Tuesday, 1 Oct 2024
AstroG.in

പത്താമുദയത്തിന് ഈ നക്ഷത്രക്കാർ സർപ്പപ്രീതിക്ക് വഴിപാട് നടത്തണം

അനില്‍ വെളിച്ചപ്പാട്

എന്ത് കർമ്മം തുടങ്ങിയാലും ശുഭകരമാകുമെന്ന് വിശ്വസിക്കുന്ന പുണ്യ ദിനമാണ് സൂര്യൻ അത്യുച്ചത്തിൽ എത്തുന്ന പത്താമുദയം. വിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പുലരിയുടെ പത്താം നാളായ മേടപ്പത്ത് സൂര്യപ്രീതികരവുമാണ്. കൃഷി, ഗൃഹം, വ്യാപാരം, വ്യവസായം തുടങ്ങിയവ സംബന്ധിച്ച എല്ലാ ശുഭ കര്‍മ്മങ്ങള്‍ക്കും ഏറ്റവും ഉത്തമമായി പൊതുവേ കണക്കാക്കപ്പെടുന്ന മേടപ്പത്ത് 2021 ഏപ്രിൽ 23 വെള്ളിയാഴ്ചയാണ്. ഇക്കുറി പത്താമുദയം മകം നക്ഷത്രത്തിലാ ണെങ്കിലും രാവിലെ 7:41:31 സെക്കന്റ് വരെ മാത്രമേ മകം നക്ഷത്രമുള്ളൂ. തുടർന്ന് പൂരം നക്ഷത്രമാണ്. പൂരം നക്ഷത്രം ശുഭകർമ്മങ്ങൾക്ക് നല്ലതല്ല. എന്തെങ്കിലും ശുഭകർമ്മങ്ങൾ അന്ന് അത്യാവശ്യമാണെങ്കിൽ ജ്യോതിഷാചാര്യന്റെ ഉപദേശാനുസരണം അന്ന് അഭിജിത്ത് മുഹൂർത്തം എടുക്കണം. ഉച്ചയ്ക്ക് 12:33 മുതൽ 12:45 വരെയാണ് അഭിജിത്ത് മുഹൂർത്തം. മദ്ധ്യാഹ്നം 12 മണി 47 മിനിട്ടിന് ഒരു ശുഭകർമ്മവും പാടില്ല.

മേടം 10 ന് പുലര്‍ച്ചെ സൂര്യോദയം തുടങ്ങി ആറാം നാഴിക മുതല്‍ (2 മണിക്കൂര്‍ 24 മിനിറ്റ്) ഒന്നര മണിക്കൂര്‍ വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കുന്നതിനാലാണ് പൊതുവേ ഈ സമയം നിർമ്മാണ സംബന്ധമായ മുഹൂര്‍ത്തങ്ങള്‍ക്ക് ശുഭപ്രദമാകുന്നത്. പക്ഷേ അതിന് രാശി പ്രകാരമുള്ള മുഹൂര്‍ത്തം നോക്കണം. ഭരണി, തിരുവാതിര, ആയില്യം, പൂരം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി എന്നീ ഏഴ് നക്ഷത്രങ്ങളിൽ പത്താമുദയം വന്നാൽ യാതൊരു ശുഭകർമ്മങ്ങളും പാടില്ല എന്നാണ് പ്രമാണം .

എന്നാൽ പത്താമുദയം സര്‍പ്പപ്രീതി കര്‍മ്മങ്ങള്‍ക്ക് ശ്രേഷ്ഠമാണ്. മിക്ക സര്‍പ്പകാവുകളിലും ആയില്യത്തിനോ അല്ലെങ്കില്‍ പത്താമുദയത്തിനോ സര്‍പ്പങ്ങള്‍ക്ക് അഭിഷേകവും പൂജാദികര്‍മ്മങ്ങളും ‘തളിച്ചുകുട’ പോലുള്ള കര്‍മ്മങ്ങളും നടത്തുന്നു. പത്താമുദയം ഉത്തമസര്‍പ്പങ്ങള്‍ക്ക് പൂജാദികര്‍മ്മങ്ങളും വഴിപാടുകളും ചെയ്യാന്‍ പറ്റിയ ദിവസമാണ്. മേടപ്പത്ത് മുതല്‍ ഇടവപ്പത്ത് വരെ തെയ്യങ്ങളുടെ കാലം കൂടിയാണ്.

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരും ഇപ്പോള്‍ രാഹുവിന്റെ ദശയോ അപഹാരമോ ഛിദ്രകാലമോ വരുന്നവരും, രാഹു ചാരവശാല്‍ ഏറ്റവും ദോഷകരമായി നില്‍ക്കുന്ന ഇടവക്കൂറിൽ ഉൾപ്പെട്ട കാര്‍ത്തിക നക്ഷത്രക്കാരും രോഹിണി, മകയിരം, പുണര്‍തം, പൂയം, ആയില്യം, കന്നിക്കൂറിലെ ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ധനുക്കൂറിലെ ഉത്രാടം, കുംഭക്കൂറിലെ അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാരും പത്താമുദയ ദിവസം കഴിവിനൊത്ത വിധം സര്‍പ്പങ്ങളെ ആരാധിക്കണം.

