Monday, 23 Sep 2024
AstroG.in

പതിനെട്ടുപടികളെ സാക്ഷിയാക്കി ആലങ്ങാട് യോഗത്തിന്റെ കര്‍പ്പൂര താലം

കര്‍പ്പൂര ദീപ്രപഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കര്‍പ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവര്‍ ഭക്തിയുടെ നെറുകയില്‍ ചുവടുകള്‍ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന തിടമ്പും ചാര്‍ത്തിയാണ് കര്‍പ്പൂര താലം എഴുന്നുള്ളത്ത് നടത്തിയത്. ശുഭവസ്ത്രം ധരിച്ച് വാലിട്ട് കണ്ണെഴുതി, കര്‍പ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങള്‍ ശീവേലിയില്‍ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കല്‍ എത്തിയശേഷം, പടികള്‍ കഴുകി അവയില്‍ കര്‍പ്പൂരപൂജയും ആരാധനയും നടത്തി. തുടര്‍ന്ന് അയ്യപ്പദര്‍ശനത്തനുശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി.

ജനുവരി രണ്ടിന് ആലുവ മണപ്പുറം മഹാദേവക്ഷേത്രത്തില്‍ രഥഘോഷയാത്രയോടെ പുറപ്പെട്ട യോഗക്കാര്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, 11 ന് എരുമേലി പേട്ടതുള്ളലും, 13ന് പമ്പവിളക്കും നടത്തിയ ശേഷമാണ് സന്നിധാനത്ത് എത്തിയത്. 19 ന്മാളികപ്പുറത്തെ ഗുരുതി കണ്ട് തൊഴുത് ഉപചാരം പറഞ്ഞാണ് പടിയിറക്കം. യോഗപെരിയോന്‍ അമ്പാട് എ കെ വിജയകുമാര്‍ യോഗപ്രതിനിധികളായ രാജേഷ് പുറയാറ്റിക്കളരി, ഗിരീഷ്.കെ.നായര്‍, ഷാജി മുത്തേടന്‍, വെളിച്ചപ്പാടുകളായ ആഴകം ജയന്‍, ദേവദാസ് കുറ്റിപ്പുഴ, വേണു കാമ്പള്ളി, അയ്യപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് എത്തിയത്.

error: Content is protected !!