന്ധുക്കള്‍ക്കും കൊടും യാതനകൾ അനുഭവിക്കേണ്ടി വന്നു. മഹാരാജാവിന് നേരെ പതിയിരുന്നുള്ള ആക്രമണങ്ങള്‍ പതിവായിരുന്നു. നെയ്യാറ്റിന്‍കരയില്‍ വച്ചുണ്ടായ ആക്രമണത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെ:

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഒരിക്കല്‍ പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വിവരമറിഞ്ഞ എട്ടുവീട്ടില്‍ പിള്ളമാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. അപകടം മണത്ത മഹാരാജാവ് യാത്രാ പഥം മാറ്റി. മഹാരാജമുട്ടം അതായത് മാരായമുട്ടം വഴി, ഊടുവഴികളിലൂടെ നെയ്യാറിന്റെ തീരത്ത് പാലക്കടവില്‍ എത്തിച്ചേര്‍ന്നു. ധാരാളമായി പാലമരങ്ങള്‍ പൂത്തുലഞ്ഞുനിൽക്കുന്ന സ്ഥലമായതിനാലാണ് ഇത് പാലക്കടവെന്ന പേരില്‍ അറിയപ്പെടുന്നത്. കരകവിഞ്ഞൊഴുകുകയായിരുന്ന നദിയുടെ മറുകരയില്‍ ഒരു വള്ളവും വള്ളക്കാരനെയും കണ്ടു. അദ്ദേഹം വള്ളക്കാരനെ വിളിച്ച് അതില്‍കയറി മറുകരയെത്തി. അപ്പോഴേയ്ക്കും ശത്രുക്കളും പിൻതുടർന്ന് എത്തിക്കഴിഞ്ഞിരുന്നു. മഹാരാജാവ് വള്ളിപ്പടര്‍പ്പുകള്‍ക്കും മുള്‍ച്ചെടികള്‍ക്കുമിടയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലികളെ മേച്ച് നില്‍ക്കുന്ന ഒരു ബാലനെ കണ്ടു. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ആരാഞ്ഞ മഹാരാജാവിനോട് സമീപത്തുള്ള പടുകൂറ്റന്‍ പ്ലാവിന്റെ പൊത്തിനുള്ളില്‍ കയറിക്കൊള്ളാന്‍ ബാലന്‍ പറഞ്ഞു. രാജാവ് പൊത്തിനുള്ളില്‍ കയറി ഒളിച്ചതിന് പിന്നാലെ അവിടെയെത്തിയ പിള്ളമാര്‍ക്ക് ബാലന്‍ എതിര്‍ദിശ കാട്ടിക്കൊടുത്തു. അങ്ങനെ മഹാരാജാവ് രക്ഷപ്പെട്ടു.

അമ്മച്ചിപ്ലാവ് – സംരക്ഷിത സ്മാരകം

മഹാരാജാവിന് സ്വപ്‌നദര്‍ശനം

ഏറെ നാൾ കഴിഞ്ഞ് ഒരു ദിവസം രാത്രി ഉറക്കത്തില്‍ മഹാരാജാവിന് സ്വപ്‌നദര്‍ശനമുണ്ടായി. അന്ന് തന്നെ രക്ഷിച്ച ബാലന്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ തന്നെയായിരുന്നുവെന്നും ബാലനെ കണ്ട സ്ഥലത്ത് ക്ഷേത്രം പണി കഴിപ്പിക്കണം എന്നുമായിരുന്നു ആ ദര്‍ശനം. അതനുസരിച്ച് നിര്‍മ്മിച്ച ക്ഷേത്രമാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനടുത്ത് അന്ന് മഹാരാജാവിന് ശരണം നല്‍കിയ പ്‌ളാവിന് അമ്മച്ചിപ്‌ളാവ് എന്ന് മഹാരാജാവ് തന്നെ ഭക്ത്യാദരപൂര്‍വം നാമകരണം ചെയ്തതായും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് വടക്കു പടിഞ്ഞാറേ കോണിലാണ് അമ്മച്ചിപ്ലാവ്. ഈ സ്ഥലം സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കാലത്തെ നാലുകെട്ട് പൊളിച്ച് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ച വഴിപ്പടിക്കൊട്ടാരം (കോയിക്കല്‍ കൊട്ടാരം) ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് പ്രത്യേകം മതില്‍ക്കെട്ടിന്നുള്ളിൽ സ്ഥിതി ചെയ്യുന്നു.

ക്ഷേത്രവും അമ്മച്ചിപ്ലാവും – പഴയ ചിത്രം

ഹോമ ഗണപതിവിഗ്രഹം ഉപദേവാലയത്തിൽ

നെയ്യാറ്റിന്‍കരയിലെ ഉപ്പരിക്ക (ഉപരിക) മാളികയില്‍ ഉണ്ടായിരുന്ന ഹോമ ഗണപതിവിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് അമ്മച്ചിപ്‌ളാവിന് ചുവട്ടിൽ ആയിരുന്നുവത്രെ. പിന്നീടാണ് ഉപദേവാലയത്തിലേക്ക് മാറ്റിയത്. അന്നൊക്കെ ആദ്യമായി കായ്ക്കുന്ന ചക്ക ഉണ്ണിക്കണ്ണന് നിവേദിച്ച ശേഷം രാജകൊട്ടാരത്തില്‍ എത്തിക്കുക പതിവായിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. ക്ഷേത്ര ബലിക്കല്ലിന് സമീപം ചിത്തിര തിരുനാള്‍ മഹാരാജാവിനോടുള്ള ആദര സൂചകമായി 1991 ലെ വിഷുദിനത്തില്‍ സ്ഥാപിച്ച കെടാവിളക്ക് കാണാം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കിഴക്കുമാറി തെക്കോട്ട് ഒഴുകുന്ന നെയ്യാറില്‍ ക്ഷേത്രത്തിന് പ്രത്യേകമായി കുളിക്കടവ് കെട്ടിയിരിക്കുന്നു. അതിനാല്‍ ഇവിടെ ക്ഷേത്രക്കുളമില്ല. ക്ഷേത്രത്തിന് മുന്നിലുള്ള ഗോപുരവും ഗീതോപദേശ ശില്പവും 1972–ല്‍ ചിത്തിര തിരുനാള്‍ മാഹാരാജാവിന്റെ ഷഷ്ടി പൂര്‍ത്തി സ്മാരകമാണ്. ആനക്കൊട്ടില്‍, ഗോപുരം വരെ നീളുന്ന നടപ്പന്തല്‍, സദ്യാലയം, എന്നിവയും ക്ഷേത്രത്തോട് ചേർന്നുണ്ട്. ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയായി നദിയുടെ മറുകരയിൽ രാമേശ്വരം ശിവക്ഷേത്രവുമുണ്ട്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ ഈ ക്ഷേത്രത്തിലും ദർശനം നടത്താറുണ്ട്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Religious, Mythological Significance and Festivals of Neyyattinkara Sree Krishna Swamy temple

error: Content is protected !!