Sunday, 29 Sep 2024
AstroG.in

പഞ്ചാരിയുടെ നാദലയത്തില്‍ ഉത്സവബലി; മുപ്പത്തി മുക്കോടി ദേവകളുടെ അനുഗ്രഹം

ബാലകൃഷ്ണൻ ഗുരുവായൂർ

ഗുരുവായൂര്‍ ക്ഷേത്രമതില്‍ക്കം സദാ ദേവമേളത്താല്‍ മുഖരിതമാണിപ്പോൾ. ഉത്സവം തുടങ്ങിയാല്‍ എട്ടാം ഉത്സവം വരെ ഇതാണ് പതിവ്. കണ്ണിന് ആനന്ദം പകരുന്ന ഗുരുവായൂരപ്പന്റെ കാഴ്ചശീവേലിക്ക് മുമ്പില്‍ നൂറോളം വാദ്യക്കാരാണ് പഞ്ചാരിമേളം കൊട്ടിത്തകര്‍ക്കുന്നത്. എഴുന്നള്ളിപ്പിന് മുന്നില്‍ 3 നേരമാണ് ദേവമേളത്തിന്റെ മാസ്മരിക അകമ്പടി. എട്ടാം ഉത്സവം വരെ ക്ഷേത്രത്തിൽ കാഴ്ചശീവേലി മേളത്തോടെ നടക്കും.

രാവിലെ ഏഴിന് തുടങ്ങിയാല്‍ പത്തുവരെയും ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ചാല്‍ വൈകിട്ട് ആറുവരെയും രാത്രി 12 മുതല്‍ ഒരു മണിവരെയും പൊടിപാറുന്ന മേളമാണ്
ഗുരുവായൂരിൽ. പഞ്ചാരി മാത്രമേ ഗുരുവായൂര്‍ അമ്പല മതില്‍ക്കകത്ത് പാടുള്ളൂ. രാവിലെ ഒറ്റക്കോല്‍ പഞ്ചാരി, ഉച്ചതിരിഞ്ഞ് ചെമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, ധ്രുവം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും. അമ്പതോളം ചെണ്ട, ഇരുപതോളം കൊമ്പ്, പത്തോളം കുഴല്‍, മുപ്പത് താളം എന്നിവയടങ്ങുന്ന വന്‍മേളം – ഇതാണ് പതിവ്.

പള്ളിവേട്ട ദിവസം രാവിലെ ക്ഷേത്രമതില്‍ക്കകത്താണ് എഴുന്നള്ളിപ്പെങ്കില്‍ വൈകിട്ട് മതില്‍ക്കെട്ട് വിട്ട് പുറത്തേക്ക് എഴുന്നള്ളിക്കും. പുറത്ത് പാണ്ടിമേളമാണ്. ആറാട്ടുദിവസം തീര്‍ത്ഥക്കുളം പ്രദക്ഷിണത്തിന് പഞ്ചവാദ്യവും മേളവും നടക്കുന്നു. രാജകീയ ചിഹ്നങ്ങളോടെയാണ് ഭഗവാന്‍ ക്ഷേത്രപ്രദക്ഷിണം നടത്തുന്നത്. ഉത്സവകാലത്ത് മാത്രമേ ഈ ചടങ്ങുള്ളൂ.

ഏറ്റവും മുന്നില്‍ രണ്ട് തഴയും അതിനുമുന്നില്‍ 16 കൊടിക്കൂറയും തൊട്ടടുത്ത് രണ്ട് സൂര്യമറയും, താളത്തിനനുസരിച്ച് താഴെ കറങ്ങിക്കൊണ്ടിരിക്കും. സൂര്യമറയുടെ ഒന്നിന്റെ ഒരുഭാഗത്ത് ഗരുഡനും ശ്രീചക്രവുമാണ്. രണ്ടാമത്തേതിന്റെ ഒരു ഭാഗത്ത് ഹനുമാനും ശംഖുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എഴന്നള്ളിപ്പിനു മുന്നില്‍ അതിഗംഭീരമായ പഞ്ചാരിമേളം. പഞ്ചാരിയില്‍ കുലുങ്ങാത്ത തലകളുണ്ടാവില്ല.

പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ചാണ് മേളം ഒരുക്കുന്നത്. കാഴ്ചശീവേലിക്കു ശേഷം ഗുരുവായൂരപ്പന് പാലഭിഷേകവും പന്തീരടിയും നടക്കുന്നു. ശ്രീഭൂതബലിക്ക് ക്ഷേത്രത്തിനകത്ത് തെക്കെ തിരുമുറ്റത്ത് പ്രത്യേകമായി അലങ്കരിച്ച സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തില്‍ ഭഗവാന്റെ ശീവേലിത്തിടമ്പ് എഴുന്നെള്ളിച്ച് വയ്ക്കും. ഈ സമയം തെക്കുവശത്ത് സപ്തമാതൃക്കളുടെ ബലിക്കല്ലുകളില്‍ ഹവിസ്‌ തൂകും. ഈ അവസരത്തില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങളും ഗുരുവായൂരപ്പനെ ആരാധിക്കാൻ
ഭൂലോക വൈകുണ്ഠത്ത് എത്തുന്നു എന്നാണ് സങ്കല്‍പം. അതിനാൽ എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹം ഈ സമയത്തെ ദർശത്തിൽ ലഭിക്കും. അതുകൊണ്ടു തന്നെ ഉത്സവബലി തൊഴാൻ ഭക്തരുടെ വൻ തിരക്ക് അപ്പോൾ അനുഭവപ്പെടാറുണ്ട്.

വൈകിട്ട് പതിവിലും മുൻപ് ശ്രീഭൂതബലി വടക്കേ നടയിലാണ് എഴുന്നെള്ളിച്ച് വയ്ക്കുക. വിളക്കിന്റെ ആചാരം അനുസരിച്ച് പാണി പ്രദക്ഷിണത്തോടെയാണ് ശ്രീഭൂത ബലി എഴുന്നെള്ളിച്ച് വയ്ക്കുന്നത്. ഇതിനു മുന്നില്‍ തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കുന്നു. തുടര്‍ന്ന് പാണി പ്രദക്ഷിണം. അതിന് ശേഷം വിളക്കിന് എഴുന്നെള്ളിക്കുന്നു. സാധാരണ ദിവസങ്ങിലെ പ്രധാന ചടങ്ങായ ‘തൃപ്പുക’ ഉത്സവകാലത്ത് പതിവില്ല. പതിവിലും നേരം വൈകിയാണ് എഴുന്നെള്ളിപ്പ് അവസാനിക്കുക. ഉത്സവം കഴിയുന്നതുവരെ, പള്ളിവേട്ട ആറാട്ട് ഒഴികെ ഈ ചടങ്ങ് നടക്കുന്നു.

ബാലകൃഷ്ണൻ ഗുരുവായൂർ, 91 95 62955403

Story Summary: Guruvayoor Festival: Significance of Kazhchasheeveli

error: Content is protected !!