Friday, 20 Sep 2024
AstroG.in

നെറ്റിയിൽ കുങ്കുമം തൊട്ടാൽ ദു:ഖവും
മാനസിക ബുദ്ധിമുട്ടുകളും ഒഴിയും

വേദാഗ്നി അരുൺ സൂര്യഗായത്രി

ദേവീ ഉപാസകരെല്ലാം അണിയുന്ന പ്രസാദമാണ് കുങ്കുമം. ജഗദംബികയുടെ അനുഗ്രഹമായ കുങ്കുമം നെറ്റിയിൽ തൊടുന്നവർക്ക് ദു:ഖവും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നാണ് വിശ്വാസം. കുങ്കുമം അണിയുന്നതിന് പ്രത്യേക വിധി തന്നെയുണ്ട്. പുരികങ്ങള്‍ക്ക് മദ്ധ്യേ വൃത്തത്തിൽ നടുവിരൽ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. ബിന്ദുരൂപത്തില്‍ സ്ഥിതി ചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു കുങ്കുമം. ഭ്രുമദ്ധ്യത്തിലെ കുങ്കുമ സാന്നിദ്ധ്യം അത് അണിയുന്നവർക്ക് ഒരു പ്രത്യേക ഊർജ്ജം തന്നെ സമ്മാനിക്കുമെന്ന് കരുതുന്നു. മാത്രമല്ല മുഖശ്രീ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. മറ്റുള്ളവരുടെ തീക്ഷ്ണ നോട്ടത്താലുണ്ടാകുന്ന ദൃഷ്ടിദോഷം ബാധിക്കാതിരിക്കാന്‍ ദേവിസ്വരൂപമായ കുങ്കുമത്തിന്റെ നെറ്റിയിലെ സാന്നിദ്ധ്യം പ്രയോജനപ്പെടും.

ത്രികോണം, ചതുരം, ബിന്ദു തുടങ്ങി പല ആകൃതിയിൽ കുങ്കുമം തൊടാറുണ്ട്‌. കുങ്കുമം ചന്ദനക്കുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായയുടെ പ്രതീകമാണ്. ഭസ്മകുറി ചേര്‍ത്ത് തൊട്ടാൽ ശിവശക്ത്യാത്മകമാകുന്നു. മൂന്നും കൂടി ചേർത്ത് തൊടുന്നത് ത്രിപുര സുന്ദരി പ്രതീകമാണ്. ദേവി മാത്രമല്ല ഹനുമാൻ, ഗണപതി എന്നീ മൂർത്തികളും കുങ്കുമപ്രിയരാണ്.

മഞ്ഞൾപ്പൊടി, മുക്കുറ്റി തുടങ്ങിയവയുടെ ആയൂർവേദ കൂട്ടാണ് കുങ്കുമം. ഇത്തരത്തിലുള്ള മഞ്ഞൾ കുങ്കുമം വേണം അണിയാൻ. ചുവപ്പ് അതുമായി ബന്ധപ്പെട്ട വർണ്ണം ആയതിനാലാണ് പ്രാധാന്യമെങ്കിലും ഹോളി ആഘോഷങ്ങളിലും മറ്റും വിവിധ വർണ്ണങ്ങളിൽ കുങ്കുമം ഉപയോഗിക്കപ്പെടുന്നു.

ചേർത്തല കാർത്യായനീ ക്ഷേത്രത്തിൽ ദേവി കന്യകാ ഭാവത്തിലായതിനാൽ അവിടെ കുങ്കുമം സ്വീകരിക്കാറില്ല. പകരം മഞ്ഞളാണ് സമർപ്പണത്തിന് ഉപയോഗിക്കുന്നത്. ചുവന്ന പുഷ്പങ്ങളും, ഉടയാടകളും ഉപയോഗിക്കില്ല എന്നതും അവിടുത്തെ പ്രത്യേകതയാണ്.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം, +91 9447384985

( ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രം, തിരുവനന്തപുരം,
ചേർത്തല കാർത്യായനി ക്ഷേത്രം, കൊറ്റംകുളങ്ങര മഹാക്ഷേത്രം തുടങ്ങിയ പ്രസിദ്ധ സന്നിധികളിൽ മേൽശാന്തിയായിരുന്നു ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി )

Story Summary: Kukumama Thilakam for Blessing of Devi

error: Content is protected !!