നെയ് വിളക്ക് കൊളുത്തി ലക്ഷ്മിയെ പൂജിച്ചാൽ ധനസമൃദ്ധി
നിത്യ പ്രാർത്ഥനയ്ക്ക് വിളക്ക് കൊളുത്താൻ പറ്റിയ എണ്ണ ഏതാണെന്ന് പലരും ചോദിക്കാറുണ്ട്. വിളക്കിൽ നെയ് ഒഴിച്ച് മന്ത്രം ജപിക്കാൻ പറയുന്നതിന്റെ കാരണവും ആരായാറുണ്ട്. സ്വന്തം പൂജാമുറിയിൽ മാത്രമല്ല ക്ഷേത്രങ്ങളിലും വിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ നെയ്യും എള്ളെണ്ണയും വെളിച്ചെണ്ണയും ഉത്തമമാണ്. ദേവതകളുമായുള്ള ബന്ധം കാരണം ഓരോ എണ്ണയ്ക്കും ഒരോ ഫലങ്ങളാണുള്ളത്. ഉദാഹരണത്തിന് ശാസ്താ പ്രീതി ലഭിക്കുന്നതിന് എള്ളെണ്ണയാണ് ഉത്തമം. എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കൊളുത്തുകയും നീരാജനം കത്തിക്കുകയും ചെയ്താൽ അതിവേഗം ധർമ്മശാസ്താവും ശനീശ്വരനും പ്രസാദിക്കും. പൊതുവേ ശൈവ പ്രീതികരമാണ് എള്ളെണ്ണ. എന്നാൽ വൈഷ്ണവ ദേവതകൾക്ക് പ്രിയം നെയ്യാണ്. ശിവശക്തി ബന്ധമുള്ളതിനാലാണ് ശാസ്താവിന് എള്ളു തിരി കൊളുത്തുന്നതും നെയ്യഭിഷേകം നടത്തുന്നതും ഒരുപോലെ പ്രിയങ്കരമായത്. സർവ്വ ഐശ്വര്യ ഭാവമായ ലക്ഷ്മീദേവിയുടെ പ്രത്യക്ഷ അവതാരങ്ങളായാണ് പശുക്കളെ കാണുന്നത്. ഗോമാതാവ് എന്ന പദം തന്നെ പശുവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പാലിൽ നിന്നുണ്ടാകുന്നതിനാൽ നെയ്ക്ക് കൂടുതൽ ചൈതന്യവും ലക്ഷ്മീ ബന്ധവും കൈവരുന്നു. നെയ് വിളക്ക്കൊളുത്തി വച്ച് ലക്ഷ്മീ ബീജ മന്ത്രമായ
ഓം ശ്രീം നമഃ
ജപിച്ചാലുള്ള ഫലം ധനസമൃദ്ധിയാണ് . സാമ്പത്തിക പ്രയാസങ്ങൾ തരണം ചെയ്യുന്നതിന് ലക്ഷ്മീ ബീജമന്ത്ര ജപം വളരെ നല്ലതാണ്. നല്ലൊരു ആചാര്യന്റെയൊ മന്ത്ര സിദ്ധിയുള്ള പൂജാരിയുടെയൊ മന്ത്രോപദേശം വാങ്ങി ജപിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും.
– പുതുമന മഹേശ്വരൻ നമ്പൂതിരി
മൊബൈൽ: +91 9447020655