മേടത്തിൽ ജനിച്ചവർക്ക് സൂര്യന്‍ ഉച്ചരാശിയില്‍ നില്‍ക്കുന്നതിന്റെ ഗുണങ്ങള്‍ ലഭിക്കും. മേടത്തില്‍ ഒന്നിനും പത്തിനുമിടയില്‍ ജനിക്കുന്നവര്‍ക്കാകട്ടെ അതിനുമപ്പുറം സൂര്യന്‍ പരമോച്ചത്തില്‍ നില്‍ക്കുന്നതിന്റെ അതിവിശിഷ്ടമായ ഗുണങ്ങള്‍ കിട്ടും.

പത്താമുദയത്തിന് പുലര്‍ച്ചെ കുളിച്ച് ശുദ്ധമായി നെയ് വിളക്ക് കൊളുത്തി സൂര്യന്റെ ശാന്തിമന്ത്രവും തുടര്‍ന്ന് സൗന്ദര്യലഹരിയിലെ സര്‍പ്പദോഷ ശാന്തിമന്ത്രവും ജപിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനവും രുദ്രസൂക്താര്‍ച്ചനയും രുദ്രസൂക്തമന്ത്ര സഹിതം അഭിഷേകം നടത്തിയ അഭിഷേകജലം കൃഷിസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ഗൃഹത്തിലും തളിക്കുന്നതും ശ്രേയസ്‌കരമാണ്. ഉപയോഗിക്കുന്ന വാഹനങ്ങള്‍ പത്താമുദയ ദിവസം പൂജിച്ചുവാങ്ങുന്ന ആചാരവും ചില സ്ഥലങ്ങളിലുണ്ട്. പത്താമുദയത്തില്‍ സര്‍വ്വൈശ്വര്യം ലഭിക്കാന്‍ ശിവക്ഷേത്രത്തിലും സര്‍പ്പക്ഷേത്രത്തിലും ഇഷ്ടവഴിപാടുകള്‍ നടത്തുന്നതും വീടുകളിൽ ആദിത്യപ്രീതിക്ക് പൊങ്കാലയിടുന്നതും ഉത്തമമാണ്. നിത്യപൂജയില്ലാത്ത കാവുകളില്‍ പത്താമുദയത്തിന് അഭിഷേകവും പൂജാ കര്‍മ്മങ്ങളും ചെയ്യുന്നത് ദേശത്തിനും ഐശ്വര്യം നല്‍കും. ശിവക്ഷേത്രദര്‍ശനവും രുദ്രസൂക്താര്‍ച്ചനയും നടത്തുന്നവര്‍ക്കും നാടിനും ശ്രേയസ്‌കരമാണ്. ഈ ദിവസം കഴിയുന്നത്ര ഗായത്രി മന്ത്രവും സർപ്പദോഷ ശാന്തി മന്ത്രവും ജപിക്കുന്നത് നല്ലതാണ്.

സൂര്യശാന്തിമന്ത്രം
ഓം ആസത്യേന രജസാ വര്‍ത്തമാനോ
നിവേശയന്നമൃതം മര്‍ത്ത്യഞ്ച.
ഹിരണ്യയേന സവിതാ രഥേനാ
ദേവോയാതി ഭുവനാ വിപശ്യന്‍
അഗ്‌നിം ദൂതം വൃണീമഹേ ഹോതാരം
വിശ്വവേദസം അസ്യ യജ്ഞസ്യ സുക്രതും.
യേഷാമീശേ പശുപതി: പശൂനാം
ചതുഷ്പദാമുത ച ദ്വിപദാം
നിഷ്‌ക്രീതോഅയം യജ്ഞിയം ഭാഗമേതു
രായസ്‌പോഷാ യജമാനസ്യ സന്തു.
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ആദിത്യായ നമ: ശംഭവേ നമ:

ഗായത്രിമന്ത്രം
ഓം ഭുര്‍ ഭുവ:സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധിയോയോന: പ്രചോദയാത്

സര്‍പ്പദോഷശാന്തി മന്ത്രം
ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൗ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ സമയിനാം
സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ കിം.

(കൂടുതൽ മന്ത്രങ്ങൾക്ക് www.uthara.in
എന്ന വെബ്സൈറ്റിൽ തിരയുക. കരുനാഗപ്പള്ളി
ആസ്ഥാനമായുളള ജ്യോതിഷ ഗവേഷണ കേന്ദ്രമാണ് ഉത്തര)

  • അനില്‍ വെളിച്ചപ്പാട്

Story Summary: Benifits of Sarppa Pooja on Pathamudayam

error: Content is protected !!