Sunday, 24 Nov 2024
AstroG.in

നെയ് വിളക്ക് വച്ച് പ്രാർത്ഥിച്ചാൽ
അതിവേഗം ആഗ്രഹസാഫല്യം

മംഗള ഗൗരി
അതിവേഗം ആഗ്രഹസാഫല്യം നേടാൻ ഉത്തമമായ വഴിപാടാണ് നെയ് വിളക്ക്. ക്ഷേത്രദർശന വേളയിൽ ഏത് മൂർത്തിയുടെ മുന്നിലും നെയ് വിളക്ക് തെളിച്ച് പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും അതിവേഗം ലഭിക്കും. സുഖവും ഭാഗ്യവും സമൃദ്ധിയും കൈവരിക്കാൻ ക്ഷേത്രത്തിൽ മാത്രമല്ല ഗൃഹത്തിലെ പൂജാമുറിയിലും സാമ്പത്തിക ശേഷി അനുവദിക്കുമെങ്കിൽ നിത്യവും നെയ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് നല്ലതാണ്.

പ്രകൃതിദത്തമായ സസ്യലതാദികൾ കഴിച്ച് ജീവിക്കുന്ന പശുവിന്റെ പാലിൽ നിന്നുണ്ടാക്കുന്ന നെയ് ഒഴിച്ചു തെളിക്കുന്ന നെയ് വിളക്കിനെ സത്വഗുണപ്രധാനമായാണ് കണക്കാക്കുന്നന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം നെയ് വിളക്കിന്റെ സാത്വിക പ്രഭ പ്രസരിക്കുന്നിടത്തു നിന്ന് അശുഭോർജ്ജം അകന്നു പോകും; എന്നു മാത്രമല്ല അവിടേക്ക് സമ്പത്തിന്റെയും അധികാരത്തിന്റെയും മൂർത്തിയായ കുബേരൻ കടന്നു വരികയും ചെയ്യുന്നു. അങ്ങനെ അവിടെ സമ്പത്തും ഭാഗ്യവും സമൃദ്ധിയും അധികാരവും വന്നു നിറയും. ഇതെല്ലാം കാരണമാണ് നെയ് വിളക്കിന് ഇത്രയധികം ദിവ്യത്വവും പ്രാധാന്യവും പ്രസക്തിയും കൈവന്നത്.

നെയ് വിളക്ക് മാത്രമല്ല നെയ്യഭിഷേകം, നെയ്‌ ധാരാളം ചേർത്ത നിവേദ്യങ്ങൾ എന്നിവയും ഈശ്വരപ്രീതിക്ക് ഉത്തമായി കരുതുന്നു. പല ക്ഷേത്രങ്ങളിലും അവിടുത്തെ മൂർത്തികൾക്ക് നെയ്യഭിഷേകം നടത്താറുണ്ടെങ്കിലും ഏറ്റവും പ്രധാനവും പ്രസിദ്ധവും ശബരിമല ശ്രീഅയ്യപ്പന് നടത്തുന്ന നെയ്യഭിഷേകമാണ്. നെയ്‌ കൂടുതൽ ചേർത്ത അപ്പം, അരവണ മുതലായവയാണ് സ്വാമി അയ്യപ്പന്റെ മറ്റ് പ്രധാന പ്രസാദങ്ങൾ. ഇവയിൽ മാത്രമല്ല ശർക്കരപായസം, ഉണ്ണിയപ്പം എന്നിവയിലും നെയ് ചേരും.

ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, സുദർശന ഹോമം എന്നിവയ്ക്ക് ഹോമിക്കുന്ന പ്രധാന ദ്രവ്യങ്ങളിലൊന്ന് പശുവിൻ നെയ് ആണ്. കൂടുതൽ നെയ് ചേർത്ത എല്ലാ വിഭവങ്ങളും കൂടുതൽ സ്വാദിഷ്ടവും ഗുണകരവുമാണ്. നെയ്പ്പായസം, നെയ്‌ച്ചോറ് ഇവയിൽ നെയ് കൂടുതൽ ചേർക്കുന്നു. വിദ്യാർത്ഥികൾക്ക് ബുദ്ധിശക്തി, ഓർമ്മ ശക്തി എന്നിവ വർദ്ധിപ്പിക്കാൻ നെയ് ജപിച്ച സാരസ്വത ഘൃതം സേവിക്കാറുണ്ട്.

നെയ്യഭിഷേകം നടത്തി പ്രാർത്ഥിച്ചാൽ സന്തോഷം നിറഞ്ഞ ജീവിതവും ഗൃഹവും സന്താനഭാഗ്യവും ഉണ്ടാകും എന്നാണ് പരക്കെയുള്ള വിശ്വാസം. ദക്ഷിണ മൂകാംബിക എന്നറിപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഒരു ഔഷധം എന്നാണ് ഈ സാരസ്വതഘൃതത്തെ വിശേഷിപ്പിക്കുന്നത്. സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയാണ് ഇത് തയ്യാറാക്കുന്നത്.

ശിവരാത്രി നാൾ ചില ശിവക്ഷേത്രങ്ങളിൽ വിപുലമായ ഘൃതധാര പതിവാണ്. ആടിയ നെയ് ഭക്തർ ശേഖരിച്ച് ദീർഘനാൾ ഔഷധമായും മറ്റും ഉപയോഗിക്കുന്നു. ശബരിമലയിൽ നിന്നും ലഭിക്കുന്ന ആടിശിഷ്ടം നെയ്യും ഭക്തർ ഇതു പോലെ ദിവ്യമായാണ് സൂക്ഷിച്ച് വച്ച് ഉപയോഗിക്കുക. തളിപ്പറമ്പ് ശിവക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് നെയ്യമൃത്. ശുദ്ധമായ പശുവിൽ നെയ് ചെറിയ മൺകുടത്തിൽ നിറച്ച് വായ് മൂടിക്കെട്ടി ക്ഷേത്ര നടയിൽ വയ്ക്കുന്നു. അഭിഷേകത്തിനും വിളക്കിനും ഇത് ഉപയോഗിക്കും.

തുലാ സംക്രമത്തിന് ചെങ്ങന്നൂരമ്മയ്ക്ക് നടത്തുന്ന നെയ് അഭിഷേകം പ്രസിദ്ധമാണ്. ഇവിടെ മഹാദേവന് നടത്തുന്ന നെയ് അഭിഷേകം നെയ്യാട്ട് എന്ന പേരിൽ അറിയപ്പെടുന്നു. ആറാട്ടുപുഴ ശാസ്താ ക്ഷേത്രത്തിൽ വർഷം തോറും കുംഭ മാസത്തിൽ വിദ്യാ സാരസ്വതാർച്ചന നടത്തിയ ശേഷം പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്കും മത്സര പരീക്ഷകൾക്ക് തയ്യറെടുക്കുന്നവർക്കും കലാ പ്രവർത്തകർക്കും സാരസ്വതം നെയ്യും തിരുമധുരവും പ്രസാദമായി നൽകാറുണ്ട്.

Story Summary: What are the benefits of lighting a ghee lamp at home


error: Content is protected !!